Image
Image

പക്ഷികൾ പാട്ട് പാടുന്നതെന്തിന്? (രമാ പിഷാരടി)

Published on 17 March, 2025
പക്ഷികൾ പാട്ട് പാടുന്നതെന്തിന്? (രമാ പിഷാരടി)

പക്ഷികൾ പാട്ട് പാടുന്നതെന്തിന്.?  തീർച്ചയായും പക്ഷികൾ  പാടുന്നത് ഒരു ഗ്രാമിപുരസ്കാരം ലഭിക്കുവാനല്ല

‘’The Birds aren’t singing to win a Grammy
They’re not trying go platinum
Through their marketing or planning
They’re just jamming
I listen without even understanding
The truth without agenda
Is authentically astounding’’
(By Adam Schmalholz)

ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ കൂടുകൂട്ടിയ  മാനുഷികമായ ആകുലതകൾ സ്വയം അപ്രത്യക്ഷമാകും. ചിറകടിയോടെ ഒരു പക്ഷി സ്വതസിദ്ധമായ നിസ്വാർത്ഥതയോടെ ഒരു പാട്ട് കൂടി പാടും.

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് മുഖം മൂടിയിട്ട് വന്ന്  ലെൻസുകൾ  വച്ച് പോരായ്മകൾ മാത്രം പർവ്വതീകരിക്കുന്ന  സ്വയം പ്രമുഖരെന്ന് ആഘോഷിക്കുന്ന അല്പന്മാരായ മനുഷ്യരെ ഈ പക്ഷികൾ സഹതാപത്തോടെ നോക്കും. ഒരു പാട്ട് കൂടി ലയത്തോടെ പാടും. പ്രപഞ്ചം അത് കേട്ടുണരും. ആദരവോടെ നക്ഷത്രവിളക്കുകളണിഞ്ഞ് ആകാശം ആ പാട്ടിന് പ്രകാശമേകും.

IN-Q എന്ന തൂലികാനാമത്തിലെഴുതുന്ന ആഡം ഷ്മാൽഹോൾസിന്റെ ഈ ഗാനം എത്രയെത്ര മനുഷ്യഹൃദയങ്ങളെയാണ് ശാന്തമാക്കിയിരിക്കുന്നത്. ഓപ്ര വിൻഫ്രിയുടെ  സൂപ്പർ സോൾ 100 ലിസ്റ്റിൽ ഈ ഗാനരചയിതാവിൻ്റെ സൃഷ്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ താമസമാക്കിയ ആഡം  നാഷണൽ പോയട്രി സ്ലാം ചാമ്പ്യനായിരുന്നു.  സർക്യൂ ഡു സോലൈൽ പ്രൊഡക്ഷനിൽ അവതരിപ്പിച്ച ആദ്യത്തെ കവിയാണ് അദ്ദേഹം , ഒരു ഗാനരചയിതാവ് എന്ന നിലയിൽ, IN-Q, മിലി റേ സൈറസ് , അലോ ബ്ലാക്ക് , മൈക്ക് പോസ്നർ , സെലീന ഗോമസ് തുടങ്ങിയ കലാകാരന്മാരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്  2014-ൽ ഔദ്യോഗിക ലോകകപ്പ് ഗാനത്തിന്റെ സഹ-രചയിതാവായി

സാങ്കേതികവിദ്യയും മാനവികതയും തമ്മിലുള്ള ബന്ധം പര്യവേക്ഷണം ചെയ്യുന്ന IBM-ൽ സംഘടിപ്പിച്ച  ലാഭേച്ഛയില്ലാതെയുള്ള പരിപാടിയിൽ പ്രഭാഷകരുടെ പാനലിൽ ചേരാൻ   TED, IN-Q-നെ  2014 ൽ ക്ഷണിച്ചു. അദ്ദേഹത്തിന്റെ സമീപകാല വീഡിയോകളായ "The Only Reason We're Alive"  "The Most Important Vote We'll Ever Cast"   ആറ് ദശലക്ഷത്തിലധികം പ്രേക്ഷകരുണ്ടായി.

വലയിൽ കുരുക്കാൻ കാത്തിരിക്കുന്ന അവിവേകികളായ മനുഷ്യരുടെയിടയിലും  ഭയലേശമന്യേ പക്ഷികൾക്ക് പാടാനാവുന്നത് അവരുടെ ഹൃദയത്തിലെ ദൈവികമായ നൈർമ്മല്യം കൊണ്ടാണ്. പ്രപഞ്ചത്തിലെയും പ്രകൃതിയിലെയും മനോഹരങ്ങളായ സൃഷ്ടികളൊന്നും അന്യോന്യം മൽസരിക്കാറില്ല, പുൽക്കൊടിക്ക് വൻമരത്തോട് മാൽസര്യമില്ല. നക്ഷത്രങ്ങൾക്ക് ഭീമാകാരന്മാരായ ഗോളങ്ങളോട് മാൽസര്യമില്ല. അതിമനോഹരമായ അനസൂയരുടെ വിശേഷപ്പെട്ട ലോകമാണത്. മനുഷ്യരങ്ങനെയല്ല, മഹാശക്തികളെന്ന് സ്വയം ഘോഷിച്ച് യുദ്ധങ്ങളും, രക്തച്ചൊരിച്ചിലുമുണ്ടാക്കുന്നു. സ്വന്തം ഇടം മഹനീയമാക്കുക എന്നതിനെക്കാൾ അയൽദേശങ്ങളിലേക്ക് ഒളിനോക്കിക്കൊണ്ടിരിക്കും  അയൽദേശത്തിൻ്റെ ഉന്നമനം സഹിക്കാനാകാതെ വരുമ്പോൾ  കൗരവസേനയുണ്ടാക്കി ആക്രമിക്കും. നോക്കൂ പക്ഷികളുടെ വിവേകം പോലും ഇല്ലാതെ പലവിധ മുഖം മൂടികളും ധരിച്ച് സ്വന്തം കണ്ണിലെ വൻകോലുകളെടുത്ത് മാറ്റാതെ, തിമിരമാറ്റാതെ അടുത്തിരിക്കുന്നവരുടെ പോരായ്മ തേടി നടക്കുന്നവർ.  ഇവരൊക്കെ പ്രകൃതിയെയും, പ്രപഞ്ചത്തെയും കണ്ട് പഠിച്ചിരുന്നുവെങ്കിൽ എത്ര നന്നായേനെ എന്ന് ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ തോന്നി.

അതെ, പക്ഷികൾ പാടുന്നത് പുരസ്കാരത്തിനായില്ല. ആത്മസാക്ഷാത്കാരമായിരിക്കാം. ദൈവത്തിൻ്റെ പ്രതിനിധികളാകാമവർ. അവർ പാട്ട് പാടട്ടെ. സാഗരങ്ങളും, കടലുകളും വാദ്യമേളങ്ങളൊരുക്കട്ടെ. മഴത്തുള്ളികളിൽ നിന്ന് അനശ്വരമായ ഗാനങ്ങളുടെ ആധാരശ്രുതിയുണ്ടാകട്ടെ. മാൽസര്യമില്ലാതെ അവരുടെ കൂടെ സസന്തോഷം മനസ്സും, ഹൃദയവും തുറന്ന് പാടാം

’The Birds aren’t singing to win a Grammy

The truth without agenda

Is authentically astounding’’

=======================================================

(IN-Q IN-Query, is the stage name of Adam Schmalholz, an American songwriter and National Poetry Slam champion from Los Angeles, California. Schmalholz describes his poetry as a reflection of his own experiences and life lessons.

=======================================================

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക