യാത്ര... വീണ്ടും ഒരു യാത്ര കൂടി...
അനന്തമായി നീളുന്ന യാത്ര..
അമ്മയുടെ ഗർഭഗൃഹത്തിൽനിന്നും
പൊക്കിൾകൊടിയിലൂടെ ആദ്യ യാത്ര..
അതവസാനിച്ചത് ഒരു കരച്ചിലൂടെയും...
ഇന്നും തുടരുന്ന കരച്ചിൽ..
ആരുമറിയാതെ മനസ്സിൽ തിങ്ങി വിങ്ങി നിൽക്കുന്ന കരച്ചിൽ..
കണ്ണുകളിൽകൂടി ഒഴുകാതെ പിടിച്ചുനിർത്തുന്ന
അഴകുള്ള കൺപീലികൾ..
സ്വല്പം അകത്തോട്ടു വളഞ്ഞു തിങ്ങി നിൽക്കുന്ന
പീലികൾക്ക് എത്ര കരച്ചിൽ കഥകൾ
പറയാനുണ്ടാവും..
ഹൃദയത്തിന്റെ വിങ്ങ്ങലുകൾ മനസ്സിന്റെ നോവുകളായി
പെയ്തിറങ്ങുമ്പോൾ..
തൂലിക അറിയാതെ ചലിക്കുന്നു..
ആശുപത്രിയുടെ മനം
മടുപ്പിക്കുന്ന ഗന്ധത്തിൽ നിന്നും
വീട്ടിലേക്കു കാറിൽ
പിന്നീടുള്ള യാത്ര പക്ഷെ നിറഞ്ഞ സന്തോഷവും ആകാംക്ഷയും തുടിക്കുന്നതായിരുന്നു..
നിറഞ്ഞ സ്നേഹവും വാത്സല്യവുമായി കുഞ്ഞിനെ കാത്തിരിക്കുന്ന
ബന്ധുക്കൾ...
പിന്നെയും യാത്ര പോയി..
ആശുപത്രിയിലെ മാലാഖമാരുടെ കയ്യിൽ നിന്നും കുത്തു കൊള്ളാൻ..
അന്നവരോട് പിണക്കം തോന്നിയെങ്കിലും
വളർന്നപ്പോൾ മനസ്സിലായി, അസുഖങ്ങൾ വരാതിരിക്കുവാനുള്ള
കരുതലുകളായിരുന്നു
അതൊക്കെയെന്ന്.
കുഞ്ഞിക്കാലുകൾ വളർന്നപ്പോൾ
തൊടിയിലേക്കും മുറ്റത്തേക്കുമായി കുഞ്ഞു കുഞ്ഞു യാത്രകൾ..
പിന്നീട് കൂട്ടുകാരുടെ
കൂടെ കളിക്കാൻ അയലത്തേക്കും..
ആദ്യമായ് നഴ്സറിയിൽ.. വാനിലുള്ള യാത്ര ആദ്യമൊക്കെ കരച്ചിലൂടെ ആയിരുന്നു..
സ്കൂളവധിക്കു അമ്മവീട്ടിലേക്കുള്ള യാത്ര മറക്കാവതല്ല. അന്ന് ഇതേപോലെ പാലങ്ങളൊന്നുമില്ല.കടത്തുകടക്കാൻ ചങ്ങാടങ്ങളും വള്ളങ്ങളുമായിരുന്നു. കായൽകാറ്റാസ്വദിച്ചു ചങ്ങാടത്തിലുള്ള യാത്രയ്ക്കായി കാത്തിരിക്കുമായിരുന്നു. പിന്നെയോർക്കുന്നത് എറണാകുളത്തുള്ള ബന്ധുക്കളുടെ വീട്ടിലേക്കു പോകാൻ ട്രെയിനിലുള്ള യാത്രയാണ്. സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും കൂട്ടുകാരോടും അധ്യാപകരോടും കൂടിയുള്ള വിനോദയാത്ര ഏറ്റവും രസകരമായിരുന്നു. ഡിഗ്രി ബോട്ടണി ക്ലാസ്സിൽ നിന്നും ഊട്ടിക്കുള്ള പഠനയാത്ര യിലാണ് കൂടെയുള്ള ആണ് സുഹൃത്തുക്കളുടെ കരുതലുകൾ അറിഞ്ഞത്. ശരിക്കും സ്വന്തം സഹോദരന്മാരെ പ്പോലെ തങ്ങൾക്കു ചുറ്റും അവർ ഒരു സംരക്ഷണവലയം തന്നെ സൃഷ്ടിച്ചു. ചെടികൾ തേടി മലകൾ തോറും കയറിയിറങ്ങിയതും ഓരോ പുതിയ ചെടി കാണുമ്പോഴുമുള്ള കൗതുകവുമെല്ലാം നല്ല ഓർമ്മകളാണ്.
കല്യാണം കഴിഞ്ഞു ഭർത്തൃഗൃഹത്തിലേക്കുള്ള യാത്ര.. മിടിക്കുന്ന ഹൃദയവും കണ്ണുകളിൽ സ്വപ്നങ്ങളും ആകാംക്ഷയുമായി തീരെ പരിചിതമല്ലാത്ത ഒരു വീട്ടിലേക്ക്..എല്ലാ കണ്ണുകളും തന്നിലേക്കാണെന്നറിയുമ്പോഴുള്ള ചമ്മലുകൾ.. പിന്നെ വിരുന്നുണ്ണാൻ ബന്ധുമിത്രാദികളുടെ അടുത്തേക്കുള്ള യാത്രകൾ. വീട്ടുപണികളൊക്കെ ധൃതിയിലൊതുക്കി ജോലിസ്ഥലത്തേക്കുള്ള യാത്രകൾ. അതൊക്കെ ഓട്ടപ്പാച്ചിലുകളായിരുന്നു. ട്രെയിനിലും ബസ്സിലുമൊക്കെയായി ഒരുപാട് കൂട്ടുകാരെയും കിട്ടി. ഇന്നും ആ യാത്രകളിലെ സുഹൃത്ബന്ധങ്ങളൊക്കെ പലതും നിലനിൽക്കുന്നു എന്നതാണ് സത്യം. ഗ്രൂപ്പായിട്ടും അല്ലാതെയുമുള്ള വിനോദയാത്രകൾ.. ആദ്യമായി വിമാനത്തിലുള്ള യാത്ര. ചെറിയ ജാലകത്തിലൂടെ നോക്കുമ്പോൾ മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകിനടക്കുന്ന കാഴ്ച ഇന്നും ഹരം പിടിപ്പിക്കുന്നതാണ്. സുഖമില്ലാത്ത ഭർത്താവിനെയും കൊണ്ട് ആശുപത്രികളിലേക്കുള്ള യാത്രകൾ.. ഇപ്പോഴും ആംബുലൻസുകളുടെ സൈറൺ വിളി കേൾക്കുമ്പോൾ നെഞ്ചിനകത്തൊരു കത്തലാണ്. പിന്നീട് പ്രിയപ്പെട്ടവരുടെ മരണവുമായി ആംബുലൻസിൽ വീണ്ടും..
അങ്ങനെ എത്രയെത്ര യാത്രകൾ...
യാത്രകളിങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു..
യാത്രകൾ അവസാനിക്കാൻ നേരമായോ.. അറിയില്ല.. ഈ ഭൂമിയിൽ നിന്നും വേർപെടുമ്പോൾ മറ്റൊരു ലോകത്തേക്ക് ഇനിയും യാത്രയില്ലേ...