Image
Image

പണവും ബന്ധങ്ങളും ( വിചാര സീമകൾ : പി. സീമ )

Published on 18 March, 2025
പണവും ബന്ധങ്ങളും ( വിചാര സീമകൾ : പി. സീമ )

"പണം ഇല്ലാത്തവൻ പിണം" ആണെന്നൊരു ചൊല്ലുണ്ടല്ലോ. വ്യക്തി ബന്ധങ്ങളിൽ, സൗഹൃദങ്ങളിൽ, രക്ത ബന്ധങ്ങളിൽ   ഒക്കെ ചിലപ്പോഴെങ്കിലും പണത്തിനു വളരെ പ്രാധാന്യമുണ്ട്. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതും കെട്ടയച്ചു വേർപിരിക്കുന്നതും മനുഷ്യരെ തമ്മിൽ അകറ്റുന്നതും ഒരു പരിധി വരെ പണം തന്നെയാണ്.

കോടീശ്വരനായ ഒരാൾ തകർച്ചയിലേക്ക് പോകുന്നതും തളരുന്നതും കണ്ടിട്ടില്ലേ? തളർന്ന് പോയാൽ തണലാകാനും താങ്ങാകാനും വളരെ കുറച്ചു പേർ മാത്രമേ കാണുകയുള്ളു. പണമു ള്ളപ്പോൾ കൂടെ ഉണ്ടായിരുന്നവർ പലരും അപ്പോൾ കൂടെ കാണണമെ ന്നില്ല. ഏറ്റവുമേറെ തളർന്നിരിക്കുമ്പോൾ കൂടെ ഉള്ളവർ തന്നെയല്ലേ യഥാർത്ഥ സുഹൃത്തുക്കൾ..,യഥാർത്ഥ ബന്ധുക്കൾ... ആളുകളെ തിരിച്ചറിയാൻ ലഭിക്കുന്ന ഒരു അവസരം കൂടിയാണത്. ജീവിതാനുഭവങ്ങളിൽ നിന്നും വ്യത്യസ്തരായ പലരെയും മനസ്സിലാക്കാൻ സാധിച്ചു. അതിൽ മണിക്കൂറുകളോളം നേരത്തെ ഫോണിൽ സംസാരിച്ചിരുന്ന എന്നാൽ ഇപ്പോൾ നിശ്ശബ്ദരായ ചിലരുണ്ട്. നിനച്ചിരിക്കാതെ പെട്ടെന്ന് ഒരാൾ കടന്നു പോകുമ്പോൾ ആ വേർപാട് നമ്മളിൽ  ചിലപ്പോൾ ഒരു കടബാധ്യത അവശേഷിപ്പിച്ചു എന്ന് വരാം. എന്നു കരുതി ആ ബാധ്യതയും പേറി ആത്മാഭിമാനമുള്ള ആരും മറ്റൊരാളെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കില്ല. മറ്റാരെയും അതിലേക്കു വലിച്ചിഴയ്ക്കില്ല.  കാൽച്ചുവട്ടിലെ ഭൂമി വിറ്റിട്ടായാലും  അഭിമാനത്തോടെ കടം വീട്ടാൻ ശ്രമിക്കുകയെ ഉള്ളു..അത് മനസ്സിലാക്കാതെ അകലം കാത്തു ഭയന്നു നിൽക്കുന്നവരിൽ നിന്നും ഒട്ടും താമസിക്കാതെ ഇറങ്ങിപ്പോരിക. തിരികെ ചെല്ലില്ല എന്ന് ബോധ്യമാക്കും വിധം ആ വഴി ചേർത്തടയ്ക്കുക.

അത്യാവശ്യം സന്ദർഭങ്ങളിൽ പണം കൈയിലില്ലാതെ വന്നപ്പോൾ സഹായിച്ചവരെ ഒരിക്കലും മറക്കാനാകില്ല. പക്ഷെ അതിലുമുണ്ട് ഏതാനും  വിഭാഗക്കാർ.

