ഒരു ദിവസം അയലത്തെ ക്രിസ്തീയ കുടുംബമായ മണ്ണാവുന്നേൽ വീട്ടിൽ ആരോ മരിച്ചു. ഒരുപക്ഷേ ബാല്യത്തിൽ ആദ്യമായി ഒരു മരണം സംഭവിച്ചത് ഞാൻ കണ്ടത് അന്നായിരുന്നിരിക്കണം. അന്നവിടെ കൂട്ടപ്രാർത്ഥനയിൽ കേട്ട പാട്ടിലെ വരികളും അതിൻ്റെ ഈണവും എൻ്റെ ഓർമ്മയിൽ പതിക്കുകയായിരുന്നു.
മരണം വരുമൊരുനാൾ ഓർക്കുകമർത്യാ നീ
കൂടെ പോരും നിൻ ജീവിതചെയ്തികളും
സൽകൃത്യങ്ങൾ ചെയ്യുക നീ .. അലസത കൂടാതെ ..
ചെല്ലുക മർത്യാ നീ എന്തിനു കരയുന്നു
വ്യാകുല മാനസനായി എന്തിനു നീറുന്നു
തിരമാലകളാൽ തിങ്ങിമറിഞ്ഞു ഇളകും കടൽ പോലെ ..
മരണം വരുമൊരുനാൾ ഓർക്കുകമർത്യാ നീ
കൂടെ പോരും നിൻ ജീവിതചെയ്തികളും
സൽകൃത്യങ്ങൾ ചെയ്യുക നീ .. അലസത കൂടാതെ ..
**
ഞാൻ മൂന്നാം ക്‌ളാസ്സിൽ പഠിക്കുമ്പോളായിരുന്നു പഞ്ചായത്ത് റോഡിനപ്പുറം പുതിയ വീടുവച്ചു ഞങ്ങൾ അവിടെ താമസിച്ചു തുടങ്ങിയത്.
വൈക്കത്തുശ്ശേരിയും, കളരിക്കലും, വേണാട്ടുശേരിയും, കിഴക്കേടവും ഞങ്ങളുടെ പുതിയ അയല്പക്കങ്ങളായിരുന്നു.
**
കുട്ടികാലത്ത് കാട്ടിക്കൂട്ടിയ ഒരു ബുദ്ധിമോശത്തിൻ്റെ കഥ.
ഞങ്ങളുടെ പറമ്പു കഴിഞ്ഞു നാലു പറമ്പുകൂടി കഴിഞ്ഞാൽ താമരപ്പറമ്പാണ്. ഈ പറമ്പുകൾ കുറുകെ ഓടിയാണ് ഞാൻ സജിത്തിൻ്റെ വീട്ടിൽ എത്തുന്നത്. മതിലുകൾ കെട്ടി ഉയർത്തി മനുഷ്യർ വേർതിരിഞ്ഞു ജീവിച്ചു തുടങ്ങിയിരുന്നില്ല അന്ന്.
രാവിലെ സ്കൂളിലേക്കു പോകാൻ തയ്യാറായി അവൻ ഞങ്ങളുടെ വീട്ടുമുറ്റത്തു വരും. അമ്മ അവനെ നിർബന്ധിച്ചു ദോശയും, ഇഡലിയും ഒക്കെ കഴിപ്പിക്കും. എൻ്റെ ചോറ്റുപാത്രത്തിൽ വയ്ക്കുന്നതുപോലെ അവൻ്റെ ചോറ്റുപാത്രം തുറന്ന് മീൻ വറുത്തതും കറികളും ഒക്കെ അമ്മ വയ്ക്കും.
സജിത്തിൻ്റെ അച്ഛനും അമ്മയും അന്ന് സിംഗപ്പൂരിലായിരുന്നു. അപ്പൂപ്പൻ്റെയും അമ്മൂമയുടെയും കൂടെയായിരുന്നു അവൻ കഴിഞ്ഞിരുന്നത്.
