കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തുമ്പോള്‍ കേരളത്തിലെ ആശാ വര്‍ക്കര്‍മാരുടെ സമരം ഒരു മാസം പിന്നിട്ടിരുന്നു. ആശാവര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട് കേരളത്തിന് ഇതുവരെയുള്ള എല്ലാ കുടുശ്ശികയും നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ വ്യക്തമാക്കുമ്പോള്‍ 2023-'24 വര്‍ഷത്തില്‍ കേന്ദ്രം തുകയൊന്നും അനുവദിച്ചില്ലെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ വാദം. കൊടുക്കേണ്ട അനുകൂല്യങ്ങളെല്ലാം കേന്ദ്രം കൊടുത്തുവെന്ന് ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്നലെ സമരപ്പന്തലിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പറഞ്ഞു. അപ്പോള്‍ ആരാണ് കല്ലുവച്ച നുണ പറയുന്നത്..?
കേന്ദ്രം പറയുന്നതാണോ സംസ്ഥാനം വാദിക്കുന്നതാണോ ശരിയെന്നറിയാതെ ആശമാര്‍ വലയുന്ന അവസരത്തിലാണ് പിണറായി വിജയന്‍ നിര്‍മല സീതാരാമനുമായി കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് 45 മിനിറ്റ് ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ വയനാട് ദുരന്ത സഹായവും, വിഴിഞ്ഞവുമൊക്കെ ചര്‍ച്ചയായെങ്കിലും ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരത്തെപ്പറ്റി ഒരു പരാമര്‍ശവുമുണ്ടായില്ല. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസും ഗവര്‍ണര്‍ ആര്‍ലേക്കറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ലോക്‌സഭയില്‍ ആശമാരുടെ സമരം നാല് എം.പിമാര്‍ ഉന്നയിച്ചിരുന്നു. രാജ്യസഭയില്‍ ചോദ്യമായും വന്നു. പാര്‍ലമെന്റിനു മുന്നില്‍ യു.ഡി.എഫ് എം.പിമാര്‍ പ്രതിഷേധിക്കുകയും ചെയ്തു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ കേരളത്തിനെന്തിനാണ് ഡല്‍ഹിയിലൊരു പ്രതിനിധിയെന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വേണ്ടവിധത്തില്‍ ബോധ്യപ്പെടുത്തി സാമ്പത്തികം ഉള്‍പ്പെടെ അര്‍ഹതപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കാനാണ് സംസ്ഥന സര്‍ക്കാര്‍ ചെല്ലും ചെലവും കൊടുത്ത് ഇങ്ങനെയൊരാളെ ഡല്‍ഹിയില്‍ ക്യാബിനറ്റ് റാങ്കോടെ വാഴിച്ചിരിക്കുന്നത്. ഇന്ന് കേന്ദ്ര ധനമന്ത്രിയെ നേരിട്ട് കണ്ടിട്ടുപോലും ആശമാരുടെ കാര്യത്തില്‍ ഒരു നിമിഷമെങ്കിലും സംസാരിക്കാന്‍ കെ.വി തോമസിന് കഴിഞ്ഞില്ല. അങ്ങനെ കാല്‍ലക്ഷത്തിലധികം ആശാവര്‍ക്കര്‍മാര്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിഷയം രാഷ്ട്രീയമായി തമസ്‌കരിക്കപ്പെട്ടു.
കെ.വി തോമസിന് മുമ്പ്, കേന്ദ്ര സഹായങ്ങള്‍ നേടിയെടുക്കാന്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഈ കസേരയിലിരുന്നത് സി.പി.എമ്മിന്റെ മുന്‍ എം.പിയായ ഡോ. എ സമ്പത്താണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിച്ച് പരാജയപ്പെട്ടതിനെതുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ കേരളത്തിനു വേണ്ടി നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കെന്ന് കൊട്ടിഘോഷിച്ച് പ്രത്യേക ലെയ്‌സണ്‍ ഓഫീസര്‍ തസ്തികയുണ്ടാക്കി സമ്പത്തിനെ നിയമിച്ചത്.
തുടര്‍ന്ന് ഓണറേറിയം, ഓഫീസ് ചെലവ്, പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം, വിമാന യാത്രാബത്ത, വാഹനത്തില്‍ ഇന്ധനം നിറച്ചതിനൊക്കെയായി രണ്ട് കൊല്ലത്തെ സമ്പത്തിന്റെ പ്രവര്‍ത്തനത്തിന് കേരള സര്‍ക്കാര്‍ ചെലവിട്ടത് 7.26 കോടി രൂപയാണ്. എ സമ്പത്തിന് കാര്യമായി സമ്പത്ത് കിട്ടിയതൊഴിച്ച് കേരളത്തിന് ഈ ഡല്‍ഹി സാറിനെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിവില്ല. 2023 ജനുവരി മുതല്‍ 2024 ജനുവരി വരെ കെ.വി തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായത് 30 ലക്ഷത്തോളം രൂപയാണ്. പുതിയ കണക്ക് വരാനിരിക്കുന്നതേയുള്ളു.
എന്നാല്‍ ഡോ. എ സമ്പത്ത്, കെ.വി തോമസ് എന്നിവരുടെ പ്രവര്‍ത്തനം മൂലം സംസ്ഥാന സര്‍ക്കാരിനുണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ എന്തെല്ലാം എന്ന ചോദ്യത്തിന് 'ലഭ്യമല്ല' എന്ന മറുപടിയാണ് കേരള ഹൗസില്‍ നിന്ന് കുറച്ചുനാള്‍ മുമ്പ് ലഭിച്ചത്. കേരളത്തിന് അര്‍ഹമായ സാമ്പത്തിക സഹായം ഇവര്‍ വഴി ലഭിച്ചോ അതിന്റെ രേഖകള്‍ ഓഫിസിലുണ്ടോയെന്ന ചോദ്യത്തിനും 'ലഭ്യമല്ല' എന്ന തനിയാവര്‍ത്തനം മാത്രം. 2023 ഫബ്രുവരി എട്ടാം തീയതി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ സമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു താമസത്തിനായി ചെലവായത് 1.37 ലക്ഷം രൂയാണെന്ന വിവരവും അന്ന് പുറത്തുവന്നിരുന്നു.