പലിശ കൃത്യമായി വാങ്ങിയിട്ട് കടം വാങ്ങിയ ആൾ മരിച്ചു പോകുമ്പോൾ ഇനി പലിശ വേണ്ടെന്നു പറയുന്നവർ... മുതലിൽ പകുതി ആയാലും മതി എന്ന് പറയുന്നവർ. ഉടനെ തന്നെ മുതൽ തിരികെ ചോദിക്കുന്നവർ. അവരെ കുറ്റപ്പെടുത്തുന്നില്ല. കാരണം അവർ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണത്. എങ്കിലും മാനുഷിക പരിഗണന വെച്ച് നോക്കുമ്പോൾ ആദ്യം പറഞ്ഞവർ വളരെ ആർദ്രമായ മനസ്സുള്ളവർ. കാരണം അവർ നൽകിയ മുതലോ അതിലേറെയോ പലിശയായിത്തന്നെ കടം വാങ്ങിയവർ തിരികെ അടച്ചിട്ടുണ്ടാകും. അതവർ മുതലായി കണക്കാക്കുകയോ ഇനി പാതി മതി എന്ന് പറയുകയോ ചെയ്യുന്നു.. അതാണ്‌   യഥാർത്ഥത്തിൽ നന്മ വറ്റാത്ത ചിലർ നൽകുന്ന മാനുഷിക പരിഗണന.  തന്ന കാശ് തിരികെ ചോദിക്കാൻ മടിക്കുന്ന  വളരെ അപൂർവ്വം ചിലരും ഇതിൽ പെടും. എങ്ങനെ നോക്കിയാലും കാഴ്ചയിലും ആകാരഭംഗിയിലും വ്യത്യസ്തരായ മനുഷ്യർ സ്വഭാവത്തിലും  വ്യത്യസ്തരാണ്. അങ്ങനെ വരുമ്പോൾ സ്വയം സുരക്ഷിതരാകണമെന്ന് തോന്നുന്നവർ  തനിക്കു മാത്രമായി എന്തെങ്കിലും കരുതി വെയ്ക്കുക.  ജീവിതം എന്നും ഒരാളെ  ഉന്നതമായ കൊടുമുടികളിൽ  തന്നെ നിർത്തണമെന്നില്ല. ചില ആകസ്മികതകളിൽ,  ചിലർ കുഴിച്ച വാരിക്കുഴികളിൽ അവർ കാലിടറി വീണെന്ന് വരാം. അടി പതറാത്തവർ ആരുമില്ല. അപ്പോൾ ഒന്നും നൽകിയില്ലെങ്കിലും   തനിച്ചായി പോയവർക്ക് വെറുമൊരു തണലെങ്കിലുമാകുക. എരിയുന്ന സൂര്യനും, പൊള്ളിക്കുന്ന ലാവയും ആകാതിരിക്കുക.  തനിയ്ക്കായി മാത്രം എന്തെങ്കിലും സമ്പാദിക്കുന്ന ശീലം കുട്ടികളിൽ  ബാല്യത്തിൽ തന്നെ വളർത്തിയെടുക്കുക. അത് സ്വാർത്ഥതയല്ല.ജീവിതത്തോടുള്ള സ്നേഹപൂർവ്വമായ കരുതലാണ് എന്ന് അവരെബോധ്യപ്പെടുത്തുക.മരിക്കുമ്പോൾ ആരും ആറടി മണ്ണല്ലാതെ മറ്റൊന്നും കൊണ്ടു പോകുന്നില്ല എങ്കിലും ജീവിച്ചിരിക്കുമ്പോൾ സുരക്ഷിതരാകാൻ സമ്പാദ്യം കൂടിയേ തീരൂ. സാമ്പത്തികമായി അത്രയൊന്നും പിന്നിലല്ലാത്ത ഒരു കുടുംബത്തിൽ ജീവിച്ചു കട ബാധ്യതകൾ ഒന്നും ബാക്കി വെക്കാതെ മരിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ മകളായി വളർന്ന എനിക്ക് ഇപ്പോഴുള്ള ജീവിതം നൽകിയ ചില തിരിച്ചടികളാണ് ഇതെഴുതാൻ പ്രേരണയായത്.

ഒറ്റപ്പെട്ടു പോയാൽ തന്റേതെന്ന് പറഞ്ഞു ചൂണ്ടിക്കാണിക്കാൻ   അച്ഛനമ്മമാർ നൽകിയ പൊന്നും പണവും   നഷ്ടപ്പെടുത്തി   സ്വന്തം ജീവിതം ആർക്കും ചവിട്ടിയരയ്ക്കാവുന്ന ഒരു പുൽക്കൊടി പോലെ ആകാതെ സൂക്ഷിക്കുക. പകരം  സ്വയം ഒരു വന്മരമായി വളരുക.  തനിക്കു താൻ തന്നെ തണലാകുക..സ്വന്തം കഴിവുകളെ ബുദ്ധിപൂർവം വിനിയോഗിച്ചാൽ കുറച്ചൊക്കെ സ്വന്തം കാലിൽ ഉറച്ചു നിൽക്കാം എന്ന് എന്നെ പഠിപ്പിച്ച ജീവിതത്തിന്റെ ഒരു താൾ മാത്രം പകർത്തിയതാണ്. ആർക്കെങ്കിലും പ്രയോജനപ്പെട്ടാൽ അത്രയും ആകട്ടെ..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക