കെട്ട് പൊട്ടിച്ച് പോകും മനസ്സേ
അല്പനേരമിരിക്കൂ നിശ്ശബ്ദം
ശബ്ദഘോഷങ്ങളെല്ലാമൊടുവില്‍
ഒറ്റ മാത്ര നിലച്ച് പോയേക്കാം
ഇത്തിരി വ്യഥ, മന്ദഹാസത്തിന്‍
കത്തിനില്‍ക്കും വിളക്കുമതെല്ലാം
കെട്ട് പോകുമൊരല്പശ്വാസത്തിന്‍
ഇത്തിരിക്കനല്‍യാത്രാവഴികള്‍
നിത്യമെന്ന് കരുതിസൂക്ഷിക്കും
ശില്പമൊന്നായ് പ്രളയത്തില്‍ മുങ്ങാം
കത്തി നില്‍ക്കുന്ന ദീപങ്ങള്‍ മങ്ങാം
കെട്ടുപൊട്ടിച്ച് പട്ടങ്ങള്‍ പോകാം
നിത്യബോധത്തിനെ വിലങ്ങിട്ട്
ഇത്തിരിക്കുഞ്ഞണുക്കള്‍ വന്നേക്കാം
മിച്ചമുണ്ടാകുമോര്‍മ്മകള്‍ക്കുള്ളില്‍
ഒറ്റശ്വസമുണ്ടക്ഷരം പോലെ
ഒക്കെയുമൊരു മായികക്കാഴ്ച
ദിക്കുകള്‍ കണ്ട ദേശാടനങ്ങള്‍
പിന്നിലായ് നിഴലമ്പുകളുണ്ട്
തുള്ളിവീഴുന്ന തീക്കനലുണ്ട്
മിന്നലെന്ന് കരുതി സൂക്ഷിച്ച-
കണ്ണ് നീറ്റിയ കല്‍ച്ചീളുമുണ്ട്
മെല്ലെമെല്ലെ നടക്കുന്ന നേരം
പൊള്ളിയാളിത്തളരുന്ന നേരം
വന്മരമൊന്ന് ചില്ലകള്‍ താഴ്ത്തി
കൈയിലൊന്ന് തലോടുന്നുമുണ്ട്
വന്നൊരു മഴ, കാറ്റ്, തണുപ്പിന്‍-
മഞ്ഞുതുള്ളിയൊരറ്റ നക്ഷത്രം!
മണ്ണ് ചുംബിച്ച ഹൃദ്‌സ്പന്ദനങ്ങള്‍
മണ്ണിലേക്കാഴ്ന്ന് പോകുന്നുമുണ്ട്
അല്പനേരം പ്രശാന്തം, പ്രക്ഷുബ്ധം
അല്പനേരം നിഗൂഢ മനനം
ശബ്ദമെല്ലാം തണുപ്പിലാഴ്ത്തുമ്പോള്‍
എത്രയാണുള്‍വെളിച്ചം തിളക്കം....
=======================================