എഴുത്തിന്റെ വഴിത്താരകൾ ".I thought my fire was out,
and stirred the ashes,.
I burnt my fingers ".
(Antonio Machado.)
" വഴിയുടെ ഇരുഭാഗത്തും സർവ്വ വ്യാപിയായ കേരവൃക്ഷം കാണുന്നുണ്ട്. മാത്രമല്ല ഈ തെങ്ങുകൾക്കിടയിൽ ധാരാളം കാട്ടുമരങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്നതും നമ്മൾ കാണുന്നു.. ഇവിടെ ഇതാ രണ്ട് ആനകൾ തങ്ങളുടെ ജോലി ചെയ്യാൻ ഇറങ്ങിയിരിക്കുന്നു. പാവം മൃഗങ്ങൾ!. വ്രണം കൊണ്ട് ഭീദിതമാം വിധം പൊട്ടി അഴുകിയ അവയുടെ താടിയെല്ലുകൾ കണ്ടോ- കൊമ്പുകൾ കൊണ്ട് കൂറ്റൻ വൃക്ഷത്തടികൾ വലിച്ചു കൊണ്ടു പോകുന്നതിന്റെ ഫലം. ഇത്രയും പൈശാചികത എന്നെങ്കിലും കണ്ടിട്ടുണ്ടോ? പല്ലുകൊണ്ട് തടി വലിക്കുന്ന ജോലികൾക്കിടയിൽ പല ആനകൾക്കും പല്ലുകളും നഷ്ടപ്പെടുന്നു. മനുഷ്യനാണെങ്കിൽ ദന്ത വൈദ്യൻ ഉണ്ട് പല്ലു മാറ്റിവയ്ക്കാൻ. അത്രയുമല്ല, ആനയ്ക്ക് ഭക്ഷണം ചവയ്ക്കാനോ ദഹിപ്പിക്കാനോ ആവില്ല. ഫലമോ ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനക്ഷമത നിലയ്ക്കുന്നു. അവ ചാവുന്നു. കാട്ടിൽ നിന്ന് ആനയെ കൊണ്ട് മരം പിടിപ്പിക്കാൻ തളപ്പകളോ കൂടുതൽ യുക്തിസഹമായ മറ്റെന്തെങ്കിലും മാർഗ്ഗങ്ങളോ ഉപയോഗിച്ചു കൂടെ എന്ന് ആന ഉടമയോട് ചോദിച്ചാൽ കിട്ടുന്ന മറുപടി. "നാട്ടുനടപ്പ് അങ്ങനെയാണ്, തന്റെ അച്ഛൻ ചെയ്തതും ഇങ്ങനെ തന്നെ " എന്നായിരിക്കും.
വില്യം ലോഗന്റെ- മലബാർ മാനുവലിൽ നിന്ന്.
എന്റെ അപ്പൻ ചെയ്തതും അതു തന്നെയല്ലേ എന്ന് നിങ്ങൾക്കും ചോദിക്കാം.. ഒന്ന് പ്രതിരോധിക്കാൻ വേണെമെങ്കിൽ എനിക്കു മർമ്മ പ്രധാനം എന്നു തോന്നുന്ന ചില മർമ്മ ഭേദിയായവ പറയാം. ഒരാനക്കുഞ്ഞിനും അതിന്റെ വളർത്തച്ചനും ഇടയിൽ ഉണ്ടായ ആഗാധമായ ഒരു സ്നേഹബന്ധത്തിന്റെ കഥ പറയാം. കരുതലുകളുടെ കഥ പറയാം. അത് ഞങ്ങളുടെ അപ്പന് രവിക്കുട്ടനോടുണ്ടായിരുന്ന കരുതലും സ്നേഹവും ആണ്. പിന്നെ.. ചാച്ചന് ശേഷം രവിക്കുട്ടന് എന്തു സംഭവിച്ചു? നിങ്ങൾ മക്കൾക്ക് എന്തു പറയുവാനുണ്ട്..? ഒന്നുമില്ല. ഒന്നുമില്ലേ - ഉണ്ട്. പലതും. അതു പക്ഷേ എങ്ങനെ പറയും?
'ഒരാന അവന്റെ കഥ പറയുന്നു'.
എന്നു ക്യാപ്ഷൻ കൊടുക്കുവാൻ തോന്നിയതാണ്. പക്ഷേ ഒരാനയുടെ വികാരങ്ങൾ മുഴുവൻ എനിക്കു മനസ്സിലായി എന്നു പറഞ്ഞാൽ ഒരു പരിധി വരെ അതു സത്യവും എന്നാൽ നുണയുമാണ്.
ഓർത്തെടുത്താൽ അതൊരു ചിതറിയ കഥയാണ്. താറുമാറായ ഒരു കഥ എന്നേ ഞാൻ പറയൂ.......
How to tell A Shattered story?
The ministry of utmost Happinesses 'പരമാനന്ദത്തിന്റെ മന്ത്രാലയം' എന്ന
അരുന്ധതി റായിയുടെ ഈ ബുക്കിൽ തിലോത്തമ എന്ന കഥാപാത്രം അവളുടെ നോട്ട് ബുക്കിൽ കുറിക്കുന്ന ഒരു വാക്യമാണിത്. 'ഒരു ശിഥില കഥ എങ്ങനെ പറയും.'?
രവിക്കുട്ടന്റെ കഥകൾ അല്ലെങ്കിൽ രവിയോർമകൾ കുറിക്കാനിരിക്കുമ്പോൾ എന്നേയും അലട്ടുന്നത് ഇതു തന്നെയാണ്.. താറുമാറായ ഒരു കഥ എങ്ങനെ പറയും.? പിന്നെ എന്തിനെഴുതി? ആനലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത നിർമലമായ ഒരു കൂട്ടുകെട്ടിലെ രണ്ടു വ്യക്തികളെ അടയാളപ്പെടുത്തണമെന്ന് എനിക്കു തോന്നി. അതിനേക്കാൾ മറ്റു പലർക്കുമാണ് തോന്നിയത്.. അതിൽ എടുത്തു പറയേണ്ട ഒരാൾ ഗീതാ ബക്ഷിയാണ്. അതിനു കാരണങ്ങൾ ഉണ്ടെന്ന് നമുക്കറിയാം.' തായി ' തന്നെ.
അതു ക്രമേണയാണ് എനിക്കു മനസ്സിലാകുന്നത്. വളരെ സാമ്യമുള്ള രണ്ടു കഥകൾ. മുപ്പതു വർഷങ്ങളിലെ നിശബ്ദത, ശേഷം അവരുടെ പുന:സമാഗമം പോലും എത്ര സാമ്യ മുള്ളവ ? അതുപോലെ മരണവും.
കുറഞ്ഞൊരു കാലം കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയ കഥയാണ് 'രവിയോർമ്മകൾ '. ഫേസ് ബുക്കിൽ വൈറലായ കഥ. മൂന്നു ദിനപ്പത്രങ്ങൾ 2020 ൽ ഒരേ ദിവസം വിവിധ ചിത്രങ്ങളോടു കൂടി റിപ്പോർട്ട് ചെയ്ത കഥ. രവീന്ദ്രൻ എന്ന രവിക്കുട്ടൻ, ഒന്നര വയസ്സു മുതൽ മുപ്പതു വയസ്സു വരെ ജീവിച്ച ഞങ്ങളുടെ തറവാടും, അവൻ അവസാന പതിനേഴു വർഷങ്ങൾ ജീവിച്ച കുളമാക്കിൽ തറവാടും, എന്റെ അപ്പനും അഡ്വക്കേറ്റ് കൃഷ്ണ പ്രസാദും 'രവിക്കും, ജയകൃഷ്ണനുമൊപ്പം' നിറഞ്ഞു നിന്ന പത്ര വാർത്തകൾ. രവിക്കുട്ടനുമായി 2022 ൽ ഞങ്ങൾ നടത്തിയ പുന:സമാഗമം മനോരമ സൺഡേ സപ്പ്ലിമെന്റിൽ മുഴു പേജിൽ ഇടം കണ്ട വാർത്ത. ആ കഥയാണ് ഞാൻ എഴുതേണ്ടത്.
രവിയുടെ കഥ ഒന്നെഴുതാമോ എന്നെന്നോട് ചോദിച്ച ഒരാൾ എന്റെ ഏറ്റവും ഇളയ അനുജത്തി, ഞങ്ങളിൽ പതിനൊന്നാമത്തെ ആൾ ആനിയമ്മയാണ്.." കുഞ്ഞേച്ചിക്ക് എഴുതാൻ അറിയാമല്ലോ, എനിക്കറിയാഞ്ഞിട്ടല്ലേ എന്നു കൂടി അവൾ പറഞ്ഞപ്പോൾ രവി ഓർമ്മകൾ എഴുതില്ലെന്നു കല്ലു പോലെ ഉറച്ച എന്റെ മനസ്സ് ചിതറിപ്പോയി.. രവിയുടെ മരണം നടക്കുമ്പോൾ അഞ്ചാം അധ്യായം വെറും പത്തു വരികളിൽ ഞാൻ കുടുങ്ങി കിടക്കുന്നു . " എല്ലാ കഥകളും നീണ്ടുപോകുമ്പോൾ അത് മരണത്തിൽ അവസാനിക്കുന്നു. അതു മാറ്റി നിർത്തി കഥ പറയുന്ന ആളാകട്ടെ ഒരു നല്ല കാഥികയുമല്ല". എന്ന് എഴുതിയിരിക്കുന്നത് ഏർനസ്റ്റ് ഹെമ്മിംഗ് വേ ആണ്.
ഇനിയെന്ത്, എങ്ങനെ എന്നു ദുഃഖിച്ചിരിക്കുമ്പോൾ ജിനോ ജോർജ് എന്ന എന്റെ Nephew പറയുന്നു, "ആന്റി രവിയുടെ കഥ എഴുതി തീർക്കണം. അവൻ അതർഹിക്കുന്നുണ്ട്. " ജിനോ വെറും വാക്ക് പറയാറില്ല. 'അത് എന്റെയും ജീവനായിരുന്നു ' എന്ന എന്റെ പുസ്തകം വായിച്ച നേരേ മൂത്ത സഹോദരി വത്സമ്മ പറഞ്ഞു , ഈ പുസ്തകം ' അക്ഷരപ്പെട്ടി ' യേക്കാൾ നന്നായിട്ടുണ്ട്. നിനക്ക് രവിക്കുട്ടന്റെ കഥ ഒന്നെഴുതിക്കൂടെ. പ്രീഡിഗ്രി കഴിഞ്ഞ് വിവാഹിതരായ, കാര്യമായ വായനകൾ ഒന്നും ഇല്ലാത്ത എന്റെ രണ്ടു സഹോദരിമാരുടെ മോഹവും കൂടിയാണ് ഈ പുസ്തകം..
പുസ്തകം എഴുതേണ്ടെന്നു വയ്ക്കാൻ എനിക്ക് കാരണങ്ങളുണ്ടായിരുന്നു. 'ഇതൊരു 'താറുമാറായ കഥയാണ് '. രവി ഓർമയാകും വരെ ഞങ്ങളുടെ തറവാട്ടിൽ ആയിരുന്നെങ്കിൽ ഈ കഥ മറ്റൊന്നായേനേ. അവന്റെ മരണ ശേഷമാണ്, ചാച്ചൻ അവന് അന്ത്യ വിശ്രമത്തിനുള്ള ഇടം പോലും ചൂണ്ടി കാണിച്ചിരുന്നു എന്ന് ഞാൻ അറിയുന്നത്. അപ്പോൾ പിന്നെ.
ഈ കഥ ഞാൻ എഴുതുമ്പോൾ വായനക്കാർക്ക് പിടി കിട്ടിയേക്കില്ലാത്ത ചില വേദനകളും, നൊമ്പരങ്ങളും ഇതിന് പിന്നിൽ ഉണ്ടെന്ന ആശങ്കകളും എനിക്കുണ്ട്. എല്ലാത്തിനും ഒടുവിൽ അവശേഷിക്കുന്നത് ദുഃഖമാണ്, ദുഃഖം.
ഒന്നെനിക്കറിയാം.
മൂന്നു പതിറ്റാണ്ടുകൾക്കുശേഷം രവിയെ
കണ്ട ഞാൻ അടിമുടി ചിതറിപ്പോയി. പിരിയുമ്പോൾ യുവാവായിരുന്ന അവൻ ഇപ്പോൾ മധ്യവയസ്സും പിന്നിട്ടിരിക്കുന്നു. എന്നാലും കാണേണ്ടിയിരുന്നില്ല എന്നിതുവരെ തോന്നിയിട്ടില്ല. അവന്റെ മരണം കൂടി കഴിഞ്ഞപ്പോൾ എല്ലാം പൂർത്തിയായി. വല്ലാത്തൊരു മൗനം എന്നെ പിടി കൂടി. ആന ലോകത്തെ മനഃപൂർവം പാടെ പിന്നിലുപേക്ഷിച്ചിരുന്ന ഞാൻ പെട്ടെന്നൊരു ദിവസം ആനകൾ തീർത്ത ഒരു വൃത്തത്തിനുള്ളിലായി. അതെന്നെ ചുട്ടു പൊള്ളിച്ചു.
ഗജകേസരികൾ തങ്ങളുടെ ഭീമാകാരമായ ശരീരത്തിനുള്ളിൽ മറച്ചു വച്ചിരിക്കുന്ന നിരാശകളും സങ്കടങ്ങളും കണ്ണുനീരും, നൊമ്പരങ്ങളും എത്ര എത്രഅവർക്കും തങ്ങളുടെ ഉള്ളിൽ പ്രണയവും സ്വാതന്ത്ര്യ മോഹങ്ങളുമു ണ്ട്. കാടിനുള്ളിൽ അവർ ഉപേക്ഷിച്ചു പോന്ന ഒരു വലിയ സമൂഹമുണ്ട്. ബന്ധുമിത്രാദികൾ ഉൾപ്പെടുന്ന കുടുംബമുണ്ട്.
രവിയെപ്പോലെ ഒരു ആനക്കുഞ്ഞ് അവൻ ജനിച്ചപ്പോൾ മുതൽ ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നെങ്കിൽ, തീർച്ചയായും അത് വായിക്കുന്ന ഒരാളുടെ കണ്ണുകൾ നിറയാതിരിക്കില്ല. പാല് ചുരത്തി കൊടുത്തിരുന്ന ഒരമ്മയിൽ നിന്നാണ് അവനെ വിടുവിച്ച് കൊണ്ടു പോന്നത് എന്നാരും മറക്കരുത്. ആനയുടെ വികാരങ്ങൾ, വേദനകൾ, ആവശ്യങ്ങൾ ആരറിയുന്നു.? 'The Book of Disquiet' അശാന്തിയുടെ പുസ്തകം എന്ന Fernando Pessoa യുടെ ബുക്ക് പോലെ ഒരിക്കലും എഴുതി തീരാത്ത അശാന്തിയുടെ പുസ്തകമാകുമായിരുന്നു രവിക്കുട്ടന്റെ ഈ അവസാനിക്കാത്ത ദിനസരികൾ.
ഞാൻ മുൻപെഴുതിയ രണ്ടു ബുക്കുകളെക്കാൾ നൊമ്പരമേറിയതായിരുന്നു ഈ രചനയുടെ ദിവസങ്ങൾ.. അനായാസേന എഴുതി തീരും എന്നു വിചാരിച്ച ഒന്ന് എന്നെ വല്ലാതെ ദണ്ഡിപ്പിച്ചു കളഞ്ഞു. അൾട്ടിമേറ്റിലി രവിക്കുട്ടൻ ഒരു നാട്ടാനയാണ്. ഒരു മിണ്ടാ പ്രാണൻ. അവർക്കുവേണ്ടി ഞാനാണ് സംസാരിക്കേണ്ടത്. അതിൽ പല പല രാഷ്ട്രീയങ്ങൾ വരും. രവിയുടേതാവുമ്പോൾ കുടുംബ രാഷ്ട്രീയം, മത രാഷ്ട്രീയം, സാമൂഹിക സാംസ്കാരിക രാഷ്ട്രീയം അങ്ങനെ പലതും..ആനക്കഥ എഴുത്ത് ഒരിക്കലും നിസാരമല്ല.
നാലു വയസ്സു മുതൽ ആനകളെ കണ്ടും ആന പുസ്തകങ്ങൾ മാതംഗലീല ഉൾപ്പെടെ വായിച്ചറിഞ്ഞ ഒരാളെന്ന നിലയിൽ ഈ എഴുത്തിന് എനിക്ക് ഓർമകളെ ഒന്നു തൂത്തെടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു .. പല ആനച്ചാനലുകൾ പ്രതേകിച്ച് ശ്രീകുമാർ അരൂക്കുറ്റിയുടെ ശ്രീ ഫോർ എലഫന്റ്സ് എന്റെ ആന അറിവുകളെ അപ്ഡേറ്റ് ചെയ്യാൻ സഹായിച്ചിട്ടുണ്ട് . ഒരു കാലത്തും ആന എന്റെ പേടി സ്വപ്നങ്ങളിൽ കയറി വന്നിട്ടില്ല. യഥാർത്ഥ ജീവിതത്തിലും അവയോട് എനിക്കു ഭയം തോന്നിയിട്ടില്ല..
ആന ഒരു 'പാരഡോക്സ് ' ആണ്.
റോസാച്ചെടിയിൽ മുള്ളുകൾ എന്നതുപോലെ.
എനിക്ക് വിശ്വാസമുണ്ട്, അതുകൊണ്ടുതന്നെ പ്രതീക്ഷകളും. നാട്ടാനകളെ കുറിച്ചാണത്. വരും കാലങ്ങൾ ആനകൾ കാട്ടിൽത്തന്നെ ജീവിക്കട്ടെ. നമ്മുടെ അടിമകളാക്കാൻ അവരെ നാട്ടിലേക്ക് വിളിക്കേണ്ടതില്ല. അടിമ മനോഭാവം ഏറ്റുവാങ്ങാൻ തീരെയും ഇഷ്ടപ്പെടാത്ത, അഭിമാനികളായ സമൂഹജീവികളാ ണിവർ.. അവരോട് നമുക്ക് സ്നേഹം ഉണ്ടെന്നു പറയുന്നെങ്കിൽ നാം അവരെ സ്വതന്ത്രരായി വിടുക. പിരിച്ചൊടിച്ച വാലുകൾ, 'ചട്ടവൃണം ' എന്ന ഉണങ്ങാവൃണം, തലകൊണ്ട് ഭാരമുന്തു ന്നതിനാൽ ഇളകിയും ഊരിയും പോകുന്ന കൊമ്പുകൾ, തല്ലിപ്പൊട്ടിച്ച കണ്ണുകൾ, നടയിലും അമരത്തിലും ഏറ്റ ക്രൂര മർദ്ദനത്തിൽ ചതഞ്ഞു മുറിഞ്ഞ നഖങ്ങൾ.അവയിൽ തുടങ്ങുന്നു പാദരോഗം എന്ന മാരകരോഗം. ആര് ഉത്തരം തരും ഇതിനൊക്കെ?
'സാഹിത്യമെന്നാൽ ജീവിതത്തിലെ കണ്ണുനീരിന്റെ അന്വേഷണമാണ് 'എന്നു പറയുന്നത് ഇടശ്ശേരിയാണ്.
പല നല്ല സൂചനകളും കണ്ടു തുടങ്ങിയിട്ടുണ്ട്. അതിൽ ചിലത് മാത്രം കുറിക്കട്ടെ.
രണ്ടായിരത്തി പതിനാറ് ഫെബ്രുവരി ഇരുപത്തിെയൊന്ന് ലക്കം മാതൃഭൂമി ആഴ്ച പതിപ്പിൽ സുഗത കുമാരി എഴുതിയ 'അരുത് ആനകളോട് ഈ ക്രൂരത ' എന്ന ലേഖനംലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. അതിന്റെ ഫലങ്ങളും കണ്ടു വരുന്നുണ്ട്.
സർക്കസ് കൂടാരങ്ങളിൽ നടക്കുന്ന ക്രൂര പീഡനങ്ങൾ ആനകളുടെ ആത്മാവിനെ തന്നെ തകർക്കുന്നതും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതു മാണ്. സർക്കസ് പ്രദർശനങ്ങൾക്ക് ആനകൾ വേണ്ടെന്ന് തീരുമാനമായി.
-2015ൽ സോൻപൂർ മേളയിലെ ആന വിൽപ്പന നിർത്തി.
- തൃശ്ശൂരിൽ ഒരു ആന ഉടമ താൻ പന്ത്രണ്ട് വർഷത്തോളം വളർത്തിയ ആനയെ കാട്ടിലേക്ക് തിരിച്ചുകൊണ്ടു വിടാൻ തയ്യാറായി.
ഏകദേശം പത്തോളം ഹിന്ദു ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളത്തിന് ഉപയോഗിച്ചിരുന്നത് നിർത്തലാക്കി.. -ആർ.എസ്.എസും മറ്റ് ഇതര രാഷ്ട്രീയ പാർട്ടികളും ആന എഴുന്നള്ളിപ്പ് വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല എന്നും ആനയെ മെരുക്കുവാൻ ആവില്ലെന്നുള്ള യാഥാർത്ഥ്യം സമൂഹം മനസ്സിലാക്കണമെന്നും അഭിപ്രായം രേഖപ്പെടുത്തി. ആനകളെ പീഡിപ്പിച്ചാൽ ജാമ്യമില്ല വകുപ്പിൽ കേസ് എടുക്കുമെന്ന് കോടതി ഉത്തരവാക്കി. -മുസ്ലിം പെരുന്നാൾ ആയ പട്ടാമ്പി പെരുന്നാളിനും, ക്രിസ്ത്യൻ പള്ളിയായ കുന്നം കുളം പള്ളിയിലും പെരുന്നാളുകൾക്ക് ആനകളെ എഴുന്നള്ളിച്ചിരുന്നത് നിർത്തലാക്കി. എല്ലാം ശുഭ സൂചനകളാണ് എന്നതിൽ സന്തോഷിക്കാം.
ഈ 2024 നവംബർ മാസത്തിലും കേരള സർക്കാർ, ആനകളെ പൂരത്തിന് എഴുന്നള്ളിക്കുന്നതും, അവയെ കൂടുതൽ ദൂരം ലോറികളിൽ കയറ്റി യാത്ര ചെയ്യിക്കുന്നതും, ആനകളുടെ തലപ്പൊക്ക മത്സരങ്ങളും, നിർത്തലാക്കണം എന്ന വിജ്ഞാപനം ഇറക്കിയിട്ടുള്ളത് സന്തോഷത്തോടെനാം സ്വീകരിക്കണം. ഈ നാട്ടാന പരിപാലന ചട്ട നിയമങ്ങളോട് വിയോജിക്കുന്ന ഉത്സവ കമ്മറ്റികൾ നടത്തുന്ന പ്രതികരണങ്ങൾ ഇപ്പോൾ വിഷ്വൽ മീഡിയയിൽ ധാരാളം കാണാം.
" ദർശനേ പുണ്യം
സ്പർശനേ ദോഷം ".
ആനകളെ കണ്ടാൽ മതി, അവരെ ഒരു രീതിയിലും സ്പർശിക്കേണ്ടതില്ല. അത് നമ്മൾ മനുഷ്യർക്കും ആനകൾക്കും ഒരു പോലെ ദോഷം ചെയ്യും. ഈ പരമമായ സത്യത്തിലേക്കാണ് ഈ പുസ്തകത്തിലെ എല്ലാ അദ്ധ്യായങ്ങളും വിരൽ ചൂണ്ടുന്നത്. അത്രയ്ക്കധികം ക്രൂരതകളാണ് നമ്മുടെ നാട്ടാനകൾ നേരിടുന്നത്.
പൂരങ്ങളിലും മറ്റും ആനകൾ നേരിടുന്ന ക്രൂര പീഡനത്തിനെതിരെ, ദേശീയമായും സർവ്വദേശീയമായും യഥാർത്ഥ ഗജസ്നേഹികൾ പ്രതികരിക്കുന്നുണ്ട്. CUPA (Compassion unlimited plus action )പോലുള്ള സംഘടനകളുടെ പഠനങ്ങളും , നിർദ്ദേശങ്ങളും പ്രതീക്ഷ നൽകുന്നവയാണ്. പമേല ആൻഡേഴ്സൻ എന്ന അമേരിക്കൻ വനിത മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻചാണ്ടിക്ക് സമർപ്പിച്ച കത്തും ശ്രദ്ധേയമാണ്. " ഒരു പ്രധാന ടൂറിസം ലക്ഷ്യമാക്കി കേരളത്തിൽ വരുന്ന ഒരു സന്ദർശകന്റെ അവധിക്കാലത്തിന്റെ സന്തോഷം നശിപ്പിക്കാൻ ഇങ്ങനെ ആനകളെ ചങ്ങലക്കിട്ടുകൊണ്ട് വെയിലത്ത് ടാറിട്ട റോഡിൽക്കൂടി നടത്തുന്ന ഒറ്റക്കാഴ്ച മാത്രം മതിയാവും".
ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് ഒരാനയെ പിടുത്തം കിട്ടും. അതിന് ഭീമാകാരമായ ഒരു ശരീരമല്ല, അത്രതന്നെ വലുപ്പമുള്ള ഒരു മനസ്സും ഉണ്ടെന്ന് പിടികിട്ടും. രവി ക്കുട്ടന്റെ ഓരോരോ പ്രായത്തിലുള്ള ഓരോരോ വിശേഷങ്ങൾ പറഞ്ഞു പോകുമ്പോൾ അതിനോടൊപ്പം പാരലലായി ആനകളുടെ ശരീരത്തിന്റെ ഓരോ അവയവത്തിന്റേയും വിവരണങ്ങളുണ്ട് . വിശദീകരണങ്ങൾ ഉണ്ട്. ഒപ്പം ഒരാനയുടെ മനസ്സ് എന്താണെന്ന് നിങ്ങൾക്ക് പിടികിട്ടും. ഒരാനയുടെ ചങ്കെന്ത്, തലച്ചോർ എന്ത്, മർമ്മങ്ങൾ എന്ത് എല്ലാം വായനക്കാർക്ക് മനസ്സിലാകണമെന്ന ഒരു ഉദ്ദേശവും ഈ എഴുത്തിന് പിന്നിലുണ്ട്. രവിക്കുട്ടൻ എന്ന ഒരു കുഞ്ഞാനയുടെ ഒന്നര വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള ജീവിതകഥ മാത്രമല്ല ഈ പുസ്തകം.. ഇതിൽ ഒരു ആനലോകം തന്നെയുണ്ട്, വിവിധ പാപ്പാന്മാരും ആന ഉടമകളും ഉണ്ട്.
എനിക്കേറെ സന്തോഷമുണ്ട്
ഇത് എഴുതി തീർക്കാൻ സാധിച്ചതിൽ.
ഒരു പാട് പേരോട് നന്ദിയുണ്ട്. ഇതിന്റെ പല ഇടങ്ങളിലും സഹായിച്ചവരോട്. എന്റെ Nieces and Nephews ഏറെ വിവരങ്ങൾ തന്നവരാണ്. സഹോദരങ്ങൾ എല്ലാവരും സഹായിച്ചവരും പ്രോത്സാഹിപ്പിച്ചവരുമാണ്. എല്ലാ നിലയിലും സഹായിച്ചും പ്രോത്സാഹിപ്പിച്ചും കൂടെ നിന്ന ഗീതാ ബക്ഷിയെ വളരെ സ്നേഹത്തോടെ ഓർമ്മിക്കുന്നു. തിരക്കിനിടയിലും ഈ പുസ്തകത്തിനൊരു അവതാരിക എഴുതി തന്ന ഫാദർ ബോബി ജോസ് കപ്പൂച്ചിന് സ്നേഹം.
ഈ പുസ്തകത്തിന് വിശാലമായ
ആശംസ എഴുതി തന്ന ശ്രീമാൻ ശ്രീകുമാർ അരൂക്കുറ്റിക്ക് (ആന നിരീക്ഷകൻ, എഴുത്തുകാരൻ, . (കഥ , Movie ദേശാടനം.)
നന്ദി, സ്നേഹം.
ഈ പുസ്തകം പബ്ലിഷ് ചെയ്യുവാൻ സന്മനസ്സ് കാട്ടിയ കൈരളി പബ്ലിഷേഴ്സിന് നന്ദിയുടെ ഒരു പൂച്ചെണ്ട്.
' എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു ' എന്ന ഈ പുസ്തകം വായനക്കാർക്ക് കൈമാറുന്നതിലുള്ള എന്റെ സന്തോഷം അറിയിച്ചുകൊണ്ട്
Dr. Kunjamma George.
പുസ്തകം വാങ്ങാൻ 👇👇
http://wa.me/+919539234343 📞 9539234343
📞 9539234343