ഗഹനമായ ജീവിതകാഴ്ചകളെ സൂക്ഷ്മമായ അനുഭവരാശികളിലൂടെ പകരുവാൻ കഴിയുന്നൊരു
വായനാനുഭവം തന്നെയാണ് ഡോ. ആശാ പ്രഭാകരന്റെ സത്യാന്വേഷിയും കള്ളിച്ചെടികളും എന്ന കവിതാസമാഹാരം നൽകുന്നത്.വ്യത്യസ്ത രുചികൾക്കിണങ്ങുന്ന കാവ്യവിഷയങ്ങളാണ്
കവിതകളിൽ സ്വീകരിച്ചിട്ടുള്ളത്.
ജീവിതത്തിന്റെ പരുക്കൻഭൂമിയിലൂടെ യാത്ര ചെയ്യുമ്പോൾ കവിമനസ്സിന്റെ ദർപ്പണത്തിൽ പതിയുന്ന കാഴ്ചകളും ,അനുഭവങ്ങളും ആശയിലെ കവിയെ വല്ലാതെ സ്പർശിച്ചിട്ടുണ്ടെന്ന് ഓരോ കവിതയുംസാക്ഷ്യപ്പെടുത്തുന്നു.
ആശയുടെ ഓരോ കവിതകളുടെയും ആഴങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ സർഗ്ഗാത്മകമായ എല്ലാ ആവിഷ്കാരങ്ങളിലും വികാര തീവ്രത മരിച്ചിട്ടോ ,ജീവനോടെ മറവു ചെയ്യപ്പെട്ടിട്ടോ
ഇല്ലെന്നു മനസ്സിലാകും.
പ്രതീക്ഷയുടെ നക്ഷത്രങ്ങൾ നഭസ്സിലുണരുന്നത് കാണാനാണ് ഓരോ മനുഷ്യജീവിതത്തിന്റെയും കാത്തിരിപ്പ്. വൈതരണികളിൽ പെട്ട്
ഉഴറുന്ന മനുഷ്യരുടെ ‘പാഥേയമില്ലാത്ത യാത്രയാണ്’ ജീവിതമെന്ന് കവി 'ഇരുളും വെളിച്ചവുമെന്ന' കവിതയിൽ പറയുന്നു.ഭൂതകാലത്തിലെ സങ്കടത്തീമഴ തലയിൽ വീഴാതെ , ഉപ്പു കല്ലാകാതെ യാത്ര തുടരണമെന്ന് കവി ചൂണ്ടിക്കാട്ടുന്നു.ഇരുളിന്റെയും വെളിച്ചത്തിന്റയും
ഇടയിലുള്ള അഞ്ജാത ദ്വീപുകളിലേക്കുള്ള യാത്രക്കിടയിൽ നൈരാശ്യത്തിന്റെ ഇഴകൾ
നെയ്തെടുക്കരുതെന്ന സന്ദേശമാണ് ഈ കവിത നൽകുന്നത്.
'എന്നെങ്കിലും പുലരി പൂക്കാതിരിക്കുമോ'എന്നൊരു ശുഭ ചിന്ത കൂടി പങ്കു വയ്ക്കുന്നുണ്ട്.
നടന്നു മറഞ്ഞ വഴികളിലെ ഓർമ്മകാല്പാടുകളെ മറവിയിലേക്ക് തള്ളിവിടാതെ മഴത്തുള്ളിയുടെ സ്നേഹസ്പർശം പോലെ ഹൃദയത്തോട് ചേർത്തുവയ്ക്കുവാൻ സാധിക്കുന്ന കൊച്ചു കവിതയാണ് ഓർമ്മ മരം.
നന്മയും ,മാനവികതയും നിറഞ്ഞു നിൽക്കുന്ന കവിതയാണ് നിസ്വൻ.അർത്ഥമില്ലാത്ത യുദ്ധക്കെടുതികളുടെ ഭീകരത എക്കാലവും സമൂഹ മനസ്സാക്ഷിയ്ക്കു നേരെ ഉയർത്തുന്ന ചോദ്യമാണ് .ഉത്തരാധുനികതയുടെ പാതയിലേക്ക് വഴി മാറി
സഞ്ചരിക്കുന്ന ഈ ഗദ്യകവിത സാമൂഹ്യ പ്രതിബദ്ധതയുടെ ഗൗരവവും ഉൾക്കൊള്ളുന്നുണ്ട്.
കാല്പനികതയ്ക്കപ്പുറം പ്രത്യയശാസ്ത്രങ്ങളുടെ ചിറകടികൾ കൂടി കേൾക്കുന്ന കവിതയാണ്
'കാറ്റും കടലും'. 'തിരകളാൽ മൃദുവാക്കപ്പെട്ട ഒറ്റക്കൽ ശില്പങ്ങൾ
അതു തന്നെയല്ലേ ഞാനും നീയും'. ലളിതവും ,മനോഹരവുമായ എത്രയെത്ര
ബിംബങ്ങളാണ് ഓരോ കവിതയെയും അണിയിച്ചൊരുക്കുവാൻ ആശ തെരഞ്ഞെടുത്തിട്ടുള്ളത്.കാലത്തെയും, സമൂഹത്തെയും ഗ്രസിച്ചിരിക്കുന്ന ദുരിതദുഃഖ തീവ്രതയിൽനിന്ന് ആനന്ദത്തിന്റെ ആകാശത്തിലേക്ക്പറന്നുയരാനുള്ള സമഗ്രാനുഭൂതി തന്നെയാണ് സത്യാന്വേഷിയും കള്ളിച്ചെടികളും എന്ന കവിതാസമാഹാരം പകർന്നു നൽകുന്നത്.
കാവ്യജീവിതത്തിന്റെ ധന്യവീഥിളിൽ മായാത്ത പാദമുദ്രകൾ പതിപ്പിച്ച് ഡോ.ആശാ പ്രഭാകരൻ
ഇനിയും യാത്ര തുടരട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ.