ഒട്ടകം മരുപഥത്തിലെ
ആഡംബരകപ്പലല്ല;
ഭാരം വഹിക്കുന്ന
വെറും സാദാ ചരക്കുകപ്പൽ.
ക്രൂരനായ മനുഷ്യന്
ഇറച്ചിയും രോമവും പാലും ചാണകവും നൽകാൻ വിധിക്കപ്പെട്ട
ഒരടിമ ചുമടുപേറി.
കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്
ഒരു തീപ്പെട്ടി കൂടിനു പുറത്തു,
ഒറ്റയടിക്ക് നൂറ് ലിറ്റർ വെള്ളം കുടിക്കുന്ന
ഒട്ടകത്തിന്റെ ചിത്രം.
വേനൽ തോറും
പട്ടണത്തിലെ
സർക്കസ്സ് കൂടാരത്തിൽ
ഒട്ടകങ്ങൾ വരാറുണ്ടെങ്കിലും
ചൂഷണത്തിന്റെ
ശോഷിച്ച ഇരകളെ
ഒന്ന് കാണാനും
തൊടാനും തോന്നിയിട്ടില്ല
അവ മരുഭൂമി കാണാത്ത കുട്ടികളുടെ കൗതുകക്കാഴ്ചക്കപ്പുറം
ഒന്നുമല്ലല്ലൊ.
ജീവിതം
ഒരു സർക്കസ്
ഞാനൊരു കോമാളി
ടിക്കറ്റെടുത്ത് സർക്കസ്സിലെ
മൃഗകേളികളും ഒട്ടകങ്ങളുടെ നൃത്തവും കാണുന്നതിൽ
എനിക്ക് ഒരു താൽപ്പര്യവുമില്ല.
എങ്കിലും ഉറക്കം വരാത്ത
രാവുകളിൽ ഞാൻ ഇരട്ട കൂനുള്ള
ഒരു ഒട്ടകത്തെ ധ്യാനിക്കുമായിരുന്നു.
ഒരു ദിവസം
ഒട്ടകത്തിന്റെ രൂപവുമായി
ഒരു സാമ്യവുമില്ലാത്ത
കപ്പലിൽ കയറി
ഞാൻ അനേകായിരം
നോട്ടിക്കൽ മൈൽ സഞ്ചരിച്ച്
ഒരു മരുപഥത്തിന്റെ തീരത്തെത്തി.
സൂര്യൻ കടുത്ത ചൂടിന്റെ
ചട്ടുകം എന്റെ ഉച്ചിയിൽ വെച്ചു
എന്റെ കാൽച്ചുവട്ടിൽ
ചീനച്ചട്ടിയിൽ വറുത്ത
പൂഴിയുടെ തരംഗൻപരവതാനി.
മണൽക്കൂനകളിൽ
ചുറ്റിയടിക്കുന്ന പൊടിക്കാറ്റല്ലാതെ
എങ്ങും ഒരു പൊടി പോലുമില്ല
ആ ചുമടുപേറിയുടെ!
എന്റെ നിഴലും കൂട്ടിനു ഞാനും മാത്രം!!
തലയ്ക്കു മീതെ
പൊടിമണ്ണിന്റെ മേഘങ്ങൾ
വന്നു പോവുന്നു.
പൊടുന്നനെയാണ് മണലിലെ
കറുത്ത നിഴലിന്
ഒരു കൂനും വളവും വരുന്നത്!
കഴുത്തിന്റെ നിഴലിനും നീളം കൂടി
വരികയാണ് അരയാൾപ്പൊക്കത്തോളം.
കഴുത്തിനു ശേഷം
കണ്ണിൽ തൊട്ടു നോക്കി
എന്റെ ശുഷ്കിച്ച കൺപീലികളുടെ
സ്ഥാനത്ത് നല്ല നീട്ടമുള്ള
സമൃദ്ധമായ കൺപീലികൾ!
അവ എന്റെ കണ്ണുകളെ
മണൽക്കാറ്റിൽ നിന്നും
കാത്തു രക്ഷിച്ചു!
മരുഭൂമിയിൽ
ദാഹജലത്തിനു വേണ്ടി അറക്കപ്പെട്ട
ഒരു ഒട്ടകത്തിന്റെ
ആത്മാവ് എനിക്കുള്ളിൽ ചേക്കേറിയിരിക്കുന്നു.
ക്ഷീണിതനായി
ഉറങ്ങാൻ കിടന്നപ്പോൾ
ഒരു ഒട്ടകത്തിന്റെ അസ്ഥികൂടത്തിനുള്ളിൽ
കുടുങ്ങിയതുപോലെ
എനിക്ക് അനുഭവപ്പെട്ടു. അപ്പോഴൊക്കെയും
ഞാൻ ഒരപരനല്ലെന്ന കണ്ടെത്തൽ
എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു.
ഒട്ടകവുമായി എന്നെ തുലനം
ചെയ്തപ്പോഴാണൊ ഞാനൊരു
ഒട്ടകമായി മാറിയത്?
മഞ്ഞ മണൽപരപ്പും നീലാകാശവും
ചക്രവാളത്തെ മുറിച്ചു നിൽക്കുന്ന
ഈന്തപ്പനകളും എനിക്കൊരുത്തരവും
തന്നില്ല.
പരിക്ഷീണനായ ഒരു ഒട്ടകത്തിന്റെ
ആർത്തനാദം -
അടക്കിപ്പിടിച്ച ഒരാർത്തനാദം -
എന്റെ തൊണ്ട പൊട്ടിച്ച്
അടുത്ത മരുപ്പച്ച തേടി.