അന്നൊക്കെ ഞങ്ങളുടെ വിഷമം, ഞങ്ങൾ രണ്ടു വീടുകളിൽ ആണല്ലോ എന്നതായിരുന്നു.
ഞങ്ങൾ തെങ്ങിൻ്റെ മടലുവെട്ടി ക്രിക്കറ്റ് ബാറ്റുണ്ടാക്കി കളിക്കുമായിരുന്നു. പാടവരമ്പത്ത് നിന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുമായിരുന്നു. നെല്ലി മരത്തിൽ കയറി നെല്ലിക്ക പറിക്കുമായിരുന്നു.
ഒരു ദിവസം സജിത്ത് പറഞ്ഞു, 'ഞാൻ നിൻ്റെ വീട്ടിലേക്കു താമസം മാറാം'. എനിക്ക് സന്തോഷമായി.
ഒരു സന്ധ്യയ്ക്ക് തുളസിത്തറയിൽ തിരി കത്തിച്ചു തിരിഞ്ഞ അമ്മ മുറ്റത്തു രണ്ടു വലിയ പെട്ടികൾ കണ്ടു ഞെട്ടി. പാടവരമ്പത്തൂടെ വലിച്ചു കൊണ്ട് വന്നതുപോലെ ആ പെട്ടികൾക്കടിയിൽ ചേറു പറ്റിയിരുന്നു.
ഞാനും സജിത്തും സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇതെല്ലാം കണ്ടുകൊണ്ടു അമ്മ വിഷമിച്ചു നിന്നു. പെട്ടെന്നായിരുന്നു അവൻ്റെ അപ്പൂപ്പൻ ഞങ്ങളുടെ വീട്ടിലേക്കു കയറി വന്നത്. അയാൾ ദേഷ്യം കൊണ്ട് അലറി. അവനെ തല്ലി. എന്നിട്ടു അവനെ വലിച്ചിഴച്ചു കൊണ്ട് താമരപ്പറമ്പിലേക്ക് പോയി.
അന്ന് രാത്രിയിൽ സജിത്തിന് എന്തുപറ്റി എന്നറിയാനാവാതെ ഞാൻ ഉറങ്ങാതെ കിടന്നു. അതൊരു വെള്ളിയാഴ്ച രാത്രിയായിരുന്നു. ശനിയാഴ്ചയും ഞാറാഴ്ചയും കഴിഞ്ഞു തിങ്കളാഴ്ച ട്യൂഷന് ചെല്ലുമ്പോഴേക്കും സജിത്തിൻ്റെ ഒളിച്ചോട്ടം ഈയാമ്മേലി സാർ അറിഞ്ഞു കഴിഞ്ഞിരുന്നു. കയറി വന്നപാടെ സാർ ഞങ്ങൾക്കായി പ്രദീപിൻ്റെ വീട്ടിലെ അലമാരയുടെ പിന്നിൽ വച്ചിരുന്ന ചൂരൽ വടി എടുത്തു അവനെ 'അറഞ്ചം പുറഞ്ചം' തല്ലി ചതച്ചു. ഒടുവിൽ എനിക്കും രണ്ടു തന്നുകഴിഞ്ഞപ്പോൾ സാർ അടങ്ങി. എല്ലാം കണ്ടുകൊണ്ടു കണ്ണുമിഴിച്ചു നിന്ന പ്രദീപ് അന്ന് അടി കിട്ടാതെ രക്ഷപ്പെട്ടു. അല്ലെങ്കിലും ആ കേസ്സിൽ പ്രദീപ് പ്രതിയായിരുന്നില്ലല്ലോ.
**
ഈയാമ്മേലിയിലെ ഓമനചേച്ചിയുടെ കല്യാണത്തലേന്ന് മൈലാഞ്ചിച്ചെടിയുടെ അരുകിൽനിന്ന് ചേച്ചി എന്നോട് യാത്ര പറഞ്ഞത് ഞാൻ ഓർക്കുന്നു.
