Image
Image

അലക്‌സേജിനെ അമേരിക്കയ്ക്ക് കൈമാറും; പകരം തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് നല്‍കും (എ.എസ് ശ്രീകുമാര്‍)

Published on 16 March, 2025
അലക്‌സേജിനെ അമേരിക്കയ്ക്ക് കൈമാറും; പകരം തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് നല്‍കും (എ.എസ് ശ്രീകുമാര്‍)

അമേരിക്കയില്‍ കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ കേസില്‍ വര്‍ക്കലയില്‍ പിടിയിലായ ലിത്വാനിയന്‍ പൗരനും അന്താരാഷ്ട കുറ്റവാളിയുമായ അലക്‌സേജ് ബെസിക്കോവിനെ ഇന്ന് തിഹാര്‍ ജയിലിലടച്ചു. ഭാര്യയ്ക്കും മകനുമൊപ്പം വര്‍ക്കലയിലെ ഹോം സ്റ്റേയില്‍ താമസിച്ചിരുന്ന അലക്‌സേജിനെ കേരളാ പോലീസ് അതി വിദഗ്ധമായാണ് പിടികൂടിയത്. ഇയാളുടെ ഭാര്യയും മകനും രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം നേരത്തെ റഷ്യയിലേയ്ക്ക് പോയിരുന്നു. പിന്നീട് അലക്‌സേജ് ഒറ്റയ്ക്ക് റഷ്യയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് വര്‍ക്കല കുരയ്ക്കണ്ണി കക്കോട് ലെയ്‌നിലെ 'സോയവില്ല' എന്ന ഹോം സ്റ്റേയില്‍ നിന്ന് പിടിയിലാവുന്നത്.

അമേരിക്ക നടപടി കടുപ്പിച്ചതിനാലാണ് അലക്‌സേജ് ഇന്ത്യയില്‍ നിന്ന് എത്രയും പെട്ടെന്ന് റഷ്യയിലേയ്ക്ക് രക്ഷപെടാന്‍ ശ്രമിച്ചത്. എന്നാല്‍ സി.ബി.ഐ കൊമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വര്‍ക്കല ബീച്ചിലും പരിസര പ്രദേശങ്ങളിലും അലക്‌സേജിനായി പോലീസ് വലവിരിച്ചിരുന്നു. ഏതു സമയത്തും പിടിക്കപ്പെടുമെന്ന് അറിയാമായിരുന്നതിനാല്‍ അലക്‌സേജ് കുടുബത്തോടൊപ്പം സഞ്ചരിക്കില്ലായിരുന്നു. ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. 11-ാം തീയതി ഭാര്യയും മകനും സുഹൃത്തുക്കളുമെത്തി.

'സോയവില്ല' എന്ന ഹോം സ്റ്റേയിലാണ് 46-കാരനായ അലക്‌സേജ് സ്ഥിരമായി താമസിച്ചിരുന്നത്. 'സോയവില്ല'യ്ക്ക് ചുറ്റും ഹോം സ്റ്റേകളും ഹോട്ടലുകളുമാണ്. ഒഴിഞ്ഞ ഒരു ചെറിയ റോഡിനോട് ചേര്‍ന്നിരിക്കുന്നതിനാല്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. മാത്രമല്ല, നിരവധി വിദേശികള്‍ ഇവിടെ താമസിക്കുന്നുമുണ്ട്. ഈ അനുകൂല ഘടകങ്ങളുള്ളതിനാലാണ് അലക്‌സേജ് ഒളിവ് ജീവിതത്തിന് ഈ ഹോം സ്റ്റേ തിരഞ്ഞെടുത്തത്. പ്രതിയുടെ ഫോട്ടോയുമായാണ് പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചത്.

വര്‍ക്കലയില്‍ നിന്ന് പിടിയിലായ അലക്‌സേജിനെ കനത്ത സുരക്ഷയിലാണ് വിമാനമാര്‍ഗം കേരള പോലീസ് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയിലേക്കെത്തിച്ചത്. മൂന്നു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് പ്രതിയെ കോടതി അയച്ചു. കസ്റ്റഡി അവസാനിക്കുന്ന ചൊവ്വാഴ്ച സി.ബിഐ ഇയാളെ ഇന്റര്‍പോളിന് കൈമാറുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കും. സി.ബി.ഐയുടെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും കോടതിയിലെത്തിയിരുന്നു.  അലക്‌സേജിനായി ആറ് അഭിഭാഷകരടങ്ങുന്ന സംഘം കോടതിയിലെത്തിയിരുന്നു.

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സി.ബി.ഐയാണ് അലക്‌സേജ് തിരുവനന്തപുരത്തുണ്ടെന്ന വിവരം കേരള പൊലീസിനെ അറിയിച്ചതും തുടര്‍ന്ന് അറസ്റ്റ് ചെയ്തതും. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ കേസില്ല. എന്നാല്‍ 2019-നും 2025-നും ഇടയില്‍ 96 ബില്യന്‍ യു-എസ് ഡോളറിന്റെ, അതായത് എട്ട് ലക്ഷം കോടിയിലേറെ ഇന്ത്യന്‍ രൂപയുടെ ക്രിപ്‌റ്റോ കറന്‍സി ഇടപാട് അലക്‌സേജും കൂട്ടാളി റഷ്യന്‍ പൗരന്‍ അല്കസാണ്ടര്‍ മിറയും യു.എസില്‍ നടത്തിയിരുന്നു. അലക്സേജ് ബെസിയോക്കോവ് കോടികള്‍ സമ്പാദിച്ചത് തീവ്രവാദ സംഘടനകളില്‍നിന്നാണ്.

തട്ടിപ്പിനായി ഗാരന്റെക്‌സ്, ക്രിപ്‌റ്റോ മാക്‌സ് എന്നീ രണ്ടു കമ്പനികളാണ് ഇയാള്‍ നടത്തിയിരുന്നത്. മോസ്‌കോയിലാണ് ഗാരന്റെക്‌സ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഗോഡ്, താലിബാന്‍, ഡ്രഗ്, ഹാക്കര്‍, ക്യാഷ് ഔട്ട്, ക്ലീന്‍ കോയിന്‍സ് തുടങ്ങിയവയാണ് ഇയാള്‍ ഇടപാടുകാര്‍ക്കു നല്‍കിയിരുന്ന പേരുകള്‍. തട്ടിപ്പിന്റെ രീതിയനുസരിച്ചാണ് പേരുകള്‍ നല്‍കിയിരുന്നത്. ഗാരന്റെക്സ് കമ്പനിയുടെ പൂര്‍ണ ചുമതല അലക്‌സേജിനായിരുന്നു. പണമിടപാടുകള്‍ നടത്തിയതും ഇയാളാണ്. ഡാര്‍ക്ക്‌നെറ്റ് വഴിയാണ് കള്ളപ്പണംവെളുപ്പിക്കല്‍ നടത്തിയത്. ആദ്യ കമ്പനിയില്‍ നിരീക്ഷണം വരുന്നുവെന്നു തോന്നിയപ്പോള്‍ തട്ടിപ്പിനായി ക്രിപ്‌റ്റോ മാക്‌സ് എന്ന ഒരു കമ്പനികൂടി തുടങ്ങി.

യുഎസ് ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനായി മറ്റു രാജ്യങ്ങളുടെ ക്രിപ്റ്റോ കറന്‍സികളാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചത്. ഹാക്കിങ്, തീവ്രവാദപ്രവര്‍ത്തനം, ലഹരി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ വഴിയായിരുന്നു തട്ടിപ്പ്. റഷ്യയിലെ സാമ്പത്തിക കുറ്റാന്വേഷണസംഘം നേരത്തേ ഗാരന്റെക്സിനെതിരേ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, വ്യാജരേഖകള്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാക്കി ഇയാള്‍ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. അലക്‌സാണ്ടര്‍ മിറ സെര്‍ദയുടെ പേരിലുള്ള രേഖകളാണ് അലക്‌സേജ് ഹാജരാക്കിയത്.

ഈ മാസം ആറിന് ഗാരന്റെക്സിന്റെ മൂന്ന് വെബ്‌സൈറ്റുകള്‍ക്കെതിരേ അമേരിക്ക നടപടിയെടുത്തിരുന്നു. ജര്‍മനി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഇയാളുടെ കമ്പനിക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ അന്വേഷണ ഏജന്‍സി രണ്ടു ലക്ഷം കോടി രൂപ കണ്ടുകെട്ടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്യുകയുണ്ടായി. 20 വര്‍ഷം വരെ തടവുശിക്ഷ കിട്ടാന്‍ സാധ്യതയുള്ള രണ്ട് കേസിലാണ് അലക്‌സേജ് അമേരിക്കയില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. തഹാവൂര്‍ റാണയെ കൈമാറാന്‍ അമേരിക്ക സമ്മതിച്ചതിനുശേഷമാണ് അമേരിക്കയില്‍ നിയമനടപടി നേരിടുന്ന ഒരാളെ കൈമാറുന്നതിന് ഇന്ത്യ നടപടി തുടങ്ങിയിരിക്കുന്നത്.

2008-ലെ മുബൈ ഭീകരാക്രമണക്കേസിലെ പ്രതിയാണ് തഹാവൂര്‍ റാണ. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ തഹാവൂര്‍ റാണ നല്‍കിയ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളിയിരുന്നു. കനേഡിയന്‍ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് പ്രസിഡന്റ് ട്രംപ് കഴിഞ്ഞമാസമാണ് അനുമതി നല്‍കിയത്. നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം ഉണ്ടായത്. മുംബൈ ഭീകരാക്രമണത്തില്‍ കുറ്റാരോപിതനായ വളരെ അപകടകാരിയായ ഒരു മനുഷ്യനെ യു.എസ് ഇന്ത്യയ്ക്ക് കൈമാറുകയാണെന്ന് ട്രംപ് പറഞ്ഞു. തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അമേരിക്കയുടെ നിലപാടിനെ അഭിനന്ദിച്ച മോദി ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു. 63-കാരനായ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ അതീവ സുരക്ഷാ ജയിലിലാണുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക