Image

ഡാനിഷ് തോമസ്: സ്വന്തം സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനിക്കണം

-മീട്ടു റഹ്മത്ത് കലാം Published on 18 March, 2025
ഡാനിഷ് തോമസ്: സ്വന്തം സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനിക്കണം

അമേരിക്കയിൽ ജനിച്ചുവളരുന്ന മക്കൾ മലയാളത്തിൽ നിന്നും കേരളത്തിന്റെ സംസ്കാരത്തിൽ നിന്നും അകന്നുപോകുന്നതിൽ ആശങ്കപ്പെടുന്നവരോട് ഫോമാ കൾച്ചറൽ ഫോറം ചെയർമാൻ എന്ന നിലയിൽ ഡാനിഷ് തോമസിന് ചിലത് പറയാനുണ്ട്.  കഴിഞ്ഞ ഏഴുവർഷക്കാലമായി ആമസോണിൽ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് മാനേജറായി പ്രവർത്തിക്കുന്ന ഇദ്ദേഹം, മൈക്രോസോഫ്റ്റിൽ റിക്രൂട്ടിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഭാര്യ ഷെറിനും രണ്ടുമക്കൾക്കുമൊപ്പം സിലിക്കോൺ വാലിയിലാണ് താമസം. 2022-24 ൽ ഫോമാ കൾച്ചറൽ കമ്മിറ്റി സെക്രട്ടറിയായും ഫോമാ വെസ്റ്റേൺ റീജിയൻ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച ഡാനിഷ്, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടന്ന ഫോമാ കൺവൻഷനിൽ യൂത്ത് ഫെസ്റ്റിവൽ ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനമാണ്  കാഴ്ചവച്ചത്. 2022 ലെ കാൻകൂൺ കൺവൻഷനിൽ 'മലയാളി മന്നൻ' മത്സരത്തിൽ വിജയകിരീടം ചൂടിയിട്ടുമുണ്ട്. 2024 ൽ 'മിസ് ഫോമാ' ആയും സീനിയർ കാറ്റഗറി കലാതിലകമായും മകൾ റിയാന ഡാനിഷും കിൻഡർ കാറ്റഗറി കലാപ്രതിഭയായി മകൻ റയൻ ഡാനിഷും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എല്ലാവരും ശ്രദ്ധിച്ചത് അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികൾ എങ്ങനെ നാട്ടിലെ കുട്ടികളെപ്പോലെ മലയാളം സംസാരിക്കുകയും നമ്മുടെ സംസ്കാരത്തോട് ചേർന്നുനിൽക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. അതിനുള്ള ഉത്തരം കൂടിയാണ് ഡാനിഷ് തോമസ് ഇ-മലയാളി വായനക്കാരുമായി പങ്കുവയ്ക്കുന്നത്...

കഥ ഇതുവരെ?

കോട്ടയം അയർക്കുന്നമാണ് സ്വദേശം. മൂന്നര വയസ്സുമുതൽ ഡിഗ്രി വരെ പഠിച്ചതും വളർന്നതുമെല്ലാം അമ്മയുടെ നാടായ വൈക്കത്താണ്.  കോയമ്പത്തൂർ ആർവിഎസിൽ നിന്ന് എംസിഎ പൂർത്തിയാക്കിയ ശേഷം, ബാംഗ്ലൂർ നാഷണൽ എയറോസ്പേസ് ലബോറട്ടറീസിൽ പ്രോജക്ട് ട്രെയിനിയായി. അതാണ് ആദ്യത്തെ ജോലി.  പിന്നീട്, ബോംബെയിൽ എൽ ആൻഡ് ടി ഇൻഫോടെക്കിൽ ചേർന്നു. അവിടെ നിന്ന് 2006ൽ ജപ്പാനിലെത്തി. ടോക്കിയോയിൽ സോണി എറിക്സണിൽ മൂന്ന് വർഷം ജോലി ചെയ്ത ശേഷമാണ് അമേരിക്കയിലെത്തുന്നത്. നോർത്ത് കരോലിനയിൽ മൂന്നുമാസവും പിന്നീടുള്ള ആറുമാസം അറ്റ്ലാന്റയിലുമായിരുന്നു. 2010 അവസാനത്തോടെ  സാൻ ഫ്രാൻസിസ്കോയിലേക്ക് മാറി.  ഗൂഗിൾ,എൻവിഡിഎ,ഫേസ്ബുക്ക്,ആപ്പിൾ തുടങ്ങിയവയുടെ എല്ലാം ആസ്ഥാനമായ സിലിക്കൺ വാലിയിലാണ് ഇപ്പോൾ കുടുംബസമേതം താമസം.  ഭാര്യ ഷെറിൻ മൈക്രോസോഫ്റ്റിൽ റിക്രൂട്ടിങ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ഞങ്ങൾക്ക് രണ്ടുമക്കളാണ്-റിയാന ഡാനിഷ്(14 വയസ്),റയൻ ഡാനിഷ്(7 വയസ്).

കലാപ്രവർത്തനങ്ങളുടെ തുടക്കം?

വൈക്കം  സെന്റ് മേരീസ് ഹൈസ്‌കൂളിലാണ് പഠിച്ചത്. മിമിക്രി,മോണോ-ആക്ട്,പാട്ട് എന്നിങ്ങനെയുള്ള ഇനങ്ങളിൽ സ്‌കൂൾതലം മുതൽ മത്സരിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു.കുറവിലങ്ങാട്  ദേവമാതാ കോളജിൽ ഡിഗ്രി പഠനകാലത്തും കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എംജി യൂണിവേഴ്സിറ്റിയുടെ കലോത്സവത്തിൽ മിമിക്രിക്ക് രണ്ടാം സ്ഥാനം നേടി. 2001 ൽ കൈരളി ടിവിയുടെ ലോഞ്ചിങ്ങിന് അനുബന്ധമായി സംഘടിപ്പിച്ച ഫാഷൻ ഷോയിൽ ഞാൻ ഉൾപ്പെട്ട ടീമായിരുന്നു ജേതാക്കൾ. അന്ന് ഫാഷൻ ഷോയെക്കുറിച്ചൊന്നും കേരളത്തിലെ ചെറുപ്പക്കാർക്ക് വലിയ ധാരണയില്ല. അതിന്റെ ഡിസൈനിങ് സ്വയം ചെയ്തതിന്റെ ആത്മവിശ്വാസത്തിൽ മാതൃഭൂമി ഫെസ്റ്റിവലിലും മത്സരിച്ചു, വിജയിക്കുകയും ചെയ്തു. എംസിഎ ചെയ്യുമ്പോൾ, കോളജിനെ പ്രതിനിധീകരിച്ച് പല ഇന്റർകോളജ്‌ ഫെസ്റ്റുകളിലും  ഞങ്ങളുടെ ടീം മത്സരിച്ച് വിജയിച്ചതും നല്ലൊരു അനുഭവമായിരുന്നു.

ജപ്പാനിലെയും അമേരിക്കയിലെയും കമ്മ്യൂണിറ്റി ലൈഫ് വ്യത്യസ്തമല്ലേ ?

തികച്ചും വ്യത്യസ്തമെന്നുതന്നെ പറയാം. 2006 ൽ ഞാൻ ജപ്പാനിൽ ചെല്ലുമ്പോൾ അവിടെ ആകെ 300-400 മലയാളികളേ ഉണ്ടായിരുന്നുള്ളു.ഇന്ത്യൻ റെസ്റ്റോറന്റ് ഒന്നോ രണ്ടോ മാത്രം, മലയാളി ഭക്ഷണം അപൂർവമായേ ലഭിക്കൂ. ഇന്ത്യൻ സ്‌കൂൾ നോക്കിയാലും ഒരെണ്ണമേ ഉള്ളൂ. ആശുപത്രിയിൽ പോകുമ്പോൾ പോലും ജാപ്പനീസ് ഭാഷ അറിയാത്തവർ ബുദ്ധിമുട്ടും. എല്ലാ സഭക്കാർക്കും കൂടി ഒരു പളളി,മാസത്തിൽ ഒരിക്കൽ ഒരു കുർബാന എന്നിങ്ങനെ ആയിരുന്നു കാര്യങ്ങൾ. ജപ്പാനിലെ നിഹോൺ കൈരളി എന്ന  സംഘടനയിൽ സജീവമായിരുന്നു. ടോക്കിയോയിലെ ഒരേയൊരു മലയാളി അസോസിയേഷനായിരുന്നു അത്. സ്കിറ്റ്,ഡാൻസ്,പാട്ട് എന്നിങ്ങനെ എല്ലാ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. 
അമേരിക്കയിൽ വന്ന ശേഷം കേരളം വലുതായി മിസ് ചെയ്തിട്ടില്ല. ഞാൻ ഇപ്പോൾ താമസിക്കുന്ന കാലിഫോർണിയയിൽ സിറോ മലബാറിനുതന്നെ രണ്ടു പള്ളികളുണ്ട്, അതുപോലെ സംഘടനകളും. മങ്ക,ബേ മലയാളി,മൈത്രി എന്നിങ്ങനെയുള്ള  മലയാളി അസോസിയേഷനുകൾക്ക്  പുറമേ മതാധിഷ്ഠിത സംഘടനകളുമുണ്ട്.


അമേരിക്കയിൽ ജനിച്ചുവളരുന്ന കുട്ടികളെ നമ്മുടെ ഭാഷയും സംസ്കാരവുമായി ചേർത്തുനിർത്താൻ എന്താണ് ചെയ്യേണ്ടത്?

പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. അവനവന്റെ സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനം വേണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. അതുതന്നെയാണ് മക്കൾക്ക് പകർന്നുകൊടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  നമ്മളെയാണ് കുഞ്ഞുങ്ങൾ മാതൃകയാക്കുന്നതെന്ന് ഓർമ്മവേണം. മലയാളം എന്നുപറയുന്നത് റോക്കറ്റ് സയൻസൊന്നുമല്ലല്ലോ! അഞ്ചുവയസുള്ള കുട്ടികൾ അനായാസം ഫോണിൽ ഗെയിം കളിക്കാറില്ലേ? മാതൃഭാഷ പഠിക്കാൻ അത്രയും പ്രയാസമൊന്നുമില്ലെന്ന് രക്ഷകർത്താക്കൾ മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു. വീട്ടിൽ ഞങ്ങൾ മലയാളമേ സംസാരിക്കൂ.  റിയാനയ്ക്ക് ഒരുവയസ്സുള്ളപ്പോൾ തന്നെ അവളെ കാർ സീറ്റിലിരുത്തി ഇവിടെ റിലീസാകുന്ന മലയാളം സിനിമകൾ കാണാൻ തീയറ്ററിൽ പോകുമായിരുന്നു. നാട്ടിൽ വളരുന്ന കുട്ടികളെപ്പോലെ തന്നെ നമ്മുടെ ഭാഷയും പാട്ടുകളും സിനിമയുമൊക്കെ അറിഞ്ഞാണ് അവൾ വളർന്നത്. കലാഭിരുചി പ്രകടിപ്പിച്ചിരുന്നതുകൊണ്ട്  നാലുവയസ്സുമുതൽ ഭരതനാട്യവും ശാസ്ത്രീയ സംഗീതവും പഠിക്കാൻ ചേർത്തു. സ്വന്തം വേരുകളിൽ നിന്നകന്നുപോകാതിരിക്കാൻ നമ്മൾ തന്നെ വേണം കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ. 

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക) എന്ന സംഘടന കുട്ടികൾക്കായി വർഷാവർഷം നടത്തുന്ന കലോത്സവത്തിൽ മുന്നോറോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കാറുണ്ട്. കിൻഡർ കാറ്റഗറി,സബ് ജൂനിയർ ലെവൽ,ജൂനിയർ ലെവൽ,സീനിയർ ലെവൽ എന്നിങ്ങനെ തുടർച്ചയായി ഒൻപതുവർഷവും റിയാന അതിൽ 'മങ്ക സ്റ്റാർ' ടൈറ്റിൽ നേടുന്നത് മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് ഏറെ അഭിമാനം നൽകിയ കാര്യമാണ്. മൂന്ന് വയസ്സുള്ളപ്പോൾ ഫാൻസി ഡ്രസ്സിൽ പുലിമുരുകനായി വേഷമിട്ടുകൊണ്ട്  മകൻ റയനും ചേച്ചിയുടെ പാത പിന്തുടർന്നു. 2023ൽ കിൻഡർ കാറ്റഗറിയിൽ റയൻ 'മങ്ക സ്റ്റാർ' ആയി.

ഫോമായുമായുള്ള ബന്ധത്തിന്റെ തുടക്കം?

