ബാംഗളൂരിൽ നിന്നു വെളുപ്പിന് മൈസൂർ, ബന്ദിപ്പൂർ വഴി കോട്ടയത്തേക്ക് പുറപെട്ടതാണ്. നിലമ്പൂരിൽ ലഞ്ചിന് നിർത്തുമ്പോൾ മൂന്നുമണി. നാടുകാണിച്ചുരത്തിലൂടെ ഒന്നരക്ക് കേരളത്തിലെ വഴിക്കടവിൽ എത്തുമ്പോൾ ചൂടായി. നിലമ്പൂരിൽ ചൂട് അസഹ്യം. അങ്ങിനെയാണ് 42 കി മീ തെക്കു പെരിന്തൽ മണ്ണയിൽ രാത്രി താങ്ങാൻ തീരുമാനിക്കുന്നത്.
ബൈപാസിനു നടുവിലെ ഹോട്ടലിൽ രാവിലെ ഉണർന്നെഴുനേൽക്കുബോൾ ലേശം തണുപ്പുണ്ട്. ചായകുടിക്കാം, പത്രവും നോക്കാം എന്നു കരുതി ഇറങ്ങുമ്പോൾ ആദ്യം കണ്ടത് രണ്ടു ബോർഡുകൾ-കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. തൊട്ടു ചേർന്ന് ഡോ. ലോബോ മെമ്മോറിയൽ മ്യൂസിക് അക്കാദമി.
പെരിന്തൽമണ്ണ ഏറ്റവും മികച്ച നഗരം; ചെയർമാൻ പി. ഷാജി,മെമ്പർമാർ
വയലിൻ, ഗിറ്റാർ പിയാനോ, കീബോർഡ് എന്നിവ പഠിപ്പിച്ച് ലണ്ടൻ ട്രിനിറ്റി കോളജ് ഒഫ് മ്യൂസിക്കിന്റെ പരീക്ഷകൾക്കു തയ്യാർ ചെയ്യന്ന സ്ഥാപനം. ഗൾഫ് പണത്തിന്റെ മോഹിതവലയത്തിൽ മലബാറിലെ ഏറ്റവും വലിയ നഗരമായി വളരുന്ന പെരിന്തൽമണ്ണയ്ക്ക് മധുരോദാരമായ കലാഹൃദയം ഉണ്ടെന്നു തിരിച്ചറിയുന്നതു അപ്പോഴാണ്.
'മലബാറിന്റെ ഹൃദയമാണ് പെരിന്തൽമണ്ണ. കോഴിക്കോട്ടുനിന്നും പാലക്കാട്ടുനിന്നും തൃശൂർ നിന്നും വഴക്കടവിൽ നിന്നും തുല്യ ദൂരം-72 കിമീ,' ബൈപാസ് ജക്ഷനിലെ അലിയുടെ വഴിയോരക്കടയിൽ ചായകുടിച്ചു നിന്ന ബിലാൽ പറഞ്ഞു. 'എല്ലാറ്റിന്റെയും കേന്ദ്രമാണ് ഈ മുനിസിപ്പൽ പട്ടണം. ഡ്രഗ്ഗിന്റയും.'
ബഹ്‌റൈൻ പോലീസ് ഓർക്കസ്ട്രയിലെ ഐപ്പ് മാത്യു; മകൾ ദിയ, ഭാര്യ ഷീബ
ട്രക്ക് ഡ്രൈവറായി ഉലകം ചുറ്റുന്ന ആളാണ് ബിലാൽ. അതുകൊണ്ടു കാര്യങ്ങൾ നന്നായി അറിയാം. മെഡിക്കൽ, ഡന്റൽ, നഴ്‌സിംഗ്, എൻജിനീയറിങ്, ആർക്കിടെക്ച്ചർ ഉൾപ്പെടെ സർവവിധ കോളജുകളുടെയും കേന്ദ്രമാന് നഗരമെന്ന് അദ്ദേഹം പറഞ്ഞു. അലിഗർ മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ദക്ഷിണേന്ത്യയിലെ ഏക കാമ്പസ് ഇവിടെയാണ്. എംഇഎസ് വക യുണിവേഴ്‌സിറ്റിയും വരുന്നു.
നഗരത്തിന്റെ വളർച്ചക്ക് മൂന്ന് സൂചികകളാണ് ബിലാലിനും ഓട്ടോ ഡ്രൈവർ പ്രജോഷിനും റ്റീഷോപ് ഉടമ അലിക്കും പറയാനുണ്ടായിരുന്നത്-ലുലുമാളിന്റെ പണിതുടങ്ങി. നെസ്റ്റോ, സെക്കുറ മാളുകളും വരുന്നു.