അതേസമയം, ആശാവര്‍ക്കര്‍മാര്‍ സമരം നടത്തുമ്പോള്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് വാരിക്കോരി കൊടുക്കുന്നതിന്റെ കാരണം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഇടത് സഹയാത്രികനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു വേണ്ടി എഴുതിയ ലേഖനത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ രൂക്ഷ വിമര്‍ശനം. കെ.വി തോമസിന് കഴിഞ്ഞമാസം യാത്രാ അലവന്‍സ് 11 ലക്ഷമായി വര്‍ദ്ധിപ്പിച്ചു നല്‍കിയത് വിവാദമായിരുന്നു. പ്രതിമാസം ഓണറേറിയമായി ഒരുലക്ഷം രൂപ മുന്‍പേ നല്‍കുന്നുണ്ട്. ഇതിനും പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. തോമസിന് ഇത്രയേറെ പണം നല്‍കുന്നതിനെ സി.പി.എമ്മിന്റെ തന്നെ മുന്‍മന്ത്രി ജി സുധാകരനും വിമര്‍ശിക്കുകയുണ്ടായി.
''എറണാകുളം മണ്ഡലത്തില്‍ അഞ്ചു തവണ സി.പി.എമ്മിനെ പരാജയപ്പെടുത്തി നാണംകെടുത്തിയ ആളാണ് കെ.വി തോമസ്. മൂന്നുതവണ സി.പി.എമ്മിന് ഈ സീറ്റ് അഭിമാനകരമായി നേടിക്കൊടുത്തയാളാണ് ഞാന്‍. പാര്‍ട്ടിക്ക് ലെവി കൊടുക്കുകയും ഔദ്യോഗിക വസതിയില്‍ പാതി പാര്‍ട്ടിക്ക് നല്‍കുകയും ചെയ്തു. പാര്‍ട്ടിക്കുവേണ്ടി എഴുത്തിലും പ്രസംഗത്തിലും പ്രചാരവേല ചെയ്യുകയെന്ന ദൗത്യവും എനിക്കുണ്ട്. എന്നിട്ടും എന്റെ ക്ഷേമത്തില്‍ താത്പര്യം കാണിക്കാത്ത പാര്‍ട്ടി, എതിര്‍പാളയത്ത് നിന്നെത്തിയ തോമസ് എന്ന സാധുവിനോട് കാണിക്കുന്ന ഭൂതദയ അനിതരസാധാരണമാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുവര്‍ തോമസ് എന്ന പാഠം പഠിച്ചതോര്‍ക്കുന്നു...'' എന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.
ആയിരക്കണക്കിന് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ത്യാഗവും സമര്‍പ്പണവും മറന്നിട്ട് തോമസിനെ പോലെയുള്ള പുത്തന്‍കൂറ്റുകാര്‍ സിപിഎമ്മിലേക്ക് കടന്നുവരുന്നതിന്റെ അപകടവും സെബാസ്റ്റ്യന്‍ പോള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ''വാങ്ങുന്നയാള്‍ക്ക് നാണമില്ലെങ്കില്‍ കൊടുക്കുന്നയാള്‍ക്ക് എങ്കിലും അതുണ്ടാകണം...'' കെ.വി തോമസിനെ ലോക് സഭയിലേക്ക് ജയിപ്പിച്ചു വിടാനാണ് പണ്ടൊരിക്കല്‍ തന്നെ മാറ്റി, സിന്ധു ജോയിയെ തോമസിനെതിരെ നിര്‍ത്തിയതെന്നും, അതിന് പിന്നില്‍ ചില സഖാക്കളുടെ താല്‍പര്യം ഉണ്ടായിരുന്നു എന്നുമുള്ള ഗുരുതര ആരോപണവും സെബാസ്റ്റ്യന്‍ പോള്‍ ഉന്നയിച്ചിട്ടുണ്ട്.
ഇങ്ങനെ ധൂര്‍ത്തിന്റെ ആള്‍രൂപങ്ങളെ ഭരണത്തിന്റെ ഇടനാഴികളില്‍ ധാരാളമായി കാണാം. പക്ഷേ ഇവര്‍ക്കെതിരെ ഉയരുന്ന ജനകീയ ശബ്ദങ്ങള്‍ക്ക് വലിയ ആയുസുണ്ടാവില്ല. ഇത്തരം ധൂര്‍ത്തുകള്‍ക്കെതിരെയുള്ള ജനവികാരം ഭരണാധികാരികള്‍ മനസിലാക്കാത്തതാണോ അതോ തങ്ങള്‍ ചെയ്യുന്നതാണ് ശരിയെന്ന് അവര്‍ കരുതുന്നതാണോ..? ഇല്ല, അവര്‍ ജനവികാരം ശരിക്കുമറിയുന്നുണ്ട്. പക്ഷേ കണ്ടില്ലെന്ന് നടിക്കുന്നു. എന്നിട്ട് ജനങ്ങളോട് മുണ്ടുമുറുക്കിയുടുക്കാന്‍ അവര്‍ ആഹ്വാനം ചെയ്യുന്നു. പിന്നെ, സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശമാരെ പാട്ടപെറുക്കികളെന്നും ഈര്‍ക്കില്‍ സംഘടനയെന്നും കീടങ്ങളെന്നും വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യും.