ഓമനചേച്ചി ദൂരെ എവിടെയോ ആണ് കല്യാണം കഴിച്ചു പോയെതെന്നായിരുന്നു എൻ്റെ വിചാരം. വീണ്ടും കാലം ഏറെ കഴിഞ്ഞായിരുന്നു ചേച്ചി കല്യാണം കഴിച്ച വീട് ആ നാട്ടിൽ തന്നെ അധികം ദൂരെയല്ലായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്.
ചേച്ചിക്ക് മകൻ ജനിച്ചു. അവൻ ഈയാമ്മേലി വീടിൻ്റെ മുറ്റത്തെ മണ്ണ് വാരി കളിക്കുന്നത് ഞാനും സജിത്തും പ്രദീപും ഒരുപാട് കണ്ടിട്ടുണ്ട്.
അവനാണ് പ്രിൻസ് .. രാജകുമാരൻ.
പ്രിൻസിൻ്റെ പിതാവ് ഒരു കലാകാരനായിരുന്നു. ഒരു ശില്പി. യേശുക്രിസ്തുവിൻ്റെയും മാതാവിൻ്റെയും രൂപങ്ങൾ ആ മനുഷ്യൻ്റെ കരവിരുതിൽ ഉണ്ടാവുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ചങ്ങനാശേരിയിലെ അരമനപടിയിലുള്ള അദ്ദേഹത്തിൻ്റെ കടയിൽ യേശുവിൻ്റെയും മാതാവിൻ്റെയും രാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും അനേകം ശിൽപ്പങ്ങൾ നിറഞ്ഞിരിക്കുന്നത് അതിനടുത്തുള്ള സെൻമേരിസ് എന്ന കടയിൽ ബാറ്റ്മിൻടൻ ഷട്ടിൽ കോക് വാങ്ങുവാൻ ചെന്നപ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മുതിർന്നപ്പോൾ പ്രിൻസും അവൻ്റെ പിതാവിനെ പോലെ ഒരു ശില്പിയായി.
**
ചില രാത്രികളിൽ ഈയാമ്മേലിസാർ വീട്ടിൽ വന്ന് ജനലരികിൽ നിന്നു നോക്കും. ഞാൻ പഠിക്കുന്നുണ്ടോന്ന് നോക്കാൻ വരുന്നതാണ്. ഒരു ദിവസം ബീഡിപുകയുടെ മണം വന്നപ്പോൾ എനിക്കത് മനസ്സിലായി. ഞാൻ വന്നു നോക്കുമ്പോൾ സാർ ഇരുട്ടിൽ പടിയിറങ്ങി പോകുന്നത് കണ്ടു.
ഈയാമ്മേലിസാറിൻ്റെ യഥാർത്ഥ പേര് അലക്സാൻഡർ എന്നായിരുന്നു.
ഈയാമ്മേലിസാർ എന്നും എനിക്കൊരു അത്ഭുതമായിരുന്നു. രാവിലെയും വൈകിട്ടും ഉള്ള സമയങ്ങളിൽ അദ്യാപകനാകുന്ന ഈയാമ്മേലിസാർ പകൽ നേരങ്ങളിൽ പ്രൈവറ്റ് ബസ്സിൽ കണ്ടക്ടറാവും. എൻ്റെ അച്ഛനെ ഷേക്‌സ്‌പിയർ നാടകങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. മാർക്ക് ആൻ്റണിയുടെ പ്രസംഗം ഈയാമ്മേലിസാർ അച്ഛനെ പഠിപ്പിച്ചിട്ടുണ്ട്. സ്റ്റേജിൽ അവതരിപ്പിച്ചു കുട്ടിക്കാലത്ത് അച്ഛന് സമ്മാനങ്ങൾ കിട്ടിയിരുന്നു. എൻ്റെ മനസ്സിൽ ഈയാമ്മേലിസാറായിരുന്നു 'അലക്സാൻഡർ ദ ഗ്രേറ്റ്'.
