പുരുഷനെ പോലെ തോന്നാൻ യേശു ക്രിസ്തു മുടി മുറിക്കണമെന്ന വിവാദ പരാമർശം നടത്തിയ ട്രാൻസ് ഇൻഫ്ലുവൻസർക്ക് മൂന്ന് വർഷം തടവ്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിൽ ശിക്ഷയ്ക്ക് പുറമെ, 10,00,00,000 ഐഡിആർ ($6,200) പിഴയായി അടക്കാനും കോടതി വിധിച്ചു. ഇന്തോനേഷ്യൻ നഗരമായ മേദാനിലെ കോടതിയാണ് ഇവരെ ശിക്ഷിച്ചത്.
ഇന്തോനേഷ്യൻ മുസ്ലിം ട്രാൻസ് ഇൻഫ്ലുവൻ റാതു താലിസയെയാണ് മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഒരു ലൈവ് സ്ട്രീമിങ്ങിനിടയിലാണ് റാതു താലിസ വിവാദ പരാമർശം നടത്തിയത്. യേശുക്രിസ്തുവിന്‍റെ ചിത്രം കയ്യിലെടുത്ത് ഒരു പുരുഷനെ പോലെ തോന്നാൻ യേശു മുടി മുറിക്കണം എന്നായിരുന്നു റാതു നടത്തിയ പ്രസ്താവന. വിവാദ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ ക്രിസ്തുമതത്തിനെതിരായ വിദ്വേഷം പ്രചരിപ്പിച്ചതിതിന് പൊലീസ് ഇവർക്കെതിരെ കേസെടുത്തു.
ടിക് ടോക്കിൽ 4 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു ഓൺലൈൻ കണ്ടന്‍റ് ക്രിയേറ്ററാണ് റാതു താലിസ. 2024 ഒക്ടോബർ 2-ന്, ഒരു ടിക് ടോക്ക് കാഴ്ചക്കാരൻ റാതു താലിസയോട് പുരുഷനെപ്പോലെ മുടി മുറിക്കാൻ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് റാതു താലിസ ലൈവ് സ്ട്രീം ചെയ്തത്. യേശുക്രിസ്തുവിന്‍റെ ഒരു ചിത്രവും റാതു താലിസ കയ്യിൽ കരുതിയിരുന്നു.
സ്ട്രീമിങ്ങിനിടയിൽ ആ ചിത്രത്തിലേക്ക് ചൂണ്ടി നിങ്ങൾ ഒരു സ്ത്രീയെ പോലെ ആകരുത് അവന്‍റെ അച്ഛനെ പോലെ ആകാൻ മുടി മുറിക്കണം എന്ന് പറയുകയായിരുന്നു. പിന്നാലെ 2024 ഒക്ടോബർ 4 ന് അഞ്ചിന് ക്രിസ്ത്യൻ ഗ്രൂപ്പുകൾ മതനിന്ദ നടത്തിയതിന് റാതുവിനെതിരെ പൊലീസിൽ പരാതി നൽക്കുകയായിരുന്നു.