തൂവൽ പോലെയിരുന്ന ഹൃദയം!
കാരിരുമ്പായി മാറിത്തുടങ്ങി
പള്ളിവാളും ചിലമ്പുമണിഞ്ഞ്
ദുർഗ്ഗയൊന്ന് മനസ്സിലേറുന്നു
മഞ്ഞ് വീഴും പുലരിയിൽ നിന്ന്-
അന്ന് തീവണ്ടി വന്ന് പോകുമ്പോൾ
കണ്ട് നിന്നൊരു പാളത്തിൽ നിന്ന്
നെഞ്ച് തൊട്ട നിലവിളി കേട്ടു
പിന്നിൽ നിന്നസ്ത്രമെയ്ത് മുറിഞ്ഞ-
സങ്കടത്തിൻ്റെ നീറുന്ന പാട്ടിൽ
ഇന്നുമുണ്ട് കറുപ്പമാവാസി
കൊണ്ട് വന്നിട്ട പാഴ്നിഴൽച്ചുറ്റ്
വാതിലെല്ലാമടച്ചിരുന്നാലും-
വേലിയൊന്ന് പണിതിരുന്നാലും
കോലമൊന്ന് മുഖപടമിട്ട്
നാലതിര് തകർത്ത് വന്നീടും
പേക്കിനാവ് കുടിച്ച് നിൽക്കുമ്പോൾ-
നോക്കുകുത്തികൾ മുന്നിലെത്തുമ്പോൾ
കാറ്റിലാടുന്ന ചില്ലകൾ പോലെ
പാട്ടതെല്ലാമുലഞ്ഞ് പോകുമ്പോൾ
തീവെയിൽക്കുട ചൂടിയാകാശം
നീറി നീറിപ്പുകഞ്ഞ് പോകുമ്പോൾ
ബാക്കിയുണ്ടാകുമേകശബ്ദത്തിൻ
ശ്വാസസന്ദേശമാകും കടമ്പ്
പ്രാണനിൽ നിന്നുണർന്ന് പാടുന്ന
ഗാനമാണത് നേരിൻ്റെ പാട്ട്
പാതിപൊട്ടിയടർന്ന സ്വരങ്ങൾ
നാദമാകുന്ന വിസ്ഫോടനങ്ങൾ
ചിത്രനൂലിഴപ്പട്ടിലാടുന്ന
വിശ്വഗോളലയം പോലെയൊന്ന്
പൊട്ടിയാകെയടർന്ന ഹൃദയം
തൊട്ടിരിക്കെയുണരും മനസ്സ്
ഇത്തിരി കനൽ, കൽച്ചീള്, കണ്ണീർ
കുത്തുവാക്കിൻ്റെ കൂലിപ്പിറാന്ത്
ഇഷ്ടനാട്യങ്ങൾ, കഷ്ടകാലത്തിൻ
ചത്വരത്തിൽ പതിച്ചൊരസ്ത്രങ്ങൾ
എത്രയാണത് കൊണ്ടിന്ന് തീർത്തു
മുഗ്ദ്ധമാകുമൊരാത്മീയഗാനം
ശബ്ദമില്ലാതെയെങ്കിലുമുള്ളിൽ
നിത്യസാധകം ചെയ്യുന്ന ഗാനം
തൂവൽ പോലെ പതിഞ്ഞ് പോകാതെ-
പാളമൊന്നിൽ തകർന്ന് പോകാതെ
ഭൂമിപോലെ പ്രപഞ്ചം സസൂക്ഷ്മം
സ്നേഹമോടെ പകരുന്ന ഗാനം
ചുറ്റിലാളിപ്പടർന്ന കാലത്തിൻ-
ഗർജ്ജനത്തിൻ്റെ തീവ്രകാലത്തെ
അക്ഷരങ്ങളടുക്കിക്കടന്ന്
കൊത്തിവച്ചൊരു കല്ലിലെ ഗാനം
കണ്ണുനീർത്തുള്ളിയാകാം, കനത്ത-
പള്ളിവാളിൻ്റെ ശബ്ദവുമാകാം
തുള്ളിയാകെയടർന്ന ചിലമ്പിൻ
മിന്നലാകാം, വെളിച്ചവുമാകാം
വേനലിൽ വാടി പിന്നെ മഴയിൽ-
വേര് പൊട്ടിത്തളിർത്തതുമാകാം
സ്നേഹമോടെ പ്രപഞ്ചം കൃപയാൽ
ഗൂഢമായി പകർത്തുന്നതാകാം...