ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം 100 കോടി കളക്ഷൻ നേടിയിട്ടില്ലെന്ന് പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളി. തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി നേടിയിട്ടില്ലെന്ന് വേണു കുന്നപ്പള്ളി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.
‘മാളികപ്പുറം 100 കോടി കളക്ട് ചെയ്തിരുന്നില്ല. ആകെ 75 കോടി മാത്രമാണ് നേടിയത്. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്തായിരുന്നു 75 കോടി. എന്നാൽ, 2018- ചിത്രത്തിന്റെ 200 കോടി പോസ്റ്റർ സത്യമായിരുന്നു. ആ ചിത്രം തിയേറ്ററിൽ നിന്നും 170 കോടിയോളം ആ ചിത്രം കളക്ട് ചെയ്തിരുന്നു. ബാക്കി ഒടിടി, സാറ്റ്‌ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് നേടി.’- വേണു കുന്നപ്പിള്ളി പറഞ്ഞു.
‘മാളികപ്പുറം പോലെ തന്നെ തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നില്ല. സിനിമയുടെ കളക്ഷൻ താഴോട്ട് പോയപ്പോൾ ഉണ്ടായ അബദ്ധമായിരുന്നു. ജീവിതത്തിൽ പല തരത്തിലെ മണ്ടത്തരങ്ങൾ പറ്റും. എന്റെയടുത്ത് പല ആളുകളും അന്ന് പറഞ്ഞത് ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങൾ കയറുകയുള്ളൂ എന്നായിരുന്നു. സിനിമ തിയേറ്ററിൽ വന്ന ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷൻ ഉണ്ടായിരുന്നു. പിന്നീട്, താഴോട്ട് പോയപ്പോഴാണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റർ എഴുതാം എന്നൊക്കെ ചിലർ പറഞ്ഞത്.’- വേണു കുന്നപ്പിള്ളി വ്യക്തമാക്കി.