**
ഞാൻ ഡിഗ്രിക്ക് എസ ബി കോളേജിൽ പഠിക്കുമ്പോളായിരുന്നു നാടിനെ നടുക്കിയ ഒരു അപകടം സംഭവിച്ചത്. സ്കൂളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികൾ യാത്ര ചെയ്യ്തിരുന്ന ഓട്ടോറിക്ഷ പട്ടത്തിമുക്കിൽ ബസ്സുമായി കൂട്ടിയിടിച്ചു അതിൽ സഞ്ചരിച്ചിരുന്ന സോളി സെബാസ്റ്റ്യൻ എന്ന പെൺകുട്ടി മരണപ്പെട്ടു. ആ പെൺകുട്ടിയെ എനിക്കറിയാമായിരുന്നു. എന്നെക്കാൾ മൂന്നോ നാലോ വയസ്സ് ഇളയതായിരുന്നു ആ പെൺകുട്ടി. ഫാത്തിമാപുരം പള്ളിക്കടുത്തായിരുന്നു ആ പെൺകുട്ടിയുടെ വീട്. പടികൾ കയറി മുകളിലേക്ക് ചെല്ലുന്ന ഒരു വീട്.
സോളി സെബാസ്റ്റ്യൻ്റെ ശവമടക്കിന് നാട്ടുകാരും സ്കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളുമായി വൻ ജനാവലി അന്ന് ഫാത്തിമാപുരത്ത് ഉണ്ടായിരുന്നു. വിലാപയാത്രയിൽ ഫാത്തിമാപുരം പള്ളിയിലേക്ക് നടക്കുമ്പോൾ എൻ്റെ മുന്നിൽ ഈയാമ്മേലിസാർ ഉണ്ടായിരുന്നു. അപ്പോഴേക്കും ഈയാമ്മേലിസാർ ഒരു സന്യാസിയെപോലെ വന്ദ്യവയോധികനായിരുന്നു.
പിന്നീട് ഞാൻ ഈയാമ്മേലിസാറിനെ ഒരിക്കലും കണ്ടിട്ടില്ല. അധികം നാളുകൾ കഴിഞ്ഞില്ല. ഈ ലോകത്തെ കർമ്മങ്ങൾ തീർത്ത് ഈയാമ്മേലിസാർ മരിച്ചവരുടെ ലോകങ്ങളിലേക്ക് യാത്രയായി. എൻ്റെ സാർ .. 'അലക്സാൻഡർ ദ ഗ്രേറ്റ്'
**
ഈയാമ്മേലിയിലെ ബോബി അലക്സാൻഡർ എന്ന ബോബിസാറും കുട്ടികളെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനായിരുന്നു. പ്രായത്തിൽ എൻ്റെ അച്ഛനെക്കാളും ഇളയതായിരുന്നെങ്കിലും അവർ സുഹൃത്തുക്കളായിരുന്നു.
അച്ഛനും ബോബിസാറുമൊക്കെ ഞങ്ങളുടെ ഗ്രാമത്തിലെ സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളും സജീവ പ്രവർത്തകരുമായിരുന്നു.
ബോബിസാറിൻ്റെ കല്യാണ ദിവസം ഞാനോർക്കുന്നു. വെള്ള ഷർട്ടും വെള്ള മുണ്ടും മാത്രം ധരിച്ചു കണ്ടിട്ടുള്ള ബോബിസാർ അന്ന് കറുത്ത കോട്ടും കറുത്ത പാൻറ്റും വെളുത്ത ഷർട്ടും കറുത്ത ഷൂവും ഇട്ട് ഒരു സായിപ്പിനെപോലെ ഉണ്ടായിരുന്നു കാണാൻ. അതിനു കാരണം അന്നത്തെ കല്യാണ ചെക്കൻ്റെ വേഷം മാത്രമായിരുന്നില്ല പക്ഷെ ബോബിസാറിനു ജന്മനാ കിട്ടിയ പൂച്ചകണ്ണുകളായിരുന്നു.
ഒരു പാവം ചേച്ചിയായിരുന്നു ബോബിസാർ കല്യാണം കഴിച്ചു കൊണ്ടുവന്ന ആ ചേച്ചി. എൻ്റെ അപ്പച്ചിയുമായി നല്ല കൂട്ടായിരുന്നു ആ ചേച്ചി. അപ്പച്ചിയെയും കൂട്ടി പാറേൽപള്ളിയിൽ പ്രാർത്ഥിക്കാൻ പോകുമ്പോൾ അവർ എന്നെയും കൊണ്ടുപോകുമായിരുന്നു .. ഒരു വാലായിട്ട്.
നടന്നായിരുന്നു അന്ന് പാറേൽപള്ളിയിൽ പോയിരുന്നത്. അന്ന് പാറേൽപള്ളി വളരെ ദൂരെയാണെന്ന് എനിക്ക് തോന്നിയിരുന്നു.
വർഷങ്ങൾ ഒരുപാട് കഴിഞ്ഞു .. ഒരു പാറേൽപള്ളി പെരുന്നാളിന് പള്ളിക്ക് മുന്നിൽ നിൽക്കുമ്പോൾ എൻ്റെ മുന്നിൽ ഒരു ഓട്ടോറിക്ഷയിൽ ബോബിസാറും ഭാര്യയും വന്നിറങ്ങി. അവരുടെ കൂടെ മിടുക്കിയായ അവരുടെ മകളും ഉണ്ടായിരുന്നു.
**
2003 ലെ ഡിസംബർ 17. തിരുവല്ലയിലെ പുഷ്‌പഗിരി ആശുപത്രിയിലെ ഐ സി യു വിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന അച്ഛൻ മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു മരണം സ്ഥിരീകരിച്ചത്. വിവരം അറിഞ്ഞു ബോബിസാർ ആശുപത്രിയിൽ എത്തി. പിന്നെയും മൂന്ന് നാല് മണിക്കൂറുകൾ വേണ്ടി വന്നു ബില്ലുകൾ തയാറാക്കാനും പണം അടയ്ക്കാനും. അച്ഛനുമായി ഇളയശ്ശേരിയിലേക്ക് പോകുമ്പോഴും ബോബിസാർ ഒപ്പമുണ്ടായിരുന്നു.
പിന്നെയും ഒരു വർഷം കഴിഞ്ഞു ഞാൻ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഒരു ദിവസം കവലയിൽ വച്ചു ബോബിസാറിനെ കണ്ടു. പല്ലുവേദന കാരണം പുതൂർപള്ളി കോമ്പ്ലെക്സിൽ ഉള്ള ഡോക്ടർ മേരി കുറ്റികൻ്റെ ക്ലിനിക്കിൽ പോകുകയായിരുന്നു ഞാൻ. ബോബിസാർ എന്നോട് ചോദിച്ചു, 'പെങ്കൊച്ചിന്നെ കെട്ടിക്കെണ്ടേഡാ'. സഹോദരിയുടെ കല്യാണം നടത്തുന്ന കാര്യമായിരുന്നു സാർ ചോദിച്ചത്. 'വേണം .. ', ഞാൻ പറഞ്ഞു. അച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞിരുന്നു. അമ്മയും അനിയനും മരിച്ചിട്ട് മൂന്ന് വർഷങ്ങളും. എന്തോ ഓർത്തുനിന്നിട്ടെന്നപോലെ സാർ പറഞ്ഞു 'ഇനി നീ വേണം ..'. സാർ വീണ്ടും ഒരു നിമിഷം മൗനമായി, എന്നിട്ട് നടന്നുപോയി.
ബോബിസാർ എന്തായിരുന്നു ഓർത്തുനിന്നതെന്നു എനിക്കറിയാമായിരുന്നു. ഞാൻ ജനിക്കുന്നതിനു മുന്നേ സാറിന് എൻ്റെ അച്ഛനെയും അമ്മയെയും അറിയാം.
**
2006 മെയ് മാസത്തിൽ സഹോദരിയുടെ കല്യാണം ക്ഷണിക്കാൻ കോട്ടമുറിയിലുള്ള ബോബിസാറിൻ്റെ വീട്ടിൽ ഞാൻ ചെന്നു. അതൊരു ചെറിയ പണിതീരാത്ത വീടായിരുന്നു. ബോബിസാറും സഹധർമ്മിണിയും എന്നെ അകത്തേക്ക് ക്ഷണിച്ചിരുത്തി. വീടിനുള്ളിൽ പരത്തുന്ന എൻ്റെ കണ്ണുകൾ ശ്രദ്ധിച്ച ബോബിസാർ പറഞ്ഞു 'കുറച്ചു പണികൾകൂടി ബാക്കിയുണ്ട്'. ഈയാമ്മേലിസാറിൻ്റെ മക്കൾക്ക് ആരെയും കബളിപ്പിച്ചും പറ്റിച്ചും ജീവിക്കാനറിയില്ലല്ലോ എന്ന് ഞാനോർത്തുപോയി.
പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കല്യാണത്തിനു വന്ന ബോബിസാറിനെ പിന്നെ ഞാൻ കണ്ടിട്ടില്ല. ഫേസ്ബുക്കിലായിരുന്നു ഞാൻ മരണവാർത്ത കണ്ടത്. ഈ ലോകത്തെ കർമ്മങ്ങൾ പൂർത്തീകരിച്ചു ഈയാമ്മേലിയിലെ ബോബിസാറും മരിച്ചവരുടെ ലോകത്തെ പുൽകി.
**
അച്ഛനും ഈയാമ്മേലി ബോബിസാറും എന്നും നല്ല സുഹൃത്തുക്കളായിരുന്നു. റബ്ബർ ബോർഡിലെ ജോലി വിട്ട് സ്വതന്ത്രനായ അച്ചൻ സിവിൽ ഡ്രായിങ്ങുമായി കഴിയുമ്പോളായിരുന്നു കുന്നുംപുറത്തിനു താഴെ പഞ്ചായത്താപ്പീസിന് അടുത്തു ബോബിസാർ നടത്തുന്ന ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുവാൻ സാർ അച്ഛനെ ക്ഷണിക്കുന്നത്. അങ്ങനെ ബോബിസാറിൻ്റെ ഓസ്റ്റർ കോളേജിൽ കുറെ കാലം അച്ഛൻ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു.
റബ്ബർ ബോർഡിൽ ജോലി കിട്ടുന്നതിനുമുമ്പ് എൻ എസ് എസ് കോളേജിൽ ബി കോം പഠനം കഴിഞ്ഞ അച്ഛൻ ഞങ്ങളുടെ ഗ്രാമത്തിലെ സന്തോഷ് ട്യൂട്ടോറിയലിൽ അദ്ധ്യാപകനായിരുന്നു.
ഒരിക്കൽ തികച്ചും അപരിചിതനായ ഒരു ചെറുപ്പക്കാരൻ എന്നെ ഫോണിൽ വിളിച്ചു സ്വയം പരിചപെടുത്തി. ചാക്കോ എന്നായിരുന്നു അയാളുടെ പേര്. അച്ഛൻ മരിച്ചു കുറെ വർഷങ്ങൾ കഴിഞ്ഞിരുന്നു. ഓസ്റ്റർ കോളേജിൽ അച്ഛൻ്റെ വിദ്യാർഥിയായിരുന്നു ചാക്കോ.
പഴയ അദ്യാപകരോടുള്ള ബഹുമാനവും സ്നേഹവും ചാക്കോയുടെ ഓരോ വാക്കുകളിലും തുളുമ്പി നിന്നിരുന്നു.
**
1987 - 88 വർഷങ്ങളിൽ ചങ്ങനാശേരി എസ് ബി കോളേജിൽ ഞാൻ പഠിക്കുമ്പോൾ കോളേജിൻ്റെ അറുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ കോളേജിൽ രണ്ടാഴ്ച നീണ്ടുനിന്ന ഒരു എക്സിബിഷൻ നടക്കുകയുണ്ടായി. എൻ സി സി കേഡറ്റായിരുന്ന ഞാൻ വോളണ്ടിയറായിരുന്നു. അന്നവിടെ ഫോറസ്റ്റ് ഡിപ്പാർട്ടുമെൻടിൻ്റെ ഒരു സ്റ്റാളിൽ താൽകാലിക ജീവനക്കാരനായി രുന്നു ഈയാമ്മേലിയിലെ ലാലിച്ചൻ എന്ന ലാലിച്ചായൻ.
