"പുല്ലിയോട്ടും കാവിൽ തമ്പാച്ചിയമ്മയെ കാണാൻ നീ പോവുന്നില്ലേ", എന്ന ചോദ്യവുമായി വല്യമ്മ ഇത്തവണയും സ്വപ്നത്തിൽ പ്രതൃക്ഷപ്പെട്ടു !
തോർത്ത് കൊണ്ട് തലയിലൊരുകെട്ട് കെട്ടി വെള്ളരിത്തടത്തിൽ ചാണകപ്പൊടിയും വെണ്ണീരും ചേർന്ന മിശ്രിതം സൂക്ഷ്മമായി ഇട്ടു കൊണ്ട് അവരൊന്ന് ദീർഘ നിശ്വാസം വിട്ടതായി എനിക്ക് തോന്നി ! കാലമിത്രയായിട്ടും ഞാൻ താലപ്പൊലി എടുത്തിട്ടില്ലെന്ന കുറ്റബോധത്താൽ എൻ്റെ നെഞ്ച് വെന്തു.
എൻ്റെ കണ്ടറിവുകളിലും, അനുഭവങ്ങളിലും വാക്കിനുറപ്പും ആത്മധൈര്യവുമുള്ള ഒരേ ഒരു സ്ത്രീകഥാപാത്രം പുല്ലിയോട്ടെ വല്യമ്മയായിരുന്നു.
പ്രായമെത്തിയിട്ടും നരകൾക്ക് വിട്ടുകൊടുക്കാത്ത തലമുടി അലസമായി കെട്ടിവെച്ച് ബ്ലൗസിന് മുകളിൽ ഒരു വേഷ്ടി ചുറ്റിയിട്ട് വല്യമ്മ പണിക്കാരോടൊപ്പം വയലിൽ നെല്ല് വിതച്ചു. പറമ്പിൽ നിറയെ പലതരം പച്ചക്കറികൾ നട്ടു വെച്ചു.
എല്ലാവർക്കുമൊപ്പം കള പറിച്ചു. വയൽ വരമ്പിൽ ചമ്രം പടിഞ്ഞിരുന്ന് കഞ്ഞിയും പുഴുക്കും കഴിച്ചു.
മൂരാനും കോരാനും മാത്രമല്ല വലിയ ചെമ്പ് വട്ടകളിൽ നെല്ല് പാകത്തിന് പുഴുങ്ങി ആ തീച്ചൂടിൽ കമ്മലിലെ കല്ലിനൊപ്പം മുഖവും ചുവപ്പിച്ചു. നെല്ലു കുത്തിക്കഴിഞ്ഞാൽ ഇളം ചൂടുള്ള തവിടിൽ ശർക്കരയും തേങ്ങയും ചേർത്ത് ഉരുളകളാക്കി എന്നെ തീറ്റിക്കും. എൻ്റെ ശോഷിച്ച ശരീരം നോക്കി പതം പറയുന്ന അമ്മയോട് "പെൺകുട്ടികൾക്ക് കരുത്ത് ഉള്ളിലാണ് വേണ്ടത് " എന്ന് ആശ്വസിപ്പിക്കും.
അദ്ധ്വാനിക്കാൻ യാതൊരു മടിയുമില്ലാത്ത വല്യമ്മ സന്ധ്യയാവുമ്പോൾ പശുവിൻ്റെ ആലയിലുമെത്തും. പശുക്കളുടെ പരാതികൾ തീർത്ത്, പച്ചപ്പുല്ല് മാത്രം തീറ്റിച്ചിരുന്ന സുവർണ്ണ കാലത്തെ ഓർത്തെടുത്ത്, വടക്കൻ നാട്ടിൽ നിന്ന് ലോറിയിൽ വരുന്ന വൈക്കോലിനെ കുറ്റം പറഞ്ഞ് വല്യമ്മ പശുക്കളെ സമാധാനിപ്പിക്കും. മഴക്കാലം വന്നാൽ പച്ചപ്പുല്ല് നിറയെ തരാമെന്ന് വാഗ്ദാനം ചെയ്യും. എന്നിട്ട് മനസ്സിൽ കണക്ക് കൂട്ടും. പുല്ലോട്ടും കാവിലെ താലപ്പൊലി കഴിഞ്ഞാൽ ഒരു മഴ കിട്ടും. പിന്നെ ഒന്നോ രണ്ടോ മാസം കൂടി കഴിഞ്ഞാൽ പിന്നെ മഴക്കാലമായി! പിന്നെ വല്ലവുമായി വയലിലിറങ്ങിയാൽ കുറച്ച് കാലത്തേക്ക് ലോറിപ്പുല്ല് തിന്ന് ബുദ്ധിമുട്ടണ്ട !
