Image
Image

വടക്കോട്ടുള്ള തീവണ്ടി ( കഥ : പി. സീമ )

Published on 14 March, 2025
വടക്കോട്ടുള്ള തീവണ്ടി ( കഥ : പി. സീമ )

മുന്നിൽ നിലാവിന്റെ അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു..കുട്ടി അമ്മയോട് ചേർന്ന് നടന്നു. ഇന്ന് കാണുന്നത്  ജീവിതത്തിലെ അവസാനത്തെ നിലാവാണ്‌. കാതിൽ മൂളുന്നത് അവസാനത്തെ കാറ്റാണ്. അവന് തെല്ലും ഭയം തോന്നിയില്ല. ഇനി അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണേണ്ട. ആ നിശ്വാസം ഏറ്റു പൊള്ളണ്ട. എല്ലാം അവസാനിക്കാൻ ഇത്തിരി നേരം കൂടി മതി.

"കുട്ടിയ്ക്ക് പേടി ഉണ്ടോ?"

" പേടിച്ചാൽ അമ്മ തനിച്ചാകില്ലേ ആ ലോകത്തിൽ. "

മുന്നിൽ അനന്തമായി നീളുന്ന സമാന്തര രേഖകൾ  പോലെ റെയിൽ പാളങ്ങൾ. പാളത്തിലേക്ക് തല ചായ്ച്ച് കിടന്നാൽ വളരെ അകലെ നിന്നേ തീവണ്ടി വരുന്നതിന്റെ നേരിയ ശബ്ദം കേൾക്കാമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്..  ജീവിതത്തിൽ ഒരു പക്ഷെ അവസാനമായി കേൾക്കുന്ന ശബ്ദം അതാകും..

പക്ഷെ കാതോർത്തു കിടന്ന നേരത്ത് കേട്ടത് ഒരു നേർത്ത കരച്ചിൽ. അരണ്ട നിലാവിൽ ഒരു വെളുത്ത തുണിക്കെട്ടിൽ നിന്ന് പുറത്തേയ്ക്കു നീളുന്ന കുഞ്ഞ് കൈ കാലുകൾ.. അകലെ നിന്നും വരുന്ന തീവണ്ടിയുടെ ഒറ്റക്കണ്ണിന്റെ വെളിച്ചം.. അമ്മയോടൊപ്പം കുട്ടിയും പിടഞ്ഞെണീറ്റു. ഓടിച്ചെന്ന് വാരി എടുത്ത ചോരക്കുഞ്ഞിനെ അമ്മ നെഞ്ചോട് ചേർത്ത് പിടിച്ചു.  

"നമുക്ക് ജീവിതം മടുത്തിട്ടല്ലേ മരിക്കാൻ വന്നത്  ഈ കുട്ടി ജീവിച്ചു തുടങ്ങീട്ടില്ലല്ലോ... അത് കൊണ്ടു ഈ കുഞ്ഞ് മരിച്ചു കൂടാ. ഒരിക്കൽ നീയും ഇത് പോലൊരു കുഞ്ഞായിരുന്നു "

വിതുമ്പിക്കൊണ്ട് അമ്മ പുലമ്പുന്ന സത്യത്തെ   കുട്ടി തിരിച്ചറിഞ്ഞു.  കുഞ്ഞിനെ മെല്ലെ തലോടി.  അടുത്തുള്ള അനാഥ മന്ദിരത്തിനു മുന്നിലെ അമ്മത്തോട്ടിലിൽ കുഞ്ഞിനെ സുരക്ഷിതമായി കിടത്തി അവർ   പുലരിയോടൊപ്പം വന്ന ആദ്യത്തെ ബസിൽ കയറി.. പട്ടണത്തിലെ സ്റ്റേഷനിൽ ഒരു പകൽ ഒടുങ്ങുവോളം കാത്തിരിക്കണം അടുത്ത  രാത്രി വന്നണയാൻ. ഭാഗ്യക്കുറിയുമായി  നിരങ്ങി നീങ്ങിക്കൊണ്ടിരുന്നയാൾ അരികിൽ വന്നപ്പോൾ  മാത്രമാണ് കുട്ടി പോക്കറ്റിൽ കിടന്ന ലോട്ടറി ടിക്കറ്റിനെ കുറിച്ചോർമ്മിച്ചത്..മറന്നിരുന്നു എങ്കിലും  ഇപ്പോഴും അതവിടെത്തന്നെയുണ്ട്.  സ്റ്റേഷനിലെ ടി. വി യിൽ ഇത്തവണത്തെ ഓണം ബമ്പർ ഭാഗ്യശാലികളുടെ നമ്പർ മിന്നി തെളിയുന്നു.  വെറുതെ ആ ടിക്കറ്റ് എടുത്തു നമ്പറിലേക്കു  നോക്കി യി രുന്നപ്പോൾ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു. ഭാഗ്യം ഉണ്ടെങ്കിൽ ഇങ്ങനെ വരില്ലല്ലോ. ഇന്നത്തെ രാത്രിയിലെ അവസാനത്തെ കാറ്റിനു കാതോ ർക്കണ്ടായിരുന്നല്ലോ. പക്ഷെ സ്വന്തം ടിക്കറ്റിലെ ഓരോ നമ്പറും ഒന്നാം സമ്മാനമായി  ടീവി സ്‌ക്രീനിൽ തെളിഞ്ഞ നേരത്ത് വിശ്വാസം വരാതെ കുട്ടി വീണ്ടും വീണ്ടും    തുറിച്ചു നോക്കി.  കയ്യിലിരുന്ന് ടിക്കറ്റ് വിറ പൂണ്ടു. ബാത്ത് റൂമിൽ പോയ അമ്മ ഇത് വരെ വന്നിട്ടില്ല..അവൻ ചുറ്റിനും അമ്മയെതിരഞ്ഞു.. ടോയ്ലറ്റ് വാതിലുകളിൽ മുട്ടി നോക്കി.. അവിടെങ്ങും അമ്മയെ കാണാനുണ്ടായിരുന്നില്ല. അവന് കരച്ചിൽ വന്നു.. പ്ലാറ്റ് ഫോമിലേക്ക് കയറി നിന്ന്  ഇരുവശത്തേക്കും അവൻ   സൂക്ഷിച്ചു നോക്കി.

വടക്കോട്ടു നീളുന്ന പാളങ്ങൾക്കിടയിൽ  ഉച്ചക്കാറ്റിൽ പാറി പ്പറക്കുന്നത് അമ്മയുടെ നീലപ്പൂക്കൾ നിറഞ്ഞ സാരിത്തുമ്പാണ്.   വിളിച്ചാൽ എത്താത്ത ദൂരത്തു കൊടും വേനലിന്റെ മരീചികകൾ. പൊടുന്നനെ അവൻ കണ്ടു വളവു തിരിഞ്ഞു വരുന്ന തീവണ്ടിക്കും അമ്മയ്ക്കുമിടയിൽ ദൂരമേ ഇല്ലാതായിക്കൊണ്ടിരി ക്കുന്നു..കയ്യിലിരുന്ന ലോട്ടറി ടിക്കറ്റ് ചുരുട്ടിക്കൂട്ടി   പാളങ്ങളിലേക്ക് എറിഞ്ഞ്  അവൻ വേഗത കുറഞ്ഞു നിശ്ചലമാകുന്ന തീവണ്ടിക്കൊപ്പം   വടക്കോട്ട്  കിതപ്പോടെ ഓടിക്കൊണ്ടേയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക