ചീറി പാഞ്ഞുവരും ട്രെയിന്‍ മുന്‍പില്‍ റെയില്‍ പാളത്തില്‍
നിരാശയുടെ നീര്‍ക്കയത്തില്‍ ഹൃദയം തകര്‍ന്നൊരമ്മ
രണ്ടരുമ പെണ്‍കിടാങ്ങളെ നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു നിന്നു
ഒരു നിമിഷം ഒരേയൊരു നിമിഷം ആ മൂന്ന് പെണ്‍ ജന്മങ്ങള്‍
കഷണം കഷണമായി ചോര ചീന്തി മാംസക്കഷണങ്ങളായി
റെയില്‍ പാളത്തില്‍ ചിന്നി ചിതറിയ ആ രംഗം എന്‍ മനോമുകുരത്തില്‍
എന്‍ ഹൃത്തടത്തില്‍ ഒരു നോവായി ഹൃദയം പിളരുന്ന നൊമ്പരമായി
വാര്‍ത്തകള്‍ കഥകള്‍ അനുഭവങ്ങള്‍ കേട്ടമാത്രയില്‍ എന്‍ ഹൃദയം
കൂടുതല്‍ വിങ്ങിപ്പൊട്ടി ആത്മരോഷത്തിന്‍ ചിന്തകളില്‍ തപ്തമായി
അതിജീവനത്തിനായി ജോലിക്കായി അവര്‍ മുട്ടാത്ത വാതിലുകളില്ലാ
അവര്‍ക്കെതിരെ കൊട്ടിയടക്കപെട്ട, തുറക്കാത്ത വാതിലുകള്‍
ഭര്‍ത്ത് വീട്ടിലും സ്വന്തം വീട്ടിലും മുഖം തിരിച്ചു നിന്നവര്‍
കുടുംബ രക്തബന്ധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്തവര്‍ ഏറെയും
സ്വന്തം ചെയ്തികള്‍ മുടന്തന്‍ ന്യായങ്ങളാല്‍ വെള്ളപൂശാന്‍ തത്രപ്പെടുന്നവര്‍
ആരാണ് ഈരക്തത്തിനു ത്തരവാദി ചോദിക്കാന്‍..പറയാന്‍..
ഹൃദയ കവാടങ്ങള്‍ ഹൃദയത്തിന്‍ അള്‍ത്താരകള്‍ തുറക്കാത്ത
മതാന്ധ വിശ്വാസികള്‍ പൂജാരികള്‍ മതമേലധ്യക്ഷന്മാര്‍
അവര്‍ തന്‍ സ്ഥാപനങ്ങള്‍ മുടന്ത യുക്തിവാദങ്ങളാല്‍
ഈ സ്ത്രീ ജന്മത്തിനെതിരെ വാതിലുകള്‍ കൊട്ടിയടച്ചു
ഒരു കൈത്താങ്ങ് കൊടുക്കേണ്ടവര്‍ അവള്‍ക്കെതിരെ നിന്നു
ആരായാലും കൊടിയ വിഷബാധിതരാണവര്‍.. ദുഷ്ടര്‍..
ഹൃദയത്തിന്‍ അള്‍ത്താരയില്‍ മാനവര്‍ക്കെതിരെ പുറംതിരിഞ്ഞ്
ബലിയര്‍പ്പിക്കുന്ന കൊടിയ വിഷബാധിത സാത്താന്മാരണവര്‍
മര്‍ദ്ദിതരും ചൂഷിതരും പീഡിതരുമായ സോദരി സോദരന്മാര്‍ക്കു
ഒരു ചെറിയ ആശ്വാസമേകാന്‍ തയ്യാറാകാത്ത അവര്‍
ഫുള്‍പിറ്റുകളില്‍, മേടകളില്‍ അലറി കൊക്കി വായിട്ടലച്ചു
മനുഷ്യരെ, ശുദ്ധീകരിക്കാന്‍ വിശുദ്ധികരിക്കാന്‍ ബൈബിളിന്‍
ചുങ്കക്കാരന്‍ കഥ തുടങ്ങി അനവധി സത്യവേദങ്ങള്‍ ഓതുന്നു
തൊടുപുഴ ചുങ്കം പള്ളി സെമിത്തേരിയില്‍ വാരിക്കൂട്ടി സംസ്‌കരിച്ച
ചേതനയറ്റ ആ മാംസപിണ്ഡങ്ങള്‍ മരിക്കാത്ത മനസ്സാക്ഷികള്‍ക്ക്
എന്നെന്നും ഒരു പാഠമാകട്ടെ... ഹൃദയത്തിന്‍ അള്‍ത്താരയില്‍
മാനവ രക്തത്താല്‍ അര്‍പ്പിക്കപ്പെട്ട ഒരു ബലിയാകട്ടെ...