Image

സംഘമിത്രാ കാണ്ഡം - നോവൽ - 13 : പുഷ്പമ്മ ചാണ്ടി , ചെന്നൈ

Published on 12 March, 2025
സംഘമിത്രാ കാണ്ഡം - നോവൽ -  13 : പുഷ്പമ്മ ചാണ്ടി , ചെന്നൈ

രാവിലെ പതിവിലും ഉത്സാഹത്തോടെ സംഘമിത്ര എഴുന്നേറ്റു . സ്കൂളിൽ വേഗം എത്തണം .. ജനനിയുടെ അഭാവം ആർക്കും അനുഭവപ്പെടരുത് . വിശാലക്കയും  വിനോദിനിച്ചേച്ചിയും 
മെഹറുനിഷയും എല്ലാം  ശ്രദ്ധിക്കുന്നുണ്ട് , കൂടെ ആശയും. എന്നാലും തന്റെ  കണ്ണ് എല്ലായിടത്തും വേണം .

തലേന്ന് തോന്നിയ സകല സന്തോഷവും അവിടെ എത്തിയപ്പോൾ ചോർന്നുപോയി .

പാത്തുവിനു വീണ്ടും സുഖമില്ല . കഴിഞ്ഞ തവണ വന്നപോലെ ഓക്കാനിക്കുകയും ഛർദ്ദിക്കുകയും ചെയ്യുന്നു .
ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞിട്ട് മെഹറുനിഷ സമ്മതിക്കുന്നില്ല .

" വേണ്ട സംഘമിത്ര , അസുഖം കുറയും , ഞാൻ ഹോമിയോ മരുന്നു കൊടുത്തു . എത്ര പൈസയാണ് കഴിഞ്ഞ പ്രാവശ്യം ചിലവാക്കിയത് . ഇവളുടെ ബാപ്പക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. ഫോൺ വിളിച്ചിട്ടു   എടുക്കുന്നില്ല.. "

" എന്താ നിങ്ങളീ പറയുന്നത് .
പാത്തു ഇങ്ങനെ ശർദ്ദിച്ചു കിടക്കുമ്പോൾ എങ്ങനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ ... 
ഞാൻ വണ്ടി പിടിക്കാം നമുക്ക് പോകാം.. "

എത്ര നിർബന്ധിച്ചിട്ടും അവർ എഴുന്നേറ്റില്ല . പാത്തുവിന്റെ വയറു മെല്ലെ തിരുമ്മി അവരവിടെത്തന്നെയിരുന്നു . 
ചില സമയം അമ്മമാരെയും , അവരുടെ മനസ്സും നമുക്ക് പിടികിട്ടില്ല . യുക്തിപൂർവ്വമല്ലാത്ത പെരുമാറ്റം . വർഷങ്ങളായി ഈ കുട്ടികളെ നോക്കിയും  അവരോട് ഇടപെട്ടും  പാവങ്ങളുടെ മനസ്സും ചിലപ്പോൾ പതറിപ്പോയിരിക്കും .

ആകാശം നോക്കി .... നക്ഷത്രങ്ങങ്ങളോടും പൂക്കളോടും സല്ലപിച്ചും  മാതാപിതാക്കളോടും  സഹോദരങ്ങളോടും കൊഞ്ചിയും  സ്നേഹിച്ചും  വഴക്കുകൂടിയും നടക്കേണ്ട പ്രായത്തിൽ ഇങ്ങനെ , വീൽച്ചെയറിലും  കട്ടിലിലുമായി കഴിഞ്ഞു കൂടുക..
അതൊന്നും വിശദീകരിക്കുക
ഒട്ടും എളുപ്പമല്ല .

മെഹറുനിഷയുടെ എതിർപ്പ് വകവെക്കാതെ , മിത്ര അവളെ കോരിയെടുത്തു വീൽ ചെയറിലിരുത്തി സ്കൂളിന്റെ വാതിൽക്കൽ കാറിനായി കാത്തിരുന്നു . ദുപ്പട്ടയിൽ കണ്ണുനീരൊപ്പി മെഹറുനിഷയും കൂടെച്ചെന്നു .

വണ്ടി വന്നതും  അതിൽ കയറിയിട്ട് ജനനിയോടും  വിവരം വിളിച്ചു പറഞ്ഞു.

