നിദ്രയിലരുതാര്‍ക്കും തെല്ലുമേ ഭ്രമം, ദീര്‍ഘ-
നിദ്രയിലാഴാനുള്ള തല്ലല്ലോ ഒരു ദിനം!
കുമ്പയും നിറച്ചൊന്നു മേശിടാതല്ലോ ചിലര്‍
കുംഭകര്‍ണ്ണനും തോറ്റു പോകുമാറുറങ്ങുന്നു!
ഉണ്ണുവാന്‍ ഉറങ്ങുവാന്‍ മാത്രമായ് ജീവിക്കുന്നോര്‍
കന്നുപോല്‍ വളരുന്നു കാലങ്ങളറിയാതെ!
കാണുന്നോര്‍ക്കവര്‍ വെറും കഥയേ യില്ലാത്തവര്‍
കാണുന്നില്ലവര്‍ മറ്റുള്ളോരെയുമൊരിക്കലും!
ഉറക്കം കൂടിപ്പോയാല്‍ ഉടലില്‍ പിത്തം കൂടും
ഉള്ളിലാലസ്യം കൊടുമുടിപോല്‍ വളര്‍ന്നിടും!
ഉറക്കം കുറഞ്ഞാലോ കൃത്യത്തില്‍ വിലോപവും
ഉള്ളതുമില്ലാതാകു മവ്വിധം തുടര്‍ന്നെന്നാല്‍!
നിദ്രയിലതിപ്രിയ മായെന്നാല്‍ കുടുംബത്തിന്‍
ഭദ്രത ദൈനം ദിനം ക്ഷയിക്കു മല്‍പ്പാല്‍പ്പമായ്!
മദ്യവുംഅമിതമാം നിദ്രയുമൊന്നിച്ചേര്‍ന്നാല്‍
ഉദ്യമിച്ചീടാനുള്ള ശേഷിയേയില്ലാതാകും!
ഉറക്കം മൂലം സ്വന്തം നാടിനെ ഗൗനിക്കാതെ
ഉലകില്‍ കഴിഞ്ഞിരു ന്നെത്രയോ മഹാനൃപര്‍!
കുറവില്ലിന്നും സ്വന്തം കണ്ണുകള്‍ തുറന്നുവ-
ച്ചുറങ്ങി കഴിയുന്ന ഭരണാധിപന്മാരും!
ഓര്‍ക്കുവിന്‍, ഉറങ്ങുവാന്‍ നിശ്ചിത നേരം മാത്രം
ഓര്‍മ്മയും വേണം നേരത്തുണരാനതുപോലെ!
ഉള്ളുണര്‍ന്നിരിക്കേണമേതു നേരവും ക്ഷീണം
തളര്‍ത്തിക്കിടത്തുന്ന ഗാഢ നിദ്രയില്‍ പോലും!
---------------------------