ഡോക്ടർമാർ ലയണൽ ഹെൻറി ലോബോ, അന്നമ്മ മാത്യു; ഗോപാലൻ വൈദ്യർ, തങ്കം
'1980കളിൽ തുടങ്ങിയതാണ് പെരിന്തൽമണ്ണയുടെ കുതിച്ചുകയറ്റം. ഗൾഫ് പണത്തിന്റെ ഒഴുക്കാണ്. മുസ്ലിം ലീഗിന്റെ കോട്ടയാണെങ്കിലും 1990ൽ മുനിസിപ്പാലിറ്റിയായതുമുതൽ സിപിഎം ഭരിക്കുന്നു. തെക്കേക്കര എന്ന 18 ആം വാർഡിലെ പ്ലസ് 2 ബാങ്കുദ്യോഗസ്ഥൻ പി. ഷാജി ചെയർമാൻ.'
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ നജീബ് കാന്തപുരമാണ് പെരിന്തൽമണ്ണ എംഎൽഎ . ലീഗിലെ മുൻ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ എംപിയും.
എംഇഎസ് മെഡിക്കൽ കോളജ്; സർവകലാശാല വരുന്നു
വൈസ് ചെയർപേഴ്സൺ എ. നസീറ ടീച്ചറുടെപിന്തുണയോടെ നഗരത്തിന്റെ സമഗ്ര വികസനത്തിന് നടപ്പാക്കിയ പദ്ധതികൾ ചെയർമാൻ ഷാജി അക്കമിട്ടു നിരത്തി. സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരത്തിനുള്ള 2023-24 ലെ ലൈഫ് മിഷൻ അവാർഡ് പെരിന്തൽമണ്ണക്കു ലഭിച്ചതു അങ്ങിനെയാണ്.
ഡോ. ലോബോ മെമ്മോറിയൽ മ്യൂസിക് അക്കാദമി നടത്തുന്ന ഷീബയുമായി സംസാരിച്ചു. അക്കാദമി ഡയറക്ടർ ഐപ്പ് മാത്യുവിന്റെ ഭാര്യയാണ്. ട്രിനിനി കോളജ് ബിരുദമുള്ള അദ്ദേഹം ബഹറിനിൽ അൽ മ്യൂസിക്ക എന്ന പോലീസ് ഓർക്കസ്ട്രയിലെ പ്രമുഖ അംഗം. അമ്മയുടെ ചേച്ചി ഡോ. അന്നമ്മ മാത്യുവിന്റെ ഭർത്താവായിരുന്നു ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലയണൽ ഹെൻറി ലോബോ.
വളർന്നു വളർന്ന്.. നഗരത്തെപ്പറ്റി ബിലാൽ; വയോജന സൗഹൃദ നഗരം
പാശ്ചാത്യ സംഗീതത്തിൽ അവഗാഹം നേടിയിരുന്ന ലോബോ (1933-83) യുടെ ഓർമ്മക്കാണ് അക്കാദമിക്ക് ആ പേര് നൽകിയത്. ബീഥോവന്റെ സിംഫണി 9 ആയിരുന്നു അദ്ദേഹത്തിന്റെ ദൗർബല്യം. മൊസാർട്ടും വിവാൾഡിയും ഓപ്പറകളും കൈകാര്യം ചെയ്തു. ആദ്ദേഹത്തിന്റെ അമ്മ നല്ല പിയാനിസ്റ് ആയിരുന്നു.
ഐപ്പ് മാത്യു വയലിനും സാക്സോഫോണും കീബോർഡും വായിക്കും. മകൾ ദിയ റേച്ചൽ ഐപ്പ് പാടും. ലണ്ടനിൽ മിഡിൽ സെക്‌സ് യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജി മാസ്റ്റേഴ്സ് പൂർത്തിയാക്കി. ദിയയുടെയും മാത്യുവിന്റെയും വീഡിയോകൾ ഷീബ അയച്ചുതന്നു.
ഇഎംഎസ് സ്മാരക സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റൽ
പെരിന്തൽമണ്ണയിലെ പൊതുരംഗത്തു കൈവന്ന ചില നേട്ടങ്ങൾ ഷീബക്കും പറയാനുണ്ട്. അച്ഛൻ വി.പി. ഗോപാലൻ വൈദ്യർ സിപിഎം ടിക്കറ്റിൽ പെരിന്തൽമണ്ണ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. മുനിസിപ്പാലിറ്റി ആയശേഷം ഷീബ തുടർച്ചയായി രണ്ടു തവണ -10 വർഷം- കോൺഗ്രസ് കൗൺസിലർ ആയി സേവനം ചെയ്തു. മികച്ച സാമൂഹ്യസേവകക്കുള്ള പുരസ്കാരവും നേടി.
വള്ളുവനാട് രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു പെരിന്തൽമണ്ണ. 'പെരുംതല്ലു' നടന്നിരുന്ന സ്ഥലം. ഗതകാല പ്രതാപത്തിന്റെ ഓർമ്മകൾ പേറി വള്ളുവനാട് താലൂക്കും തൊട്ടു ചേർന്ന് ഏറനാട് താലൂക്കും ഉണ്ട്. ഇഎംഎസ് ജനിച്ചു വളർന്ന ഏലംകുളം മന തൊട്ടടുത്ത ഏലംകുളം പഞ്ചായത്തിലാണ്. ഇഎംഎസ് മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപതി പെരിന്തൽമണ്ണയിൽ തലയുയർത്തി നിൽക്കുന്നു.
