
‘എമ്പുരാന്‍’ തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് ‘ലൂസിഫര്‍’ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. മാര്‍ച്ച് 27ന് എമ്പുരാന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ലൂസിഫര്‍ തിയേറ്ററുകളിലെത്തും. മാര്‍ച്ച് 20ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റീ റിലീസിനോട് അനുബന്ധിച്ച് ലൂസിഫറിന്റെ ട്രെയ്‌ലറും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി കഴിഞ്ഞു.
മലയാള സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ട്രെയ്‌ലറുകളില്‍ ഒന്നായിരുന്നു ലൂസിഫറിന്റെത്. റീ റിലീസിനോട് അനുബന്ധിച്ച് പുതിയ ട്രെയ്‌ലര്‍ കട്ട് ആണ് പുറത്തിറക്കിയിരിക്കുന്നത്. 2.01 മിനിറ്റ് ആണ് പുറത്തെത്തിയ ട്രെയ്‌ലറിന്റെ ദൈര്‍ഘ്യം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്ന നിലയില്‍ വലിയ ഹൈപ്പിലെത്തിയ ലൂസിഫര്‍ പ്രതീക്ഷ പോലെ തന്നെ വന്‍ ഹിറ്റായി മാറുകയും ചെയ്തു.2019ല്‍ മാര്‍ച്ച് 28ന് ആയിരുന്നു ലൂസിഫര്‍ ആദ്യം തിയേറ്ററുകളില്‍ എത്തിയത്. 30 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ 127 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. അന്ന് സിനിമ 200 കോടി കളക്ഷന്‍ നേടിയെന്ന് പ്രചാരണം നടന്നിരുന്നുവെങ്കിലും പിന്നീട് അത് തെറ്റാണെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ സമ്മതിച്ചിരുന്നു. എങ്കിലും ലൂസിഫര്‍ കേരളത്തിലും വിദേശ രാജ്യങ്ങളിലും ഓളം സൃഷ്ടിച്ചിരുന്നു.
അതേസമയം, മാര്‍ച്ച് 27ന് രാവിലെ 6 മണി മുതല്‍ എമ്പുരാന്റെ ഷോ ആരംഭിക്കും.