Image

നടി സൗന്ദര്യയുടെ മരണം കൊലപാതകം ; നടന്‍ മോഹന്‍ബാബുവിനെതിരെ അന്വേഷണം വേണമെന്ന് പരാതി

Published on 12 March, 2025
നടി സൗന്ദര്യയുടെ മരണം കൊലപാതകം ; നടന്‍ മോഹന്‍ബാബുവിനെതിരെ അന്വേഷണം വേണമെന്ന് പരാതി

ഹൈദരാബാദ്: വിമാനാപകടത്തില്‍ നടി സൗന്ദര്യ മരിച്ച സംഭവം കൊലപാതകമെന്ന് പരാതി. ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലക്കാരനായ ചിട്ടിമല്ലു എന്നയാളാണ്, സൗന്ദര്യയുടേത് അപകടമരണമല്ലെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം എസിപിക്കും ജില്ലാ അധികൃതര്‍ക്കും പരാതി നല്‍കിയത്. തെലുങ്കു നടന്‍ മോഹന്‍ബാബുവിനെതിരെയാണ് പരാതി. സൗന്ദര്യ മരിച്ച് 21 വര്‍ഷത്തിന് ശേഷമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

നടന്‍ മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ അകാല മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് വില്‍ക്കാന്‍ ഇരുവരും വിസമ്മതിച്ചതാണ് പ്രശ്‌നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹന്‍ബാബു ഈ ഭൂമി ബലമായി കൈവശപ്പെടുത്തിയെന്നും ചിട്ടിമല്ലു ആരോപിക്കുന്നു.

ഭൂമി മോഹന്‍ബാബു കൈവശപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, ഭൂമി മോഹന്‍ ബാബുവില്‍ നിന്ന് തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും ചിട്ടിമല്ലു ആവശ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ബാബുവും ഇളയ മകന്‍ മഞ്ജു മനോജും തമ്മിലുള്ള വസ്തു തര്‍ക്കവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഞ്ചു മനോജിന് നീതി ലഭിക്കണമെന്നും ജാല്‍പള്ളിയിലെ ആറേക്കര്‍ ഗസ്റ്റ്ഹൗസ് പിടിച്ചെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

പരാതി നല്‍കിയതിനെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അതിനാല്‍ സുരക്ഷ നല്‍കണമെന്നും ചിട്ടിമല്ലു ഖമ്മം എസ്പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2004 ഏപ്രില്‍ 17 നാണ്, വിമാനം തകര്‍ന്ന് നടി സൗന്ദര്യ അടക്കം നാലുപേര്‍ മരിച്ചത്. സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് ഷെട്ടി, പൈലറ്റ് മലയാളിയായ ജോയ് ഫിലിപ്പ്, പ്രാദേശിക ബിജെപി നേതാവ് രമേഷ് കദം എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലേക്ക് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകവേ, ബംഗലൂരുവിന് സമീപം ജക്കൂരില്‍ വെച്ച് നടി സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് തകര്‍ന്നു വീഴുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക