സിനിമാനടൻ സിദ്ധിക്കിന്റെ നല്ല ഛായയുണ്ട്സുനീറിക്കയ്ക്ക്..
ആളു ചെറുപ്പക്കാരനാണെങ്കിലും എന്നേക്കാൾ പ്രായമുളള കുട്ടികളുണ്ട് ഇക്കയ്ക്ക്. മീശമുളയ്ക്കാൻ തുടങ്ങിയപ്പൊഴേ വീട്ടുകാരു പിടിച്ചു പെണ്ണു കെട്ടിച്ചുവത്രേ..!
പക്ഷേ.. മക്കളെയൊന്നും ആ പാരമ്പര്യത്തിലേക്കു ഇക്ക കൊണ്ടുവന്നില്ല. അവരെ അവരുടെ സ്വാതന്ത്ര്യത്തിനു വിടുന്ന പുരോഗമനവാദിയായ ബാപ്പ..!
"മൂത്തവൾ ഡോക്ടർ,
രണ്ടാമത്തവൾ എഞ്ചിനീയറിംഗ് കഴിഞ്ഞു,
ഇളയവൾ പ്ളസ്ടൂവിൽ പഠിക്കുന്നു." മക്കളെക്കുറിച്ചു പറയുമ്പോൾ അഭിമാനമാണാ ബാപ്പയ്ക്ക്.
പകൽസമയങ്ങളിൽ വീട്ടിൽ ഭാര്യ തനിച്ചായതുകൊണ്ട്
ഓഫീസ്ടൈമിൽ, ഇടയ്ക്ക് ബൈക്കെടുത്തൊരു മുങ്ങലുണ്ട് ഇക്കയ്ക്ക്. പോസ്റ്റോഫീസലേക്ക്, ബാങ്കിലേക്ക്,
എന്നൊക്കെ പറഞ്ഞ്.
പിന്നെയൊരു രണ്ടര മൂന്നാവും ഓഫീസിൽ കാണണമെങ്കിൽ.
ഊണും, ഉറക്കോം കുളീമൊക്കെ
കഴിഞ്ഞ് ഉന്മേഷവാനായിട്ട്...!
ഓഫീസിൽ അറ്റൻഡർ പോസ്റ്റ് ഒന്നേയുളളൂ..
ഡ്രായിംഗ് ബ്രാഞ്ചിലേക്കു
മാത്രമുളളതാണെന്നപോലെയാണ് സുനീറിക്കയുടെ ഭാവം.
ഇ.ബി.യിലെ ആവശ്യങ്ങൾക്ക് ബല്ലടിച്ചു
വിളിച്ചാൽ മാത്രം
ഗൗനിക്കും..
ഓഫീസർ അരവിന്ദാക്ഷൻസാർ
ഇൻസ്പെക്ഷനും, ഹെഡോഫീസ് മീറ്റിംഗുമൊക്കെയായി മിക്കപ്പൊഴും
ഓഫീസിൽ ഉണ്ടാവാറില്ല..
അതുകൊണ്ടുതന്നെ
ഡി.ബിയിൽ പൊതുവേ ബഹളമാണ്.. അശ്ളീലച്ചുവയുളളസംസാരങ്ങൾ അടക്കത്തിലാണെങ്കിലും, രസച്ചരടു മുറുകുമ്പോൾ ഉച്ചത്തിലാവാറുണ്ട്.
സഹികെടുമ്പോൾ കുറുപ്പുസാർ ഇപ്പുറത്തിരുന്ന് മേശപ്പുറത്ത് രണ്ടടിയടിക്കും...
പിന്നെ കുറച്ചുനേരത്തേക്ക്
ശാന്തത..
ജബ്ബാറെന്നു വിളിക്കുന്ന അബ്ദുൾജബ്ബാറ്
തോട്ടപ്പളളിക്കാരനാണ്..
എന്തു പറഞ്ഞാലും അതിനുളളിൽ ഫലിതം തിരുകിക്കേറ്റും.
കല്യാണം കഴിച്ചിട്ടില്ല.
വീട്ടിൽ ഉമ്മ മാത്രം.. കോതമംഗലത്തു
നിന്ന് വീടിനടുത്തേയ്ക്കു സ്ഥലംമാറ്റംവാങ്ങി വന്നതാണ്.
"മൂക്കിൽ പല്ലുവന്നു, ഇനീം നിക്കാഹായില്ലാല്ലേ..?"
നാടടങ്കം ചോദ്യങ്ങളുടെ ഘോഷയാത്രകൾ..!
"കെട്ടുപ്രായം കഴിഞ്ഞ ചെക്കൻ."
സഹതാപങ്ങൾ...!
മുപ്പത്തേഴു വയസ്സ് അത്ര കൂടുതലോ.?
