Image

'ഉറ്റവര്‍' ആര്? റിവ്യൂ

Published on 17 March, 2025
'ഉറ്റവര്‍' ആര്? റിവ്യൂ

കേരളം വളരെയേറെ പുരോഗമിച്ചുവെന്ന് പറയുമ്പോഴും ജാതിയുടെ പേരിലുളള ഉച്ചനീചത്വങ്ങളും വേര്‍തിരിവും കലാപങ്ങളുമൊക്കെ ഇപ്പോഴും ഈ സമൂഹത്തില്‍ വളരെ ശക്തിയായി തന്നെ നിലകൊള്ളൂന്നു എന്നതാണ് അനില്‍ ദേവ് സംവിധാനം ചെയ്ത 'ഉറ്റവര്‍' എന്ന ചിത്രം പറയുന്നത്. പുറമേയ്ക്ക് എത്ര പുരോഗമനം പ്രസംഗിച്ചാലും കാര്യത്തോടടുക്കുമ്പോള്‍ ജാതിയിലെ സവര്‍ണ്ണ കീഴാള മനോഭാവങ്ങള്‍ മറനീക്കി പുറത്തു വരുമെന്നത് പല സംഭവങ്ങളിലൂടെയും കണ്ടിട്ടുള്ളതാണ്. ഇതിലെ പച്ചയായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അങ്ങേയറ്റം സത്യസന്ധതയോടെ അഭ്രപാളിയിലെത്തിക്കുകയാണ് സംവിധായകന്‍.

ശ്രീപദ്മം ഹോട്ടല്‍ ഉടമ വടക്കേപ്പാട്ടില്‍ ഗോവിന്ദന്‍ നായരുടെ ഒറ്റ മകളാണ് പദ്മ. ഗോവിന്ദന്‍ നായരുടെ വീട്ടിലെയും ഹോട്ടലിലെയും കൂലിപ്പണിക്കാരാണ് ദലിത് കോളനയിലെ കുമാരനും ഭാര്യ ഗിരിജയും. ഇവരുടെ മകന്‍ ചന്തുവും പദ്മവും ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ്. കൗമാരത്തിലെത്തിയപ്പോള്‍ ഇരുവരുടെയും സൗഹൃദം പ്രണയത്തിന് വഴിമാറി. പിരിയാന്‍ കഴിയാത്ത വിധം ഇരുവരും തമ്മില്‍ അടുക്കുന്നു.   വീട്ടുകാര്‍, പ്രത്യേകിച്ച് പദ്മയുടെ വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് അറിയാവുന്ന ഇരുവരും വീട്ടുകാര്‍ അവരെ വേര്‍പിരിക്കാതിരിക്കാന്‍ വേണ്ടി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നു.എന്നാല്‍ അതോടെ കുമാരന്റെയും ഗിരിജയുടെയും ജീവിതത്തില്‍ പിന്നീട് ഒട്ടനവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

കാലമെത്ര കഴിഞ്ഞാലും ജാതി വിവേചനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്ന് 'ഉറ്റവര്‍' കാട്ടിത്തരുന്നു. കീഴാള വര്‍ഗത്തില്‍ പിറന്നു പോയതു കൊണ്ട് ജനിച്ച നാട്ടില്‍ മനുഷ്യനായി അംഗീകരിക്കപ്പെടാന്‍ ഒരു കൂട്ടം മനുഷ്യര്‍ നടത്തുന്ന പോരാട്ടവും ഈ ചിത്രം കാണിച്ചു തരുന്നുണ്ട്. മതേതരം എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം പറയുമ്പോഴും അത് കേവലം ഉപരിപ്‌ളവമായ കാര്യം മാത്രമാണെന്ന് ബോധ്യപ്പെടുത്തി തരുന്ന അനേകം സംഭവങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും അത്ര മേല്‍ വളര്‍ന്നിട്ടും ജാതി വിവേചനങ്ങളും ദുരഭിമാനക്കൊലകളും നമ്മുടെ രാജ്യത്ത് ഇപ്പോഴും പലയിടത്തായി അരങ്ങേറുന്നു. മതേതരത്വവും മത സൗഹാര്‍ദ്ദവും പ്രസംഗത്തില്‍ മാത്രമാണെന്നും ഗൗരവമേറിയ ഒരു വിഷയത്തോടടുക്കുമ്പോള്‍ ജാതി സ്പര്‍ദ്ധ വെളിയില്‍ വരുന്നതുമാണ് നാം കാണുന്നത്. പ്രണയത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ സാമൂഹ്യ നീതി നിഷേധിക്കപ്പെടുന്നരുടെ ശബ്ദമാണ് 'ഉറ്റവരി'ലൂടെ നാം കേള്‍ക്കുക.

നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അരവിന്ദന്‍ പുരസ്‌കാരം വരെ നേടിയെത്തിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ആതിര മുരളിയും അരുണ്‍ നാരായണനും വളരെ മിക്ചച രീതിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  പ്രണയിക്കു വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കമിതാക്കളായി ഇരുവരും നന്നായി അഭിനയിച്ചിട്ടുണ്ട്. ആശാ നായര്‍, ബ്‌ളോഗര്‍ ശങ്കരന്‍, നാഗരാഷ്, സജി സോപാനം, റോയി മാത്യു, ഡോറ ബായ് എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. സംവിധായകന്‍ ദേവിന്റെ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. മൃദുല്‍ എസിന്റെ ഛായാഗ്രഹണവും ഫാസില്‍ റസാഖിന്റെ എഡിറ്റിങ്ങും രാം ഗോപാല്‍ ഹരികൃഷ്ണന്‍ ഈമം പകര്‍ന്ന ഗാനങ്ങളും ചിത്രത്തിന് മുതല്‍ക്കൂട്ടായി. ഗൗരവമേറിയ പ്രമേയങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകനെ ഈ ചിത്രം നിരാശപ്പെടുത്തില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക