ഒരു മലയാള കുടുംബ നാടകമാണ്,
നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത "നാരായണീന്റെ മൂണാൺമക്കൾ " എന്ന പുതുചിത്രത്തിന്റെ ഇതിവൃത്തം. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ ലോപ്പസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ രചനയും നിർമ്മാണവും ജോബി ജോർജ് ആണ്. അപ്പു പ്രഭാകർ ഛായാഗ്രാഹകനും രാഹുൽ രാജ് സംഗീതസംവിധായകനും ജ്യോതി സ്വരൂപ് പാണ്ട എഡിറ്ററുമാണ് പ്രധാന സാങ്കേതിക സംഘം. ചുരുങ്ങിയ ദിവസങ്ങളിൽ തന്നെ വലിയ ഓളമാണ് ഈ ചിത്രം സൃഷ്ടിച്ചത്. സഹോദരബന്ധങ്ങളുടെ സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ സിനിമ, ലളിതമായ കഥ പറച്ചിലിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവരുന്നു. ജോജു ജോർജ്, സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ, ഗാർഗി അനന്തൻ, തോമസ് മാത്യു എന്നിവരുടെ പ്രകടനങ്ങൾ ചിത്രത്തെ കൂടുതൽ മികവുറ്റതാക്കുന്നു.
നാടകീയമായ രംഗങ്ങളോ, വലിയ സംഘർഷങ്ങളോ ഇല്ലാതെ, വളരെ സ്വാഭാവികമായ ഒഴുക്കിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ഇത് പ്രേക്ഷകർക്ക് കഥാപാത്രങ്ങളുമായി കൂടുതൽ അടുപ്പം തോന്നിപ്പിക്കുന്നു. വിഷാദിയും നിഷേധിയുമായ മൂത്ത സഹോദരൻ വിശ്വൻ, ഒതുങ്ങിപ്പോയ ഇളയ സഹോദരൻ സേതു, വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന ഭാസ്കർ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ സൂക്ഷ്മമായ കഥപറച്ചിലിനെ പലരും പ്രശംസിച്ചിട്ടുണ്ടെങ്കിലും, കസിൻസായ സഹോദരനും സഹോദരിയും വികാര തീവ്രതയിൽ ചുംബിച്ചു തുടങ്ങുന്ന പ്രമേയം പ്രേക്ഷകരിൽ ചിലരിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചിലർ സിനിമ ഒരു നിഷിദ്ധ വിഷയത്തെ സാധാരണവൽക്കരിക്കുകയാണെന്ന് ആരോപിച്ചപ്പോൾ, മറ്റു ചിലർ സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളെ പര്യവേക്ഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം സിനിമയ്ക്ക് ഉണ്ടായിരിക്കണമെന്ന് വാദിക്കുന്നു.
ഈ സിനിമയിൽ സഹോദരന്മാർ തമ്മിലുള്ള ഒരു വിദ്വേഷം പ്രകടമായി കാണിക്കുന്നുണ്ട്. പരസ്പരം സ്നേഹത്തോടെ കഴിയേണ്ട മക്കൾ പിണങ്ങി മൂന്നു സ്‌ഥലങ്ങളിൽ ജീവിച്ചു വരുന്നു. രണ്ടാമൻ സേതു അവിവാഹിതനായി വാർധക്യത്തിൽ മരണം കാത്തിരിക്കുന്ന അമ്മയെ പരിചരിച്ചു ചെറിയ ഒരു കടയും നടത്തി മര്യാദക്കാരനായി ജീവിച്ചു വരുന്നു. അമ്മ ഉടൻ മരിക്കുമെന്ന വിവരം അറിഞ്ഞു മറ്റു രണ്ടു മക്കളും സകുടുംബം എത്തിച്ചേരുന്നു.
ആതിര, നിഖിൽ എന്നീ രണ്ടു കുട്ടികളുടെ ബന്ധത്തെപ്പറ്റി പറയുമ്പോൾ അവർ ജീവിതത്തിൽ ഒരിക്കലും തമ്മിൽ കണ്ടിട്ടില്ലാത്ത വ്യക്തികളാണ്. അവർക്കിടയിൽ മുൻപെങ്ങും ഒരു തരത്തിലുള്ള ബന്ധവും ഇല്ല. അങ്ങനെ ഒരാൾ ഉണ്ടെന്നു തന്നെ അവർക്ക് രണ്ടുപേർക്കും അന്യോന്യം അറിയില്ല. വിശ്വനാഥൻ എന്ന അച്ഛൻ മകളോട് അനുജനെക്കുറിച്ച് പറഞ്ഞു പരിചയപ്പെടുത്തിയതായി തോന്നുന്നില്ല. അതുപോലെ തന്നെ ഭാസ്കരൻ തന്റെ ജീവിതത്തിന്റെ തിരക്കിനിടയിൽ ജ്യേഷ്ഠന്റെ മകളെക്കുറിച്ചും അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മകനോട് പറയാൻ ഇടയില്ല. അവർ തമ്മിൽ കാണുമ്പോൾ പേര് പറഞ്ഞാണ് പരിചയപ്പെടുത്തുന്നത് തന്നെ.
സിനിമയിൽ രണ്ടു സഹോദര കഥാപാത്രങ്ങൾ തമ്മിൽ ഉടലെടുക്കുന്നതായി കാണിക്കുന്ന സൗഹൃദ–പ്രണയ ബന്ധം വ്യാപക വിമർശനങ്ങളും സൃഷ്ടിച്ചു കഴിഞ്ഞു. രക്തബന്ധത്തിലേക്കൊന്നും അവരുടെ ചിന്ത പോകുന്നില്ല. ഒരു സൗഹൃദമായാണ് ആ ബന്ധം ഉരുത്തിരിഞ്ഞു വരുന്നത്.എങ്കിലും കൗമാരപ്രായത്തിലുള്ള ഒരു ആണും പെണ്ണും അടുത്ത് ഇടപഴകുമ്പോൾ ലൈംഗീകവാസനയുടെ ആദ്യ പടിയായ ചുടുചുംബനങ്ങളിലേക്കു അവർ വഴുതിവീണു. ഒരു സഹോദരനും സഹോദരിയുമായി അവരെ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർക്ക് അത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. കഥയിൽ അവരെ മുറപ്പെണ്ണും മുറച്ചെറുക്കനും ആക്കിക്കൂടെ എന്നാണ് പെട്ടെന്ന് ചിന്തിച്ചു പോകുന്നത്. രണ്ടു സഹോദരന്മാരുടെ മക്കളും, സഹോദരീ സഹോദരന്മാരായതു കൊണ്ട് അവരുടെ വൈകാരികതലം അവിഹിതമായിരിക്കാം, കുറച്ചുപേർക്ക് ആ സീനുകൾ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നാണ് മനസ്സിലാകുന്നത്.
പുതിയ തലമുറയ്ക്ക് ഈ ബന്ധം നൽകുന്ന സന്ദേശം നമ്മളറിയാതെ പരീക്ഷിക്കപ്പെട്ടു പോകാൻ സാധ്യതകൾ ഏറെയെന്നു മനസിലാക്കണം.
അതുകൊണ്ടുതന്നെ ഈ വിഷയം ഇൻസെസ്റ്റ് വിഭാഗത്തിലേക്ക് വഴുതിപ്പോകാതെ കൃത്യമായി സംവിധായകൻ കഥയെ മനോഹരമായി അവസാനിപ്പിച്ചതിനാൽ നാരായണീന്റെ മൂന്നാണ്മക്കൾ ശുഭപര്യവസായതിൽ പ്രേക്ഷകർക്കും സന്തോഷം.
(ഇന്സെസ്റ്റ് എന്നാൽ
അടുത്ത ബന്ധുക്കൾ തമ്മിലുള്ള ലൈംഗിക ബന്ധമാണ്. ഉദാഹരണത്തിന് ഒരു സഹോദരൻ, സഹോദരി അല്ലെങ്കിൽ മാതാപിതാക്കൾ മക്കളുമായി അവിഹിത ബന്ധം).