ആളല്പം ഇരുണ്ടിട്ടാണെന്നേയുളളൂ.
ചിരിക്കുമ്പോൾ ഒരു മുറിഞ്ഞ പല്ലറ്റം പുറത്തുകാണാമെങ്കിലും മിക്ക പെൺകുട്ടികളുടേയും പുരുഷസങ്കല്പത്തിനു ജബ്ബാർ
മാച്ചാകുമായിരുന്നു..
പിന്നെന്താണാവോ..?
ആലോചന വരുന്നതെല്ലാം
"പതിനെട്ടു തികയാത്ത പെൺകുട്യോൾടെയാണ്.. എനിക്കെങ്ങുംവേണ്ട.
മുപ്പത്തേഴും പതിനെട്ടും ബാപ്പേം മോളേംപോലെ.. ശരിയാവില്ല."
പ്രായം ഒക്കുമ്പോൾ മറ്റുപല ഒക്കായ്കകളും..
ഓരോരോ കാരണങ്ങളാൽ നീണ്ടുപോവുകയാണ് ജബ്ബാറിന്റെ നിക്കാഹ്.
"ഒരു പെണ്ണ് എന്താണെന്ന് ജബ്ബാറ് ഇതുവരെ അറിഞ്ഞിട്ടില്ലെന്ന്..!"
ഏതുനേരവും കാലുകൾ ആട്ടിയിരിക്കാറുളള ഓഫീസിനുളളിൽ സിഗററ്റുവലിക്കുന്ന
പവനൻ സാറിന്റെ വെളിപ്പെടുത്തൽ..!
" ഓ..അതു ചുമ്മാ..."
"അല്ല സത്യം"
"കല്യാണം കഴിക്കാനൊക്കെ പോകുവല്ലേ..
കുറച്ചെന്തേലുമൊക്കെ
അറിഞ്ഞിരിക്കുന്നതു നല്ലതാണ്.."
"അടുത്തൊരു നല്ല ഡ്രൈവിംഗ് സ്ക്കൂളുണ്ട്..ഒന്നും അറിയാൻവയ്യാത്ത ഒരുപാടു പിള്ളേരെ അവരു പഠിപ്പിച്ചു വിട്ടിട്ടുണ്ട്.
വണ്ടി കുറെയധികം ഓടിയിട്ടുണ്ടെങ്കിലും ഇപ്പൊഴും നല്ല കണ്ടീഷനാ..
അങ്ങോട്ടൊന്നു പോയാലോ..ഞാൻ വേണേ കൊണ്ടാക്കാം.."
സുനീറിക്ക.
"ഡ്രൈവിംഗിന്റെ
എ ബി സി ഡി അറിയാതെയാ ഞാനൊക്കെ
വണ്ടിയോടിക്കാൻ തുടങ്ങിയത്..
എന്നിട്ടെന്താ.."
ബലരാമൻ സാർ..
"ചാലക്കുടീലായിരുന്നപ്പോൾ
കൂട്ടുകാരൻ ഒരുവട്ടം ഒരിടത്തു കൊണ്ടുപോയി..
ഗിയറുമാറ്റാൻപോലും പഠിക്കാൻ കഴിഞ്ഞില്ല....വണ്ടി കണ്ടപ്പൊഴേ പേടിയായി..ഇറങ്ങിയോടീന്നു പറഞ്ഞാൽ മതി.."
ജബ്ബാറ് ഇങ്ങനെയൊക്കെ സംസാരിക്കുമോ...?
അതിശയം..!
ഗൗതമൻ സാറ് സീറ്റിൽ നിന്നെഴുന്നേറ്റു ഡിബിയിലേക്കു ചെന്നു.
"അപ്പുറത്തൊരു പെങ്കൊച്ചുകൂടി ഇരുപ്പുണ്ടെന്ന കാര്യം
ഓർക്കുന്നതു കൊളളാം.."
സംസാരം നിലച്ചു, ചിരിയടങ്ങി..
ആസ്വാദനത്തിന്റെ മുനയൊടിഞ്ഞു..
ആഴ്ചകൾക്കുളളിൽ ജബ്ബാറു പുതുമണവാളനായി. അങ്ങേരുടെ കുറി വീണതായി ഓഫീസിൽ പ്രഖ്യാപനവുമുണ്ടായി.
ഒരാഴ്ചത്തെ ലീവും കഴിഞ്ഞുവന്ന മണവാളന്റെ പുതുവിശേഷങ്ങളറിയാനുളള തിരക്ക് സുനീറിക്കയ്ക്കായിരുന്നു..
അടക്കിപ്പിടിച്ച സംസാരങ്ങൾക്കും കൂട്ടച്ചിരികൾക്കും ഞാൻ കാതുകൂർപ്പിക്കാൻ
പോയില്ലെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ...?