Image
Image

പ്രത്യാശയേകുന്ന തീര്‍ത്ഥാടനം(കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 18 March, 2025
 പ്രത്യാശയേകുന്ന തീര്‍ത്ഥാടനം(കവിത: മാര്‍ഗരറ്റ് ജോസഫ്)

തീര്‍ത്ഥാടനം, മന്നില്‍ തീര്‍ത്ഥാടനം,
പ്രത്യാശയേകുന്ന തീര്‍ത്ഥാടനം,
മൃത്യു നയിക്കുന്ന തീര്‍ത്ഥാടനം,
മര്‍ത്ത്യ, നമര്‍ത്ത്യനാം തീര്‍ത്ഥാടനം.

കാലത്തില്‍ കല്പനാലൊരിക്കല്‍
കാലാതിവര്‍ത്തിയാകുന്ന യാത്ര,
ജീവിതമെത്തും വഴിത്തിരില്‍,
കാണാമറയത്തണയുന്ന യാത്ര.

ആത്മശരീരങ്ങളൊന്നായവര്‍,
വേര്‍പിരിഞ്ഞാത്മാവു മാത്രമായി,
മാടിവിളിക്കുമപാരതയില്‍,
വീണ്ടും മടങ്ങിവരാത്ത യാത്ര.

മോഹങ്ങളില്‍ നിന്ന് മുക്തമായി,
പാരി, തരങ്ങു വിട്ടേകനായി,
നീണാളുണര്‍വിന്‍ വെളിച്ചമായി,
നിത്യത പൂകന്ന തീര്‍ത്ഥയാത്ര.

അന്തമെഴാത്ത നിഗൂഢതയില്‍,
അരുമരൂപിയാകുന്ന യാത്ര!
എത്ര മഹത്തര ദര്‍ശനങ്ങള്‍!
മറ്റെങ്ങു ശാന്തിയും പ്രത്യാശയും?

ആ ദിവ്യതേജസ്സിന്നംശമായി,
മാനസമാം മഹാശക്തിയാര്‍ന്ന്,
തീര്‍ത്ഥാടനം വരമായതാര്‍ക്ക്?
ഉത്തമസൃഷ്ടി, നരനു മാത്രം.    
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക