നിദ്ര നിതാന്തമാം നിദ്ര യതിലൊരു
നിത്യ പ്രകാശ വിലാസം !
ഒന്നുമില്ലായ്മയാം യാദൃശ്ചികങ്ങളിൽ
പൊന്നിൻ ചിലമ്പൊലിയുമ്മ !
ഒന്ന് ചേരാതെ പിണങ്ങും കണികയോ -
ടൊന്നുണരാനൊരു മന്ത്രം !
സിങ്കുലാരിറ്റി കവിൾ ചോപ്പിലാദ്യമായ്
ഇംഗിത പ്രേമാർദ്ര മുത്തം !
സത്യ പ്രപഞ്ചമായ് ശിൽപ്പിതൻ കൊത്തുളി
ചുറ്റിക താള മുയർന്നു
ബിഗ് ബാംഗിൾ സിങ്കുലാരിറ്റി തൻ ഹൃത്തടം
പൊട്ടിപ്പിളർന്നു വികാസം !
നക്ഷത്ര പാറയിൽ വായു കുമിളയാം
തൊട്ടിലിലെന്നെയുറക്കാൻ
എത്ര ശതകോടി വർഷങ്ങൾ പിന്നിട്ട
സ്വപ്ന സാക്ഷാൽക്കാര പുണ്യം !
സത്യ പ്രപഞ്ചത്തിൽ സത്വരം വാഴുന്ന
ശക്തി തൻ സത്തയീ ജീവൻ
ചിപ്പിയിൽ വീണ മണൽത്തരി പോലൊരു
മുത്തായി മാറുന്നു നമ്മൾ !
( മുത്തേ, മനുഷ്യക്കൂരുന്നേ നിനക്കായി
സത്വരം വച്ചൊരീ കൂട്ടിൽ
സ്വർഗ്ഗം പണിയുവാൻ വേണ്ടി നിന്നാത്മാവിൽ
സത്യമായ് ഉൾച്ചേർന്ന പോലെ, )
ഒന്നായ വിശ്വ മഹാ പ്രപഞ്ചത്തിന്റെ
റിംഗ് മാസ്റ്ററാം ശക്തി സത്ത
എന്നിലും നിന്നിലും പുല്ലിലും പൂവിലും
ഉണ്മയാം ജീവൽത്തുടിപ്പ് !
സ്നേഹമാണെങ്ങും പ്രപഞ്ച വസ്തുക്കളെ
മാറോടു ചേർത്തു നിൽക്കുമ്പോൾ,
പോകൂ മരണമേ, ദൂരെ ! യിതു വെറും
രാസമാറ്റത്തിന്റെ താളം !