ഉർവ്വശി തീയേറ്റേഴ്സിന്‍റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ഡബിൾ മോഹൻ എന്ന ചന്ദനക്കള്ളകടത്തുകാരനായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. മറയൂർ , ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മറയൂരിലെ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും, ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധമാണ് രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെ പറയുന്നത്. ഷമ്മി തിലകനാണ് ഭാസ്ക്കരൻ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിവിധ ഷെഡ്യൂളുകളിലായി നൂറ്റിഇരുപതോളം ദിവസമാണ് ഷൂട്ടിങ് നീണ്ടത്. ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിട യിൽ പൃഥ്വിരാജിന്‍റെ കാലിനു പരിക്കു പറ്റിയതിനാലാണ് ഷൂട്ടിങ് നീണ്ടു പോയതെന്ന് നിർമാതാവ് സന്ദീപ് സേനൽ പറഞ്ഞു.
അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി.ജെ. അരുണാചലം,, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണു നായിക. എഴുത്തുകാരനായ ജി. ആർ. ഇന്ദുഗോപന്‍റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദുഗോപനും , രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.