പരിഹാരങ്ങളില്ലാത്ത പ്രശ്നങ്ങൾ ഇല്ല എന്നതായിരുന്നു വല്യമ്മുടെ നയം. ആ നയം വല്യമ്മ രൂപപ്പെടുത്തിയത് പുല്ലിയോട്ടും കാവിലെ തമ്പുരാട്ടിയമ്മയുടെ കൂട്ടുപിടിച്ചായിരുന്നു.
തമ്പുരാട്ടി നിശ്ചയിക്കുന്ന വഴിയിലൂടെ നടക്കണം ! പിന്നെ ഒന്നും പേടിക്കേണ്ട. വല്യമ്മ തൻ്റെ കൂട്ടുകാരികളെ ഉപദേശിക്കും. പശു പ്രസവിക്കാനാവുമ്പോഴും മക്കൾ പട്ടാളത്തിലേക്ക് തിരിച്ചു പോവാനായി വേഷം മാറുമ്പോഴും വല്യമ്മ കണ്ണടച്ച് പ്രാർത്ഥിക്കും!താലപ്പൊലിക്ക് കാവിലെ വിളക്കുകൾ നിറയെ വെളിച്ചെണ്ണ ഒഴിച്ച് ദീപം തെളിയിക്കാമെന്ന് വഴിപാട് നേരും. വല്യമ്മയുടെ പാതി നിറഞ്ഞ കണ്ണുകൾ നോക്കി ഞാൻ ചുണ്ടു പിളർത്തുമ്പോൾ "ഇവളെക്കൊണ്ട് താലപ്പൊലി എടുപ്പിക്കാം തമ്പ്രാട്ടിയമ്മേ" എന്നൊരു നീട്ടി വിളിയാണ് !
പക്ഷേ തമ്പുരാട്ടി അമ്മ എനിക്ക് വേണ്ടി കാത്തുവച്ച നിയോഗം മറ്റൊന്നായിരുന്നു ! ആ വർഷത്തെ താലപ്പൊലിക്ക് മുന്നേ തന്നെ ഞാൻ നാട് വിട്ടു. തമ്പാച്ചിയമ്മ സമ്മാനിച്ച മധുര നാരങ്ങയുടെ ഗന്ധം ഉള്ളിൽ സൂക്ഷിച്ച ആ മൂന്ന് വയസുകാരിക്ക് പിന്നെയൊരിക്കലും താലപ്പൊലിയിൽ പങ്കെടുക്കാനായില്ല. എൻ്റെ ഒപ്പം ഒരിക്കൽ കൂടി കാവിൽ വരണമെന്ന ആഗ്രഹം നടപ്പിലാക്കാനാവാതെ വല്യമ്മ തിരിച്ച് പോവുകയും ചെയ്തു.
ഈ വർഷത്തെ താലപ്പൊലി വിളംബരം അറിഞ്ഞപ്പോൾ മുതലേ
"ആ കാവിലൊന്ന് കയറിട്ട് വാ, തമ്പാച്ചിയമ്മയെ കണ്ടിട്ട് വാ മോളേ" എന്ന് വല്യമ്മ ഓർമ്മിപ്പിച്ചത് കൊണ്ട് ഞാൻ ഇത്തവണ ചോമപ്പൻ തലകൊത്തി നേ അവിടെയെത്തി.
കാഴ്ചവരവിനൊപ്പം താലപ്പൊലിക്കുട്ടികളുടെ കൂടെ മുത്തുക്കുട തണലിൽ നിന്നു. അമ്പലമുറ്റത്ത് കൂടെ ആവേശം കൊണ്ട് പാഞ്ഞു നടന്നു. വല്യമ്മയുടെ ഒക്കത്ത് നിന്നിറങ്ങിയ സ്വാതന്ത്ര്യം ഉപയോഗിച്ച് വെച്ചു വാണിഭക്കച്ചവടക്കാരുടെ ബലൂണുകൾക്ക് മുന്നിൽ കൈനീട്ടി നിന്നു. കളിപ്പാട്ടങ്ങൾ തൊട്ടും തലോടിയും കൈയ്യിലെ ചില്ലറ പൈസയിൽ മുറുക്കിപ്പിടിച്ച് നോക്കി കൊതിയിറക്കി.
കോണൈസ്ക്രീമിൻ്റെ തണുപ്പ് ആസ്വദിച്ച് രുചിക്കുന്ന ഏതോ ഒരു വല്യമ്മയെ നോക്കി സ്നേഹത്തോടെ ചിരിച്ചു. എനിക്ക് കൂട്ട് വന്ന ഇളയമ്മക്ക് അതുപോലൊന്ന് വാങ്ങിക്കൊടുക്കണമെന്ന് മനസ്സിൽ കരുതി.
ചോമപ്പൻ തലകൊത്ത് കാണണമെന്ന ആഗ്രഹത്തോടെ ഞാൻ ആൾത്തിരക്കിൽ പതുങ്ങിനിന്നു. കാവിൻ്റെ മുക്കും മൂലയും പരിചയമുള്ള നാട്ടുകാരുടെ തിരക്കിൽ ഞാൻ പിന്നോട്ടു കുടുങ്ങി. അപ്പോഴാണ് ചെണ്ടമേളത്തിനൊപ്പം പീപ്പി വിളിക്കുന്ന വൃദ്ധൻ "നിനക്ക് ചോമപ്പനെ അടുത്ത് നിന്ന് കാണണോ" എന്ന് നിറഞ്ഞ ചിരിയോടെ ചോദിക്കുന്നത്. ആൾക്കൂട്ടം എന്നെ തള്ളിപ്പിന്നിലാക്കിയിട്ടും വാശി വിടാതെ ഞാൻ മുന്നിലേക്ക് വരാൻ ശ്രമിക്കുന്നത് കണ്ടാവണം അദ്ദേഹത്തിൻ്റെ മനസ്സലിഞ്ഞത്.
പെട്ടെന്ന് എൻ്റെ കൈ പിടിച്ച് തങ്ങളുടെ കൂടെ നടന്നോ എന്ന് പറഞ്ഞ് വാദ്യക്കാർക്കൊപ്പം എന്നെ ചേർത്ത് നിർത്തി. ചോമപ്പനെ നല്ലോണം കണ്ടോ,ഫോട്ടോയുമെടുത്തോ എന്ന് ഉദാരനായി. ഞാനാരെന്നോ എന്തെന്നോ അറിയാത്ത ആൾ ഇതൊക്കെ എവിടെയെങ്കിലും എഴുതി വെക്കണമെന്ന് ഉപദേശിച്ചു.
ആൾക്കൂട്ടത്തിൽ മുങ്ങാതെ എന്നെ കാവിനു മുന്നിൽ സുരക്ഷിത സ്ഥാനത്ത് നിർത്തി!
"നല്ലോണം കണ്ടോളൂ" എന്ന് കണ്ണ് കൊണ്ട് ചിരിച്ചു. ഞാൻ പെട്ടെന്ന് വല്യമ്മയുടെ കൈ പിടിച്ച് നടക്കുന്ന മൂന്ന് വയസ്കാരിയായി. ചോപ്പൻ തലകൊത്തുമ്പോൾ മഞ്ഞള് വാരിപ്പൂശുന്ന തമ്പുരാട്ടിയുടെ കാര്യസ്ഥനെ നോക്കി വിതുമ്പുന്ന കുഞ്ഞുകുട്ടിയായി.
എല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ ആൾക്കൂട്ടത്തിൻ്റെ പറച്ചിലുകൾ വക വെക്കാതെ അദ്ദേഹത്തെ ഞാൻ ഒന്ന് കെട്ടിപ്പിടിച്ചു. തമ്പുരാട്ടിയമ്മയും പുല്ലിയോട്ടെ വല്യമ്മയും എന്നെ നോക്കി "നന്നായി, നന്ദിയും സ്നേഹവും മനസ്സിൽ ഒളിപ്പിക്കാനുള്ളതല്ല" എന്ന് പറയുന്നത് പോലെ തലയാട്ടിച്ചിരിക്കുന്നത് ഞാൻ കൃത്യമായി കണ്ടു!
നാളെ തമ്പുരാട്ടിയമ്മയെയും കാണണം. പട്ടും താലിയും കൊടുക്കണം! അങ്ങോട്ട് പോവാതിരുന്ന കൊല്ലങ്ങൾക്കൊക്കെ സമസ്താപരാധം പറയണം !