ജ്ഞാനപ്പാന എഴുതിയ പൂന്താനം നമ്പൂതിരിയുടെ ഇല്ലം തൊട്ടടുത്തു കീഴാറ്റൂരിൽ. പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേതം നാലുകിമീ അകലെ. സിനിമകൾ ഷൂട്ട് ചെയ്യുന്ന ഒളപ്പമണ്ണ മന 18 കിമീ തെക്ക്.
മണ്ണാർമല വ്യൂ പോയിന്റ്
സോപാനസംഗീത്തിന്റെ കുലപതി ഞെരളത്ത് രാമ പൊതുവാളിനെ ഓർമ്മിക്കാൻ മകൻ ഹരിഗോവിന്ദൻ കെട്ടിപ്പടുത്ത കലാഗ്രാമം അങ്ങാടിപ്പുറത്തിനടുത്ത് കല്യാണിപ്പാറയിൽ. ഏഴുമക്കളിൽ സോപാനസംഗീതം ജീവിത സപര്യയായി സ്വീകരിച്ച ഏകമകൻ ഹരി അവിടെ വാദ്യപ്രതിഷ്ഠയുള്ള ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചു.
മുനിസിപ്പൽ കോംപ്ലക്സിൽ അതിഥി തൊഴിലാളികൾ
പട്ടാളക്കഥകൾ കൊണ്ട് മലയാളത്തെ കോരിത്തരിപ്പിച്ച നന്തനാർ അങ്ങാടിപ്പുറംകാരൻ ആയിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം മുതൽ നിഴൽകുത്ത് വരയുള്ള എല്ലാ ചിത്രങ്ങളുടെയും സിനിമാട്ടോഗ്രാഫർ എന്ന നിലയിൽ സംസ്ഥാന, കേന്ദ്ര പുരസ്കാരങ്ങളും ജെസി ഡാനിയൽ അവാർഡും നേടിയ മങ്കട രവിവർമ്മ എന്ന എംസി രവിവർമ രാജ 10 കിമീ അകലെ മങ്കട കോവിലകത്തെ അംഗം. 2010 ൽ അന്തരിച്ചു.
നഗരത്തിലെ 34 വാർഡുകളിൽ 32 ന്റെ പേര് സംഗീത. അവിടെ ആപേരിൽ ഒരുസിനിമ തീയേറ്റർ ഉണ്ടായിരുന്നുവെന്നും അത് പൊളിച്ചു കളഞ്ഞുവെന്നും മെമ്പർ പിഎസ് സന്തോഷ് കുമാർ പറയുന്നു. വാർഡ് 34 ലെമൺ വാലി. അതിനു നാരങ്ങയുമായി ബന്ധമുണ്ടായിരുന്നോ എന്ന് മെമ്പർ അഡ്വ.എ. പ്രവീണിനു തീർച്ചയില്ല. പണ്ടവിടം നാരകക്കുണ്ട് ആയിരുന്നത്രെ.
നഗരത്തിലെ റമദാൻ നോയമ്പു തുറ
ഏതിനും എന്തിനും ആകർഷകമായ പുതിയ പേരുകൾ കണ്ടെത്തുന്നതിൽ മിടുക്കരാണ് നഗരവാസികൾ. ബെയ്‌റൂട്ട്, കപ്പ കഫെ, പേൾ ലഗൂൺ, ചില്ലീസ്, റോസ് വില്ലേജ്, ടർക് ഡോണർ, ബിഗ് ഫലൂദ, ടെർമിനൽ 20, ഡച്ച് ഫാം, ബാരിസ്റ്റാ അറേബ്യാ, സെവൻത് ലൗഞ്ജ്, കാസ്റ്റിലോ ബാരിസ്റ്റ എന്നിവ പെരിന്തൽമണ്ണയിലെ ചില ഹോട്ടൽ/ റെസ്റ്റോറന്റ്കൾ.
ഗൾഫ് പണത്തിന്റെ ഒഴുക്കുമൂലമാകാം നഗരത്തിൽ എവിടെയും പുതിയ മണിമന്ദിരങ്ങൾ ഉയരുന്നു. പു തിയ സമുച്ചയങ്ങളുടെ പണിനടക്കുന്നു. എട്ടുമണിയാകുന്നതോടെ നഗരത്തിൽ വാഹനങ്ങളുടെ പ്രളയം. പെരിന്തൽ മണ്ണയിലെ മുനിസിപ്പൽ സ്റ്റേഡിയത്തിലും അങ്ങാടിപ്പുറത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും കളികൾക്കു നിറഞ്ഞ സദസ്.
ബെയ്‌റൂട്ട് റെസ്റ്റോറന്റ്, കപ്പ കഫേ
ദൈവവും കമ്മ്യൂണിസവും ഓണവെയിൽ പോലെ ഓടിക്കളിക്കുന്ന പെരിന്തൽമണ്ണ കണ്ടില്ലെങ്കിൽ, ഗൾഫ് കാണാത്തവരെപ്പോലെ, നഷ്ട്ടപ്പെടുന്നത് എന്താണെന്നു നിങ്ങൾ അറിയുന്നില്ല!