പാത്തുവിനെ പരിശോധിച്ച ഡോക്ടർ കഴിഞ്ഞ പ്രാവശ്യം പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞു ..
"ഭക്ഷ്യവിഷബാധ"

" എല്ലാവരും കഴിക്കുന്നതാണ് ഇവൾക്കും കൊടുത്തത്. 
പിന്നെ ഒരാൾക്ക് മാത്രം എങ്ങനെ വിഷബാധ ഉണ്ടാകും.. "

ഡോക്ടർ സംശയദൃഷ്ടിയോടെ പറഞ്ഞു .
" ആരെങ്കിലും മനഃപൂർവം ചെയ്തതാകാനും സാധ്യത ഇല്ലേ.. ? "

" എന്തിനാ ഡോക്ടറെ ആരെങ്കിലും ഈ കുഞ്ഞിന് വിഷം കൊടുക്കുന്നത്.. ? "

" അത് എനിക്കെങ്ങനെ പറയാൻ സാധിക്കും.. ?
നിങ്ങളുടെ സ്കൂളിൽ നടക്കുന്ന കാര്യങ്ങൾ  നിങ്ങളല്ലേ ശ്രദ്ധിക്കേണ്ടത് .. ഞാൻ ഇത് ഈ പ്രാവശ്യം പോലീസിൽ റിപ്പോർട്ട് ചെയ്യാൻ പോകുന്നു . ഇതിപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണ്.. "

" ഡോക്ടർ പ്ളീസ് പോലീസിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യരുത്..  അത് , ഞങ്ങളുടെ റെപ്പുറ്റേഷനെ  ബാധിക്കും . ഇപ്പോഴത്തെ മീഡിയകളുടെ കാര്യം അറിയാമല്ലോ . ഇല്ലാത്തതു കൂടി അവർ റിപ്പോർട്ട് ചെയ്യും .
കുറച്ചു സമയം തരൂ , ഞാൻ വേണ്ടത് ചെയ്യാം.. "

സീതാലക്ഷ്മി ഡോക്ടറെ ഒരുപാട് വർഷങ്ങളായി പരിചയമുണ്ട് . ഗോഡ്സ് ഹോമിലെ കുട്ടികളെ മിക്കവാറും നോക്കുന്നത് ഡോക്ടറാണ് . 
അതുകൊണ്ടുതന്നെയവർ അതിനു മറുപടി പറഞ്ഞില്ല .

" സംഘമിത്ര ദേർ സീംസ് ടു ബി സംതിങ് റോങ്ങ് ഇൻ  യുവർ കിച്ചൻ..
ബി കെർഫുൾ , ലുക്ക് എറൗണ്ട്.. " അവർ പറഞ്ഞു .

മെഹറുനിഷ പാത്തുവിന്റെ അടുക്കലായിരുന്നതുകൊണ്ടവരതു കേട്ടില്ല .

മിത്ര ആകെ വിഷണ്ണയായി .

പാത്തുവിനെ ഡോക്ടർ വാർഡിലേക്ക് മാറ്റി . ഡ്രിപ്സ് ആരംഭിച്ചു .

എവിടെത്തുടങ്ങണം , എങ്ങനെ തുടങ്ങണം എന്നറിയില്ല .

ജനനിയുമായി ഈ കാര്യം ചർച്ച ചെയ്യണം . 
പാത്തു , തീരെ വയ്യാത്ത കുട്ടിയാണ് . അവൾക്കു ഓട്ടിസം മാത്രമല്ല , ട്യൂബറസ് സ്ക്ലിറോസിസ് കോംപ്ലക്‌സുമുണ്ടു .
(ഒരു അപൂർവ മൾട്ടിസിസ്റ്റം ഓട്ടോസോമൽ ഡോമിനൻ്റ് ജനിതക രോഗമാണ് . ഇത് തലച്ചോറിലും വൃക്കകൾ , ഹൃദയം , കരൾ , കണ്ണുകൾ , ശ്വാസകോശം , ചർമ്മം തുടങ്ങിയ സുപ്രധാന അവയവങ്ങളിലും ക്യാൻസറല്ലാത്ത മുഴകൾ വളരാൻ കാരണമാകുന്നു.)

അവളെ പരിപാലിക്കാൻ വളരെ ബുദ്ധിമുട്ടാണ് . പിതാവും , മൂത്ത സഹോദരനുമുണ്ട്. അവർ ഇടയ്ക്കു വന്നിട്ട് പോകാറുണ്ട് .
എന്താണെന്ന് അറിയില്ല , പെട്ടെന്ന്  പാത്തുവിന്റെ അമ്മ മെഹറുനിഷയെ സംശയം തോന്നി. കുട്ടിവേദനകൾ സഹിക്കുന്നത് കണ്ടുമടുത്ത് , അതിൽ നിന്നും രക്ഷപെടുത്താൻ അവരങ്ങനെ ചെയ്തിരിക്കുമോ ..!