'മങ്ക' എന്ന സംഘടനയിലൂടെയാണ് ഞാൻ ഫോമായിൽ എത്തിയത്.ഫോമാ വെസ്റ്റേൺ റീജിയന്റെ കലാമത്സരം കാലിഫോർണിയയിൽ വച്ച് നടന്നപ്പോൾ മകൾ കലാതിലകപ്പട്ടം നേടി. അതിലൂടെയാണ് ഞങ്ങൾ ഫോമായിൽ സജീവമായത്. 2018 ലെ ഷിക്കാഗോ കൺവൻഷനിൽ റിയാന ജൂനിയർ കാറ്റഗറിയിൽ ഫോമാ കലാതിലകമായി.അതേ വർഷം നടന്ന മലയാളി മന്നൻ മത്സരത്തിൽ ഞാൻ റണ്ണർ-അപ്പായി. 2022 ലെ കാൻകൂൻ കൺവൻഷനിൽ റിയാന ഫോമാ കലാതിലകമായപ്പോൾ ഞാനായിരുന്നു 'മലയാളി മന്നൻ' മത്സരത്തിലെ വിജയി. കഴിഞ്ഞ വർഷം റിയാന ഫോമാ കലാതിലക പട്ടവും  റയൻ ഫോമാ കലാപ്രതിഭ പട്ടവും നേടി. പുന്റ കാനയിൽ വച്ചുനടന്ന ആ കൺവൻഷനിലാണ്  റിയാന ആദ്യമായി ഒരു പേജന്റ് മത്സരത്തിൽ പങ്കെടുക്കുന്നത്. ' മിസ് ഫോമാ' ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഭർത്താവും മക്കളും സ്റ്റാർസായി തിളങ്ങുന്നതിൽ ഷെറിൻ ഡാനിഷിന്റെ പങ്ക്?

സ്റ്റാർഡം ഒന്നുമല്ല. ഇതൊക്കെയൊരു സന്തോഷമാണ്. കലയും സംസ്കാരവും ഭാഷയുമെല്ലാം ഏത് ദേശത്ത് പോയാലും ഒപ്പം വേണമല്ലോ. രണ്ടുപേർക്കും കലയോട് താല്പര്യമുള്ളതുകൊണ്ടാണ് മക്കൾക്ക് പൂർണമായ പ്രോത്സാഹനം നൽകാൻ സാധിക്കുന്നത്. പള്ളിയുടെ പരിപാടികളിൽ ഞാനും ഭാര്യയും കപ്പിൾ ഡാൻസൊക്കെ കളിച്ചിട്ടുണ്ട്. കുട്ടികളുടെ കലാപ്രവർത്തനങ്ങൾക്കുവേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് ഷെറിൻ തന്നെയാണ്.  മേക്കപ്പ് മുതൽ എല്ലാക്കാര്യങ്ങളിലും അവളുടെ കണ്ണെത്തും.

ഫോമായിലെ പ്രവർത്തനങ്ങൾ?

കോവിഡിനെത്തുടർന്ന് ഫോമാ തുടക്കംകുറിച്ച സാന്ത്വന സംഗീതം എന്ന വെർച്വൽ മ്യൂസിക്കൽ പ്രോഗ്രാമിന്റെ വെസ്റ്റേൺ റീജിയന്റെ ചെയർമാനായി പ്രവർത്തിച്ചുകൊണ്ടാണ് സംഘടനയിൽ ഒരു സ്ഥാനം ആദ്യമായി ഏറ്റെടുത്തത്. 2022 -24 ൽ ഫോമാ കൾച്ചറൽ കമ്മിറ്റിയുടെ സെക്രട്ടറിയായി.അതേ വർഷം ഫോമായുടെ വെസ്റ്റേൺ റീജിയന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഒടുവിൽ നടന്ന കൺവൻഷനിൽ യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റിയുടെ ചെയർമാനായിരുന്നു. 2024-26 ൽ കൾച്ചറൽ കമ്മിറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.

സംഘടനാപ്രവർത്തനത്തിലെ സന്തോഷങ്ങൾ?

2022-23 ൽ മങ്കയുടെ ബോർഡ് മെമ്പറായിരുന്നു. അമേരിക്ക പോലെ വലിയൊരു രാജ്യത്ത്, അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള മലയാളികളുമായി പരിചയത്തിലാകാനും സൗഹൃദം സൂക്ഷിക്കാനും കഴിഞ്ഞു എന്നുള്ളതാണ് സംഘടനാപ്രവർത്തനത്തിൽ ഏർപ്പെട്ടതുകൊണ്ട് ലഭിച്ച ഭാഗ്യം.കഴിഞ്ഞ വർഷം ഫോമാ കുട്ടികൾക്കായി സംഘടിപ്പിച്ച 'സമ്മർ ടു കേരള' പ്രോഗ്രാമിലൂടെ മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ പോയി നേരിൽ കണ്ട് സംസാരിക്കാൻ സാധിച്ചു. അതൊന്നും സാധാരണഗതിയിൽ നടക്കുന്ന കാര്യങ്ങളല്ല.വേറൊരു രാജ്യത്ത്  ഏത് അവസ്ഥയിലും ഒറ്റപ്പെട്ടുപോകില്ലെന്ന ഉറപ്പുകൂടിയാണ് ഇത്തരം സംഘടനകൾ നൽകുന്നത്.

പ്രൊഫഷണൽ ജീവിതത്തിൽ സംതൃപ്തി നൽകിയ അനുഭവം?

2017 ൽ  എൽജി-യിൽ ജോലി ചെയ്യുമ്പോൾ വയർലെസ് നെറ്റ്വർക്ക് ഉപയോഗിച്ച് ഞങ്ങൾ മൂന്ന് പേർ ചേർന്ന് ചെയ്ത പ്രോജക്ടിന് 2020 ൽ പേറ്റന്റ് അപ്പ്രൂവൽ ലഭിച്ചത് പ്രൊഫഷനിൽ സംതൃപ്തി നൽകിയ ഒരനുഭവമാണ്. കഴിഞ്ഞ ഏഴുവർഷങ്ങളായി ആമസോണിലാണ് ജോലി ചെയ്യുന്നത്. അലക്സയുടെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് മാനേജറാണ്. തിരിഞ്ഞുനോക്കുമ്പോൾ മുന്നോട്ട് നയിച്ച ഓരോ പടവുകളും സംതൃപ്തി നൽകിയിട്ടുണ്ടെന്നാണ് തോന്നുന്നത്.

മാതാപിതാക്കൾ?
പിതാവ് തോമസ് മുരിങ്ങയിൽ (തോമാച്ചൻ) അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമൊക്കെ ആയിരുന്നു. സഹകരണ  ബാങ്കിന്റെ പ്രസിഡന്റായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ നാട്ടിൽ റബറിന്റെ ബിസിനസ് ചെയ്യുകയാണ്. അമേരിക്കയിൽ വളരുന്ന കൊച്ചുമക്കൾ മലയാളം പറയുന്നതൊക്കെ നാട്ടിലെ  സുഹൃത്തുക്കളുടെ മുൻപിൽ അഭിമാനത്തോടെ കാണിക്കും.മക്കളുടെ പ്രോഗ്രാം വീഡിയോ  ഒക്കെ കാണുമ്പോൾ വലിയ സന്തോഷമാണ്.വീടും നാടും വിട്ട് എവിടെയും പോകുന്നത് പപ്പയ്ക്ക് ഇഷ്ടമല്ല.മാതാവ് കുഞ്ഞമ്മ തോമസ് വീട്ടമ്മയായിരുന്നു, 2023 നവംബറിൽ മരണപ്പെട്ടു.മമ്മി രണ്ടുതവണ അമേരിക്കയിൽ വന്നിട്ടുണ്ട്.
 

കൾച്ചറൽ കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ?

രണ്ടുവർഷത്തിനുള്ളിൽ  മികച്ച കുറച്ചു പരിപാടികൾ  ചെയ്യണമെന്നുണ്ട്. ഇൻ-പേഴ്സൺ പ്രോഗ്രാം സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന. മാർച്ച് 30- ന് നടക്കാനിരിക്കുന്ന ഫോമാ വെസ്റ്റേൺ റീജിയന്റെ ഉദ്ഘാടനച്ചടങ്ങും ഭംഗിയാക്കണം. ഓരോ മൂന്ന് മാസങ്ങൾ കൂടുമ്പോഴും സംഗീത പരിപാടികൾ നടത്താനും ആലോചിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക