ജനനിയും സിത്താരയും തിരികെ വന്നു . സിത്താരയുടെ ലിവറിന്റെ പ്രവർത്തനം നിലക്കാറായി എന്നാണ് ഡോക്ടർ പറഞ്ഞത് .
ഏതു നിമിഷവും എന്തും സംഭവിക്കാം . അതേക്കുറിച്ചു ചിന്തിക്കാൻകൂടി സാധിക്കുന്നില്ല .
ഒന്നും സംഭവിക്കാത്ത പോലെ ജനനി പെരുമാറുന്നു .
ചില പുഴകളില്ലേ .. വെള്ളമെല്ലാം വറ്റി ഉണങ്ങി തരിശായി .. മുൻപൊരിക്കൽ അവിടെ ഒരു നീർച്ചാൽ ഉണ്ടായിരുന്നുവെന്നു തോന്നിപ്പിക്കുന്നവ . ജനനിയുടെ കണ്ണും
മുഖവും അതാണ് ഓർമ്മിപ്പിക്കുന്നത് .
സിത്താര ആശുപത്രിയിൽ ആയതുമുതൽ സുമേദ് ആകെ വിഷണ്ണനാണ്. എന്നാലും സിത്താര കിടക്കുന്ന മുറിയിൽ നിന്നും മാറാതെ അവൻ സൈലോഫോണിൽ അവിടെയിരുന്നു വായിക്കുന്നുണ്ട് .
അഭിനന്ദനെ വിളിച്ചു ..
സിത്താരക്ക് സുഖമില്ലാത്തതിനാൽ ജനനിക്കു തുണയായി സ്കൂളിൽ താൻ കുറച്ചു ദിവസം താമസിക്കുകയാണെന്നു പറഞ്ഞു . മെഹറുനിഷയുടെ മേലുള്ള സംശയം പറഞ്ഞില്ല .
എന്തോ ശരിക്കും ഉറപ്പില്ലാത്ത കാര്യങ്ങൾ ജനനിയോടല്ലാതെ വേറെ ഒരാളോടും പങ്കുവെക്കാൻ സാധിക്കില്ല .
സെപ്റ്റംബർ അഞ്ചാം തിയതി , സംഗീത പരിപാടി ചെയ്യാമെന്നേറ്റ പ്രതീപ്‌ചന്ദ്രന് സ്കൂളിൽ ഒന്നു വരണമെന്ന ആഗ്രഹം അറിയിച്ചു . അദ്ദേഹം അടുത്ത ദിവസം തന്നെ വന്നു .
സാത്വികനായ , ഡൌൺ ടു ഏർത് എന്ന് ഇംഗ്ലീഷിൽ വിശേപ്പിക്കാവുന്ന ഒരു വ്യക്തിത്വം .
കൂടെ അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു . അവർക്കു കുട്ടികളില്ലെന്ന കാര്യം അന്നാണ് അറിയുന്നത് .
കുറച്ചു സമയം ഓഫീസ്മുറിയിൽ ചിലവഴിച്ചശേഷം , രണ്ടുപേരും എല്ലായിടവും ഒന്ന് ചുറ്റിക്കണ്ടു . സിത്താരയുടെ മുറിയിൽ സൈലോഫോൺ വായിച്ചിരിക്കുന്ന സുമേദ് അദ്ദേഹത്തിൽ കൗതുകം ഉളവാക്കി . അവൻ വായിക്കുന്നത് കേട്ടിരുന്ന അദ്ദേഹം ചോദിച്ചു
" മോന്റെ പേരെന്താ "
സൈലോഫോണിൽ അവൻ കൊട്ടിയതു കേട്ട് അദ്ദേഹം ചോദിച്ചു ..
" സുമോദ് എന്നാണോ ?"
അവൻ ഒരിക്കൽ കൂടി അതിൽ കൊട്ടി
" ഓ സുമേദ് ... "
സംഘമിത്ര ആശ്ചര്യഭരിതയായി സുമേദിന്റെ മുഖത്തേക്ക് നോക്കി .
" ഇവൻ വായിക്കുന്നത് , അങ്ങേക്ക് മനസ്സിലായോ ? "
" തീർച്ചയായും "
തന്നെ അംഗീകരിച്ചതിലുള്ള സന്തോഷം ആ മുഖത്തു പ്രകടമായിരുന്നു .
" എനിക്കായി ഒരു പാട്ട് ഇതിൽ വായിക്കുമോ .. ? "
പെട്ടെന്നവൻ ഒരു ഈണമിട്ടു ..
അദ്ദേഹം അതിനോടൊപ്പം പാടി ...
കണ്ണാം തുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ
നിന്നെ കൂടാതില്ലല്ലോ ഇന്നെന്‍ ഉള്ളില്‍ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം ..
ദൈവമേ അമ്മ അവന്റെ ചെറുപ്പത്തിൽ അവനു പാടിക്കൊടുത്ത പാട്ട് ...
" സുമേദ് നന്നായി വായിക്കുന്നു , ആരെങ്കിലും പഠിപ്പിച്ചതാണോ ? "
" ഇല്ല തനിയെ പഠിച്ചതാണ്.. "
തന്റെ അനുജൻ ഇത്രയും നാൾ ഈ പാട്ടുകൾ വായിച്ചത് താൻ ശ്രദ്ധിച്ച തേയില്ലല്ലോ..
മറ്റൊരാൾ വേണ്ടി വന്നു അത് മനസ്സിലാക്കിത്തരാൻ .
പ്രതീപ്‌ചന്ദ്രൻ വളരെ സമയം അവന്റെയൊപ്പം ചിലവഴിച്ചു . അദ്ദേഹത്തിനായി അവൻ പിന്നെയും കുറെ പാട്ടുകളുടെ ഈണമിട്ടു .
അവിടെയുള്ള ഒട്ടുമുക്കാൽ അമ്മമാരും , ചില അന്തേവാസികളും ആ മുറിയിൽ കൂടിയിരുന്നു .
സിത്താര മാത്രം കണ്ണടച്ചു കിടന്നു . അവളാകെ രോഗവിവശയാണ് .
ഇടയ്ക്കിടെ സുമേദ് അവളെ നോക്കുന്നുണ്ടായിരുന്നു .
പ്രതീപ് ചന്ദ്രൻ അവന്റെയൊപ്പം പാടാൻ വീണ്ടും വരാമെന്നു വാക്കു പറഞ്ഞു തിരികെ പോയി .
ഇങ്ങനെയൊരു കഴിവ് തന്റെ സഹോദരനുണ്ടായിരുന്ന വിവരം മിത്ര അറിഞ്ഞിരുന്നില്ല .
അമ്മയെ വിളിച്ചവൾ ഈ കാര്യം പറഞ്ഞപ്പോൾ അമ്മക്ക് അവനെ കാണാൻ കൊതിയായി എന്നു പറഞ്ഞു.
പക്ഷെ അച്ചാച്ചനെ ഇട്ടിട്ടു വരാൻ ബുദ്ധിമുട്ടാണ് എന്നും പറഞ്ഞുകൊണ്ട് അമ്മ ദീർഘനിശ്വാസം എടുത്തു .
എല്ലാവരും മുറിയിൽ നിന്നും പിരിഞ്ഞു പോയപ്പോൾ മിത്ര സുമേദിനെ വാരിപ്പുണർന്നു . സാധാരണ അതൊക്കെ എതിർക്കുന്നവൻ ഒന്നും ഉരിയിടാതെ ചേച്ചിയോട് ചേർന്നുനിന്നു .
അന്നു വൈകുന്നേരം ജനനി , സംഘമിത്രയെ നിർബന്ധിച്ചു വീട്ടിലേക്കു വിട്ടു .
" ഒന്ന് പോയി കുളിച്ചു റസ്റ്റ് എടുത്തു വരൂ .. "
അഭിനന്ദനെ കാണാൻ ആഗ്രഹിച്ചെങ്കിലും അതൊരു ഫോൺ വിളിയൊലൊതുക്കി .
" എന്താ മിത്ര എന്തെങ്കിലും മനസ്സിനെ അലട്ടുന്നുണ്ടോ ?
അയാളാ ചോദ്യം രണ്ടു പ്രാവശ്യം ചോദിച്ചു , അവളുടെ ശബ്‍ദത്തിൽ, എന്തോ പറയാൻ ആഗ്രഹിച്ചെങ്കിലുമതു മറച്ചുവെക്കുന്നതുപോലെ തോന്നി .
" ഒന്നുമില്ല എന്നു പറഞ്ഞെങ്കിലും തന്റെ മനസ്സിലെ സന്ദേഹം പങ്കുവെക്കണമെന്നവൾക്കുണ്ടായിരുന്നു. സത്യം അറിയാതെ എങ്ങനെ ഒരാളെ പഴിചാരും. വേണ്ടായെന്നു മനസ്സ് പറഞ്ഞു .
പിറ്റേന്ന് രാവിലെ ഡോക്ടർ ചന്ദ്രലേഖയും ഡോക്ടർ ഭാസ്കറും വന്നു .
രണ്ടുപേരും ഉച്ചവരെ അവിടെ ചിലവഴിച്ചു . സിത്താരയുടെ മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിച്ചു .
ഒന്നും പ്രവചിക്കാൻ സാധിക്കില്ല .
എന്നാലും ദിവസങ്ങൾ വളരെ ചുരുക്കം മാത്രം ഇനിയുള്ളു എന്ന് മനസ്സിലായി .
ജനനി എല്ലാം ശാന്തയായി കേട്ടു . ആ മുഖത്ത് ആഞ്ഞടിക്കുന്ന സങ്കടത്തിന്റെ തിരമാല മിത്രയ്ക്ക് കാണാമായിരുന്നു . പിന്നെയതു മെല്ലെ അടങ്ങിയതു പോലെ .
ചിലപ്പോൾ സങ്കടം അനുഭവിച്ചനുഭവിച്ച് , അതിന്റെ പര്യവസാനമാകുമ്പോൾ ഒരു മരവിപ്പ് അനുഭവപ്പെടും ; നിർവികാരത . സങ്കടം ചൂഴ്ന്നു പിടിക്കുമ്പോൾ ആദ്യം ഉള്ളിൽ ഒരു കൊടുങ്കാറ്റ് രൂപം കൊള്ളും . പിന്നെയത് പെരുമഴക്കു ശേഷം പ്രകൃതി എങ്ങനെയോ അങ്ങനെയടങ്ങും .
കഴിഞ്ഞ പതിനേഴു വർഷം വിശ്രമമില്ലാതെ മകൾക്കായി ജീവിച്ചു .
വേറെയും കുറെ ജീവിതങ്ങൾക്ക് താങ്ങും തണലുമായി .
പക്ഷെ ജനനിയെ ഒരിക്കൽപോലും പൊട്ടിച്ചിരിച്ചു കണ്ടിട്ടിട്ടില്ല . എപ്പോൾ ചിരിച്ചാലും അതിൽ ഒരു മ്ലാനത ഉണ്ടാകും .
എന്നാലും
ആദ്യം പരിചയപ്പെട്ടപ്പോൾ കണ്ട ജനനില്ലയിത് . മുഖഛായ പോലും മാറിയിരിക്കുന്നു . അന്ന് ആ കണ്ണുകളിൽ അഗ്നി ജ്വലിച്ചിരുന്നു . ഇന്നവിടെ മൃത്യുവിനെ മുറിക്കുള്ളിലേക്ക് കടത്തിവിടാതെ കാവൽ നിൽക്കുന്ന കാവൽക്കാരിയുടെ ഭാവങ്ങളാണ് .
ഭയം , ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെടാൻ പോകുന്നതിന്റ വ്യാകുലത. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയില്ല ..
വാതിൽപ്പടിയിൽ മരണത്തിന്റെ ഗന്ധം .. റോസാപ്പൂക്കളും ഭസ്മവും കലർന്ന ഗന്ധമവിടെയാകെ വ്യാപിക്കുന്നു .
മിത്രക്ക് ആരെയെങ്കിലും വിളിച്ചു സംസാരിക്കണമെന്ന് തോന്നി .
സംപ്രീതിയെ വിളച്ചവൾ .
" മിത്ര നീ പറയുന്നത് എല്ലാം ശരിയാണ് , ഈ വേദനയിൽ നിന്നും സിത്താരക്ക് ശാശ്വതമായ ഒരു മോചനം ലഭിക്കും . എല്ലാ വിടവാങ്ങലും വേദനയാണ് തരുന്നത് , ആ വേദനയിൽ നിന്നുകൊണ്ട് തന്നെ നമ്മളൊക്കെ പിന്നെയും ജീവിക്കും .
എന്റെ അമ്മയുടെ ദിവസങ്ങളും എണ്ണപ്പെട്ടിരിക്കുന്നു . ജീവിതം പിന്നെയും മുൻപോട്ടു പോകും .. പോകണം ."
മിത്ര ഒന്നും മറുപടി പറയാതെ മൂളിക്കേട്ടു .
" നീ കഴിയുന്നതും ജനനിയുടെ കൂടെ ഉണ്ടാകണം .."
ഫോൺ വെച്ചപ്പോഴാണ് സുമേദിനെ പുറകിൽ ശ്രദ്ധിച്ചത് .
അവന്റെ കൈയ്യിൽ സൈലോഫിണില്ല . മെല്ലെയവൻ ചേച്ചിയെ കെട്ടിപ്പിടിച്ചു തേങ്ങിക്കരഞ്ഞു . അവ്യക്തമായി എന്തൊക്കെയോ ഉരുവിട്ടു .
അവന് എല്ലാം മനസ്സിലായിരിക്കുന്നു .