ഛേ .. താൻ എന്താണ് ചിന്തിക്കുന്നത് .
ആ അമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവരെ വിരൽ ചൂണ്ടരുത് .

ഈ കുഞ്ഞിനെ ആരാണ് അപായപ്പെടുത്താൻ നോക്കുന്നത് .

വിവരം ജനനിയുമായി ചർച്ച ചെയ്തപ്പോൾ  ജനനി മൂകയായി . അവരുടെ മനസ്സിലും ഇങ്ങനെ തോന്നിയോ.. ?

" ചേച്ചി നിങ്ങൾക്കും  അങ്ങനെ തോന്നുന്നുവോ ..? "

" അങ്ങനെയല്ല , മനുഷ്യരല്ലേ .. ഇങ്ങനെ ഒരവസ്ഥയിൽ കൂടി കടന്നുപോകുമ്പോൾ പലതും തോന്നും ..
നീ ഇതൊന്നും ആരോടും പറയരുത് .
പ്രത്യേകിച്ച് മെഹ്റുനിഷയോട് . അങ്ങനെ അല്ലെങ്കിൽ അവർ തകർന്നു പോകും . നീ ഒന്ന് ആലോചിച്ചേ , സിത്തുവിന്റെ കാര്യം എന്നോട് ഇതുപോലെ ആരെങ്കിലും പറയുന്നത് .. ?

" നേരാ.. "

"  ഒരു കാര്യം ചെയ്യൂ , അടുക്കള ഒന്ന് ശ്രദ്ധിക്കൂ , എനി ഫൗൾ പ്ലേ.."
ഡോക്ടർ പറഞ്ഞത് തന്നെ ജനനിയും പറയുന്നു .

"കുറച്ചു ദിവസത്തേക്ക് ഞാൻ വീട്ടിൽ പോകുന്നില്ല രാത്രിയിലും അവിടെ താമസിക്കാം.. "

" അതായിരിക്കും നല്ലത്.. " 
ജനനിയും അത് ശരിവെച്ചു .

തിരികെ സ്കൂളിലേക്ക് പോകുമ്പോൾ ഈ അടുത്തയിടെ സിത്തുവിനും  പാത്തുവിനും വന്നത് ഒരുപോലത്തെ രോഗലക്ഷണങ്ങൾ ആണ് .. ആരെങ്കിലും  ...
ആര്... 
എന്തിനാ ..?

അടുക്കളയിൽ എല്ലാം ചെയ്യുന്നത്  പ്രേമക്കായും , ഫിലോമിനയും ചേർന്നാണ് . പ്രേമക്കായുടെ മകൻ സ്കൂളിലെ അന്തവാസിയാണ് . കാർത്തിക് , അവനു ഡൌൺ സിൻഡ്രോമാണ്. എപ്പോഴും ചിരിക്കുന്ന പ്രസന്നവദനനായ അവനു പതിനാലു വയസ്സുണ്ട് .
എല്ലാ കാര്യത്തിലും സഹായിക്കും . ചിലപ്പോൾ സുമേദിന്റെ കൂടെ ഇരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട് .

ഫിലോമിന രാവിലെ വന്നു വൈകുന്നേരം തിരികെ പോകും . മിത്ര  അവിടെ വരുന്നതിനു മുൻപേ ആയമ്മ അവിടെയുണ്ട് .

ഒന്നും വ്യക്തമല്ല , എന്നാലും സ്കൂളിൽ കുറച്ചു നാൾ താമസിക്കുന്നതാണു നല്ലതെന്ന് തോന്നുന്നു.
അടുക്കളയിൽ CCTV വെക്കാം , പക്ഷെ എല്ലാവരും  അതിവികാര തരളിതരാണ് .
അതൊക്കെ എങ്ങനെ എടുക്കുമെന്നറിയില്ല .

സ്കൂളിൽ എത്തിയതും അടുക്കള പരിശോധിച്ചു .
നല്ല വൃത്തിയിൽ തന്നെയാണ് .. ഉച്ചഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുന്നു .

അസാധാരണമായി
ഒന്നും കണ്ടില്ല .

പിന്നെയും ചിന്ത മെഹറുനിഷയിലേക്കു പോയി. 
തീരെവയ്യാത്ത കുട്ടിയല്ലേ ?  വേദനയിൽ നിന്നും രക്ഷപെടട്ടെ എന്ന് കരുതി എന്തെങ്കിലും പൊട്ടബുദ്ധി തോന്നിയതായിരിക്കുമോ ..?

അമ്മമാരും കുട്ടികളുമായി താമസിക്കുന്നവർ   കുട്ടികൾക്ക് ഭക്ഷണം എടുത്തു കൊടുക്കുന്നത് അവരവർ തന്നെയാണ്.  കൂടാതെ അവർ വേറെയും ഒന്ന് രണ്ടു കുട്ടികളെക്കൂടി ശ്രദ്ധിക്കും . ബാക്കിയുള്ളവർക്ക് , ആശയാണ് ഭക്ഷണം കൊടുക്കുന്നത്.
പിന്നെ രണ്ടു ആയമാർ അവർ എല്ലാം കണ്ടു ചെയ്യും . അവർ തിരക്കിലാണെങ്കിൽ മിത്രയും സഹായിക്കും .

പത്തോളം കുട്ടികൾക്ക് തനിയെ കഴിക്കാനാകും . അവർക്കുള്ള  ഭക്ഷണം വിളമ്പി മാത്രം കൊടുത്താൽ മതി.

വൈകുന്നേരത്തോടെ പാത്തുവും അമ്മയും തിരികെ വന്നു . 
തുടരെയുള്ള  കുട്ടികളുടെ അസുഖം അമ്മമാരെയാണ് കൂടുതൽ ക്ഷീണിതരാക്കുന്നത്.

എന്താണെങ്കിലും മെഹറുനിഷയിൽ ഒരു കണ്ണുവേണം .
രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോഴാണ് അഭിനന്ദനെ വിളിച്ചില്ല എന്നോർത്തത്.

ഇതൊന്നും ആരോടും ഇപ്പോഴത്തേക്കു  പങ്കിടാൻ തോന്നുന്നില്ല .

ഉറക്കത്തിൽ എന്തൊക്കെയോ ദു: സ്വപ്‌നങ്ങൾ കണ്ടു . അമ്മമാരും  കുട്ടികളും അലമുറയിട്ടു കരയുന്നു .

വെളുപ്പിനെ മൂന്നുമണിക്ക് ഞെട്ടിയെഴുന്നേറ്റു .. പിന്നെ ഉറങ്ങാൻ സാധിച്ചില്ല .

ശബ്‍ദമുണ്ടാക്കാതെ , എല്ലാ മുറിയിലും പോയി നോക്കി . എല്ലാവരും നല്ല ഉറക്കമാണ് .

ആശയുടെ മുറിയിൽ വെളിച്ചമുണ്ട് . അവളും തന്നെപ്പോലെ ഉറങ്ങാതെയിരിക്കുകയാണോ ..  ?

ആശ കട്ടിലിൽ കണ്ണടച്ചിരുന്നു  പ്രാർത്ഥിക്കുകയാണ് . കാൽപ്പെരുമാറ്റം കേട്ടതിനാൽ കണ്ണ് തുറന്നിട്ട് ചോദിച്ചു ..
" എന്താ ചേച്ചി നിങ്ങളും ഉറങ്ങിയില്ലേ.. ? "

" കിടന്നപ്പോൾ ഉറങ്ങിപ്പോയി .
ഒരു മൂന്നായപ്പോൾ കണ്ണുതുറന്നു .
പിന്നെ ഉറക്കം വന്നില്ല .."

" ആശയെന്താ പ്രാർത്ഥിക്കുകയായിരുന്നോ ..? "

" അതെ ചേച്ചി , ഉറക്കം വരുന്നില്ല, കുട്ടികൾ ഇങ്ങനെ സുഖമില്ലാതെ ആകുന്നതു കാണുമ്പോൾ ആകെ ഒരു വിഷമം , ഞാൻ കിച്ചിനിൽ പോയി ഒരു കാപ്പി ഇടട്ടെ ?"

" ആശക്കു കാപ്പി കുടിക്കാൻ തോന്നുവെങ്കിൽ ആകാം .."