പിന്നെ ഞാൻ ലാലിച്ചായനെ കാണുന്നത് വീണ്ടും ചില വർഷങ്ങൾ കഴിഞ്ഞു ഒരു അവധിക്ക് മുംബയിൽ നിന്നും നാട്ടിൽ വന്നപ്പോളായിരുന്നു. ഒരു ദിവസം ഇളയശ്ശേരിയിൽ വന്നപ്പോൾ ഞാൻ അയല്പക്കത്തെ ഈയാമ്മേലി വീട്ടിലേക്ക് ചെന്നു. പ്രിൻസും ലാലിച്ചായനും ഷെഡിൽ പ്രതിമകൾ മിനുക്കുന്ന തിരക്കിലായിരുന്നു. സഹോദരിയുടെ ഭർത്താവിൽ നിന്നും കിട്ടിയ പരിശീലനവുമായി ലാലിച്ചായനും ഒരു കലാകാരനായി മാറിയിരുന്നു. അരമനപ്പടിയിൽ ഇപ്പോഴും ശിൽപ്പങ്ങളും രൂപങ്ങളും പുൽകൂടുകളും ഫോട്ടോകളും വിൽക്കുന്ന ‘കലാമന്ദിർ ആർട് വർക്സ്’ എന്ന സ്ഥാപനം അവർ നടത്തുന്നു.
പൈതൃകത്തെക്കാൾ വലിയ കലാകാരനില്ലല്ലോ. വയസ്സേറിയപ്പോൾ നീണ്ട നരച്ച താടിയും മീശയും കഷണ്ടി കയറിയ തലയുമായി ലാലിച്ചായൻ പിതാവായ ഈയാമ്മേലിസാറിനെ ഓർമ്മിപ്പിയ്ക്കും.
**
2016 ഡിസംബെരിൽ അച്ഛൻ്റെ സഹോദരൻ ചന്ദ്രൻ ചിറ്റപ്പൻ്റെ മകളുടെ കല്യാണത്തിന് ഞാൻ നാട്ടിൽ ഉണ്ടായിരുന്നു. അന്ന് പായിപാടുള്ള അമ്പലത്തിൽ നിൽക്കുമ്പോൾ സുമുഖനായ ഒരു മനുഷ്യൻ എൻ്റെ മുന്നിൽ വന്നു പുഞ്ചിരിച്ചു നിന്നു. അയാൾ ആരാണെന്നു എനിക്ക് മനസ്സിലായില്ല. പക്ഷെ ആ മനുഷ്യനെ ഞാൻ എവിടെയൊക്കെയോ കണ്ടിട്ടുണ്ടായിരുന്നു. പെട്ടെന്ന് എൻ്റെ മനസ്സിൽ ഈയാമ്മേലിസാറും ബോബിസാറും ലാലിച്ചായനും ഓമനചേച്ചിയും ഈയാമ്മേലി വീടും ഒരു നിമിഷം മിന്നിമറഞ്ഞു. ഞാൻ അത്ഭുതത്തോടെ അയാളോട് ചോദിച്ചു .. പ്രിൻസ് ?. അയാൾ ചിരിച്ചു.
അത് ഈയാമ്മേലിയിലെ ഓമനചേച്ചിയുടെ മകനായിരുന്നു .. പ്രിൻസ്. എൻ്റെ കുട്ടിക്കാലത്തു ഈയാമ്മേലിയിൽ ട്യൂഷന് ചെല്ലുമ്പോൾ മുറ്റത്തെ മണ്ണിൽ സ്വയം ശിൽപ്പങ്ങൾ ഉണ്ടാക്കിക്കളിച്ചിരുന്ന കൊച്ചു ചെറുക്കൻ.