കുറച്ചു സമയത്തിന് ശേഷം സുമേദ് വീണ്ടും സിത്താരയുടെ മുറിയിലേക്ക് പോയി .ജനനി കണ്ണടച്ച് കസേരയിലിരുന്നു . സിത്താര ഉറങ്ങുകയാണ് . ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ശാന്തത അവളുടെ മുഖത്തു ദൃശ്യമായി .
അഭൗമമായ സമാധാനം ...
സമയം വളരെപ്പതുക്കെ നീങ്ങുന്നതുപോലെ തോന്നി .
സിത്താര എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ സുമേദ് ജനനിയെ തട്ടിവിളിച്ചു . അവൾക്കു വിശക്കുന്നുണ്ടെന്നു മനസ്സിലായി , ആശയെ വിളിച്ചു കുറച്ചു കഞ്ഞി കൊണ്ടുവരാൻ പറഞ്ഞു .
സുമേദ് അടുക്കളയിലേക്കു പോയി ആശ കഞ്ഞിയെടുക്കുന്നതു നോക്കി നിന്നു .
ആശയുടെ കൈയിൽ നിന്നും കഞ്ഞി വാങ്ങി സ്പൂണിലെടുത്ത് ജനനിയുടെ വായിൽ ഒഴിച്ചു കൊടുത്തു .
അവൾ രണ്ടുകവിളത് കുടിച്ചു.
വീണ്ടും കിടന്നു .
പെട്ടെന്ന് കുടിച്ചതു ശർദ്ധിച്ചു .പൂർണ്ണമായ അബോധാവസ്ഥയിലേക്കവൾ ഊർന്നുകൊണ്ടിരുന്നു.
ജനനി , " മോളെ സിത്താരെ " എന്ന് വിളിച്ചപ്പോൾ പാതി അടഞ്ഞ കണ്ണുകൾ കൊണ്ടവൾ അമ്മയെ നോക്കി . മിത്രയും സിത്തുവെന്നു വിളിച്ചെങ്കിലും എന്തെങ്കിലും പറയാൻ അവളുടെ ശബ്ദം പുറത്തേക്കു വന്നില്ല . അത് തൊണ്ടയിൽ കുടുങ്ങി .
അവളുടെ കണ്ണുകൾ മുകളിലോട്ടു പോയി. തൊണ്ടയിൽ നിന്നും ഒരു ഞരക്കം മാത്രം . ഹൃദയം നിലച്ചു പോകുന്ന കാഴ്ച.... ജീവിതത്തിൽ ഇതിലധികം വേദനാജനകമായ കാഴ്ചയിനി കാണാനില്ല എന്ന് കൂടി നിന്നവർക്കെല്ലാം തോന്നി .
ജനനി കരഞ്ഞില്ല .
" മോളെ സിത്തു , നീ അമ്മയെ തനിച്ചാക്കി പോകുകയാണോ" എന്ന് ചോദിച്ചു കൊണ്ടേയിരുന്നു .
ആത്മാവിന്റെ യാത്രാമൊഴി അവിടെ മുഴങ്ങിയതായി തോന്നി .
അവളുടെ , പൂമൊട്ടു പോലെയുള്ള മനോഹരമായ ശരീരം അനക്കമില്ലാതെയായി .
പതിനേഴു വർഷക്കാലം നോക്കി പരിപാലിച്ച കുഞ്ഞ് , അവൾ നിശ്ചലയായി ..
ഇത്ര സ്നേഹമസൃണമായി അവളെ ശുശ്രൂഷിച്ച അമ്മ ജനനി .!
അവർ കരഞ്ഞില്ല.
അലമുറയിട്ടില്ല .
തകർന്ന ഹൃദയം; വാരിയെല്ലുകൾ ഒടിഞ്ഞത് പോലെയാണത് . ആർക്കും അത് പുറത്തു കാണാൻ സാധിക്കില്ല പക്ഷേ ശ്വസിക്കുമ്പോഴെല്ലാം നെഞ്ചിൽ വല്ലാത്ത വേദനയത് നൽകുന്നു .
ജനനി, സിത്താരയുടെ ആ മെലിഞ്ഞ കൈ , ഇപ്പോഴും ചൂടുണ്ടതിന് , അവരതു മെല്ലെ അമർത്തിപ്പടിച്ചു .
സുമേദിന് സിത്താര കടന്നു പോയെന്നു മനസ്സിലായി . എന്തൊക്കെയെ ഉരിയാടി , തല ഭിത്തിയിൽ ഇടിച്ചു കൊണ്ട് , ഉച്ചത്തിലവൻ അലമുറയിട്ടു .
ആ ശബ്‌ദം കേട്ടിട്ട് , മറ്റ് അമ്മമാരും മക്കളും മുറിയിലേക്ക് കയറി വന്നു . അവിടം ഒരു വിഷാദക്കടലു പോലെയായി ..
തുടരും...