Image
Image

യുവതയുടെ ആഘോഷമായി ‘ഡ്രാഗണ്‍’-റിവ്യൂ

Published on 12 March, 2025
യുവതയുടെ ആഘോഷമായി ‘ഡ്രാഗണ്‍’-റിവ്യൂ

യുവതയുടെ തീ പാറുന്ന ആഘോഷം. രണ്ടോ മൂന്നോ വാക്കില്‍ വിശേഷിപ്പിച്ചാല്‍ അതാണ് ഡ്രാഗണ്‍ എന്ന ചിത്രം. പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത 'ഡ്രാഗണ്‍' എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന വിധമൊരുക്കിയ ഒരു കളര്‍ഫുള്‍ ചിത്രമാണ്.

പ്‌ളസ് ടു, എന്‍ജിനീയറിങ്ങ് കാലഘട്ടം എന്നത് ഏതൊരു യുവാവിന്റെയും യുവതിയുടെയും ജീവിതത്തിലെ പഠനം, പ്രണയം, പ്രണയത്തകര്‍ച്ച, അടിപിടി, സപ്‌ളിയെഴുത്ത് അങ്ങനെയങ്ങനെ അനേകം കാര്യങ്ങളിലൂടെയാണ് കടന്നു പോവുക. ഡ്രാഗണിലെ നായകനും അതുപോലെ തന്നെ.

പഠനത്തില്‍ അതിസമര്‍ത്ഥനായ രാഘവന്‍ എന്ന വിദ്യാര്‍ത്ഥിയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. പ്‌ളസ് ടുവിന് 96 ശതമാനം മാര്‍ക്കു വാങ്ങിയാണ് രാഘവന്‍ വിജയിച്ചത്. അതോടൊപ്പം ഏറെ കാലമായി മനസില്‍ സൂക്ഷിക്കുന്ന ഒരു പ്രണയവും രാഘവനുണ്ട്. പഠനത്തില്‍ ഉന്നതവിജയം നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ രാഘവന്‍ തന്റെ പ്രണയിനിയോട് അവളെ ഇഷ്ടമാണെന്ന് തുറന്നു പറയുന്നു. എന്നാല്‍ രാഘവന്റെ എല്ലാ പ്രതീക്ഷകളെയും ഉടച്ചു കളയുന്നതായിരുന്നു അവളുടെ മറുപടി. അവളുടെ സങ്കല്‍പ്പത്തിലെ നായകന് ബാഡ് ബോയ് ഇമേജാണെന്ന സത്യം അയാളറിയുന്നു. പ്രണയം തുറന്നു പറഞ്ഞതിലൂടെ നേരിടേണ്ടി വന്ന നിരാശയും വിഷമവും അയാളുടെ ഉള്ളില്‍ നിറയുന്നുണ്ട്. തുടര്‍ന്ന് എന്‍ഡിനീയറിങ്ങ് കോളേജിലെത്തുന്നരാഘവന്‍ തന്റെ പഠനമികവ് മുഴുവന്‍ കലാലയത്തിന് പുറത്തുപേക്ഷിച്ച് അവിടുത്തെ പ്രധാന റൗഡിയായി മാറുകയാണ്. പഠിക്കാതെ, അടിയും വഴക്കും സ്റ്റണ്ടുമായി രാഘവന്‍ കോളേജിലെ ഒരു ഡോണ്‍ എന്ന നിലയിലേക്ക് മാറുകയാണ്. നന്നായി പഠിക്കുന്ന, ശാന്ത സ്വഭാവമുള്ള, സമര്‍ത്ഥനായ പ്‌ളസ് ടു വിദ്യാര്‍തഥിയില്‍ നിന്നും പഠനത്തില്‍ ഉഴപ്പനായ, എല്ലാ വിഷയങ്ങള്‍ക്കും തോറ്റു തൊപ്പിയിടുന്ന, 42 സപ്‌ളിമെന്റുകള്‍ എഴുതിയെടുക്കാതെ അലമ്പി നടക്കുകയും കോളേജിനെ വിറപ്പിക്കുകയും ചെയ്യുന്ന റൗഡിഡ്രാഗണായുള്ള രാഘവന്റെ പരിണാമ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

രാഘവന്റെ ജീവിതം പിന്നെയും മാറി മറിയുന്നുണ്ട്. ആരോടും വിശ്വസ്തതയില്ലാതെ കാമുകിയെ പോലും കബളിപ്പിച്ച് കഴിയുന്ന ഡ്രാഗന്റെ ജീവിതത്തില്‍ അപ്രതീക്ഷിത പ്രഹരമായിരുന്നു കാമുകിയുടെ പിന്‍വാങ്ങല്‍. തുടര്‍ന്ന് അയാള്‍ തന്റെ പ്രണയം വീണ്ടെടുക്കാന്‍ പായുകയാണ്. ഇതിനായി അയാള്‍ പല തന്ത്രങ്ങളും കുറുക്കുവഴികളും പയറ്റുന്നു. എന്നാല്‍ അതെല്ലാം പിടിക്കപ്പെടുന്നതോടെ രാഘവന്‍ അതില്‍ നിന്നു രക്ഷപെടാന്‍ നടത്തുന്ന ഭഗീരഥ പ്രയത്‌നങ്ങളുമാണ് കഥയുടെ രണ്ടാം പകുതി. വളഞ്ഞ വഴിയിലൂടെ താന്‍ നേടിയെടുത്ത വിജയം മറ്റൊരാളുടെ ജീവിതത്തെയും സ്വപ്നങ്ങളെയും ഹോമിച്ചു കളഞ്ഞതില്‍ നിന്നും ലഭിച്ചതാണെന്ന തിരിച്ചറിവ് അയാളെ പുതിയൊരു മനുഷ്യനാക്കുകയാണ്. തനിക്ക് സംഭവിച്ച എല്ലാ തെറ്റുകളെ കുറിച്ചും അയാള്‍ക്ക് പശ്ചാത്താപം തോന്നുന്നു. യൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ ആറാടിയ അയാള്‍ തെറ്റുകുറ്റങ്ങള്‍ പിന്നിലുപേക്ഷിച്ച് പുതിയ മനുഷ്യനായി മാറുന്നിടത്ത് കഥ അവസാനിക്കുന്നു.

പുതുതലമുറയിലെ കുട്ടികളുടെ ജീവിതവുമായി വളരെ ഇഴചേര്‍ന്നു നില്‍ക്കുന്ന ചിത്രമായതു കൊണ്ടു തന്നെ യൂത്തിന് വേഗത്തില്‍ ചിത്രത്തിന്റെ പള്‍സ് പിടികിട്ടും. കോമഡിയും വൈകാരികതയുമുള്ള ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടും വിധം തന്നയാണ് ഒരുക്കിയിട്ടുളളത്. ആദ്യാവസാനം ഹ്യൂമര്‍ ട്രാക്കിലൂടെ സഞ്ചരിക്കുന്ന ചിത്രത്തില്‍ ട്വിസ്റ്റുകള്‍ക്കും കുറവില്ല. പ്രമേയത്തിന്റെ അവതരണത്തില്‍ ചിലയിടത്ത് പല ചിത്രങ്ങളിലും കണ്ട രംഗങ്ങളുടെ ആവര്‍ത്തനങ്ങള്‍ കടന്നു വരുന്നുണ്ടെങ്കിലും അത് ചിത്രത്തിന്റെ ടോട്ടാലിറ്റിയെ ബാധിക്കുന്നില്ല. മാത്രവുമല്ല, യുവജനങ്ങള്‍ക്ക് വഴികാട്ടിയാകുന്ന നല്ലൊരുസന്ദേശവും ചിത്രം നല്‍കുന്നുണ്ട്.

രാഘവനായുള്ള പ്രദീപ് രംഗനാഥന്റെ മികച്ച അഭിനയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇടത്തരം തമിഴ് കുടുംബത്തിലെ ചെറുപ്പക്കാരനായി പ്രദീപ് തിളങ്ങിയിട്ടുണ്ട്. കാമുകി കീര്‍ത്തിയായെത്തിയ അനുപമ പരമേശ്വരന്‍ കാമുകിയായും പിന്നീട് അധ്യാപികയായും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. നായകനൊപ്പം തന്നെ സ്‌ക്രീന്‍ സ്‌പേസ് കീര്ത്തിക്കും ലഭിച്ചിട്ടുണ്ട്. മറ്റൊരു നായികയായ കയാദു ലോഹറും മികച്ച അഭിനയം കാവ്ച വച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌ക്കിന്‍, അശ്വത് മാരിമുത്തു, കെ.എസ് രവി കുമാര്‍ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. പ്രദീപിന്റെ അച്ഛനായി എത്തുന്ന ജോര്‍ജ് മാരിയന്‍, അമ്മയായി എത്തുന്ന ഇന്ദുമതി മണികണ്ഠന്‍, സുഹൃത്തായി എത്തുന്ന വി.ജെ സിദ്ധു, കുട്ടി ഡ്രാഗണായി എത്തുന്ന ഹര്‍ഷാദ് ഖാന്‍ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. ലിയോണ്‍ ജെയിംസിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. എല്ലാവരും പാടാന്‍ ഇഷ്ടപ്പെടുന്ന ഗാനങ്ങളാണ് ഇതിലുള്ളത്. ആഘോഷത്തിന്റെ മൂഡിലേക്ക് മാറണമെങ്കില്‍ കണ്ണുമടച്ച് ഡ്രാഗണിന് ടിക്കറ്റെടുക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക