ഇന്ത്യയിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്ന സമയത്തു യാത്രക്കാരിൽ പലരും മര്യാദയും നിയമവും ലംഘിച്ചു പെരുമാറുന്നതിനെ വിമർശിക്കുന്ന 'ന്യൂ യോർക്ക് ടൈംസ്' ലേഖകനും ചലച്ചിത്രകാരനുമായ ആഡം എലിക്കിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായി.
വിമാനം ഇറങ്ങി തുടങ്ങുമ്പോൾ തന്നെ തിരക്കിട്ടു ഓവർഹെഡ് ബിന്നുകളിൽ നിന്നു ഹാൻഡ് ബാഗേജ് വലിച്ചെടുക്കാൻ ചില യാത്രക്കാർ കാട്ടുന്ന പരാക്രമം അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം. മറ്റു യാത്രക്കാർക്ക് അതെത്ര കഷ്ടത ഉണ്ടാക്കുന്നു എന്നത് അവർ കാര്യമാക്കുന്നില്ല. സീറ്റുകളിൽ ബെൽറ്റ് ധരിച്ചു ഇരിക്കണമെന്നും ലാൻഡ് ചെയ്തു കഴിഞ്ഞാൽ മാത്രമേ എണീക്കാൻ പാടുള്ളൂ എന്നും ക്രൂ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും അവർ കേട്ട മട്ടില്ല താനും.
"Textbook landing in India for 1st time" എന്ന വിശേഷണത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. "Classic landing in India," എല്ലിക് തുടർന്ന് എഴുതി.
പലരും അദ്ദേഹത്തോട് യോജിച്ചെങ്കിലും വിയോജിപ്പും കുറവല്ല. "classic Indian landing" എന്ന വിശേഷണം പലരെയും ചൊടിപ്പിച്ചു.
ഒരു സ്ത്രീ എഴുതി: "വനിതാ ക്രൂവിന്റെ അഭ്യർഥന അവഗണിച്ച യാത്രക്കാർ പുരുഷ ശബ്ദത്തിൽ അനൗൺസ്മെന്റ് വന്നതോടെ എങ്ങിനെ അനുസരിച്ചു? സ്ത്രീയെന്ന നിലയ്ക്ക് അതെന്നെ അസ്വസ്ഥയാക്കുന്നു."
മറ്റൊരാൾ കുറിച്ചു: "പൗര ബോധം ഇല്ലാത്തവർ. സ്വാർത്ഥർ. ഈ രാജ്യം നിറയെ ഇത്തരം കഥാപാത്രങ്ങളാണ്."
മറ്റൊരു പ്രതികരണം: "തികഞ്ഞ നാണക്കേട്. കാണുന്നതു തന്നെ നാണക്കേട്."
എന്നാൽ അമേരിക്കക്കാരും ഇതൊക്കെ ചെയ്യാറുണ്ട് എന്നാണ് 13 പ്രാവശ്യം യുഎസിലേക്കു യാത്ര ചെയ്തുവെന്ന് അവകാശപ്പെട്ട ഒരാൾ കുറിച്ചത്. യു കെയിലും അങ്ങിനെ തന്നെ എന്ന് അവിടെ ജീവിക്കുന്ന ഒരാൾ കുറിച്ചു.
"ഇതിലൊന്നും വംശീയത ഇല്ല," മറ്റൊരാൾ കുറിച്ചു. "നിങ്ങൾ ജർമനിയിലേക്ക് പോയി നോക്കൂ. അല്ലെങ്കിൽ ഇറ്റലി."
'Classic Indian landing' video stirs response