"എനിക്ക് എന്താണെങ്കിലും ഒരു കാപ്പി വേണം.. "

ആശ അടുക്കളയിലേക്കു പോയി , കൂടെ മിത്രയും .
ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു 
വിനോദിനി ചേച്ചി മുറിയിൽ നിന്നും പുറത്തേക്കു വന്നിട്ട് ചോദിച്ചു 
" നിങ്ങൾക്കൊന്നും രാത്രിയിൽ ഉറക്കമില്ലേ ?"
" മൂന്നു മണി കഴിഞ്ഞു ചേച്ചി , ഉറക്കം ഉണർന്നു .. ആശ കാപ്പിയിടാമെന്നു പറഞ്ഞു . ഞാനും കൂടെക്കൂടി . ചേച്ചിയും കൂടിക്കോ.. "

" എന്നാൽ എനിക്കും ഒരു കാപ്പി.. "

മൂന്നുപേരും അടുക്കളയിലെ ബെഞ്ചിലിരുന്നു കാപ്പി കുടിക്കാൻ തുടങ്ങിയപ്പോൾ 
വിനോദിനിച്ചേച്ചി ആശയോട് ചോദിച്ചു ..
" ഞാനും , സംഘമിത്രയുമൊക്കെ നമ്മുടെ കുട്ടികൾക്കായി ഇവിടെ ചേർന്നു . ആശയെന്താ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്..?  , സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമയാണ് എടുത്തത് , ഈ ജോലിയും ? "

ആശ കാപ്പി കുടിക്കുന്നത് നിർത്തി .
കുറച്ചു സമയം മൗനമായി പൂർവ്വ കഥാസ്മൃതിയിലേക്ക് പോയതുപോലെ .

" എനിക്ക് ഒരു ചേട്ടനുണ്ടായിരുന്നു , ഓട്ടിസം സ്പെക്ട്രം ഉണ്ടായിരുന്നു ചേട്ടന് .
അമ്മയാണ് ചേട്ടനെ നോക്കിയിരുന്നത് . പെട്ടെന്ന് ഒരു ദിവസം അമ്മക്ക് ഹാർട്ട് അറ്റാക്ക് വന്നു , അമ്മപോയി , ചേട്ടൻ അതിനു ശേഷം  വല്ലാതെ മാറി . ഭക്ഷണം കഴിക്കാതെ , ഉറങ്ങാതെ കരച്ചിൽ മാത്രം .  രാത്രിയിൽ പുറത്തേക്ക് ഇറങ്ങിയതാണ് . വീടിന്റെ പുറകിൽ   ഉപയോഗ ശൂന്യമായ  ഒരു കിണർ ഉണ്ടായിരുന്നു . എങ്ങനെയാണെന്ന് അറിയില്ല , ചേട്ടൻ അതിൽ വീണു .. "

അത് പറഞ്ഞപ്പോൾ ആശ നിർവികാരയായിരുന്നു .

" എനിക്ക് ആ വീട്ടിൽ പിന്നെ താമസിക്കാൻ സാധിക്കാതെയായി . ഈ കോഴ്സ് ഞാൻ വളരെ വർഷങ്ങൾ മുമ്പേ ചെയ്തതാണ് .
കുറച്ചു നാൾ നാട്ടിൽ ഒരു സ്കൂളിൽ ജോലി ചെയ്തു .അങ്ങനെയിരുന്നപ്പോഴാണ് ഈ സ്കൂളിൽ ഒഴിവുണ്ടെന്നറിഞ്ഞത്.. "

" വീട്ടിൽ വേറെ ആരുമില്ലേ.. ?"
വിനോദിനിച്ചേച്ചിയാണ് ചോദിച്ചത് .

" കോളേജ് കഴിഞ്ഞതേ എന്റെ വിവാഹവും  കഴിഞ്ഞു . പ്രേമവിവാഹം . അധികം നാൾ അത് പോയില്ല.
അയാൾ പറഞ്ഞത് , ഞാൻ മെന്റലി ഇമ്പാലൻസ്ഡ് ആണെന്നാണ് .."

" പ്രേമിച്ച നാളുകളിൽ അയാൾക്ക് അങ്ങനെ തോന്നിയില്ല .. ?

മിത്രയുടെ ചോദ്യത്തിന് , കുറച്ചു നേരം കഴിഞ്ഞാണ് ആശ മറുപടി കൊടുത്തത്.

" തോന്നിയിരുന്നു പോലും.. "
അവൾക്കതേക്കുറിച്ച് കൂടുതൽ  സംസാരിക്കാൻ താല്പര്യം ഇല്ലാത്തതുപോലെ തോന്നിയതിനാൽ  ആ സംഭാഷണം അവിടങ്ങനെ നിലച്ചു .
എല്ലാവരും അവരവരുടെ മുറികളിലേക്ക് തിരികെപ്പോയി..

തുടരും ....
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക