
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി സുദിക്ഷ കൊണാങ്കി (20) കടലിൽ മുങ്ങിമരിച്ചുവെന്നു ഇപ്പോൾ വിശ്വസിക്കുന്നുവെന്നു അവളുടെ മാതാപിതാക്കൾ ചൊവാഴ്ച്ച പറഞ്ഞു.
അതേ സമയം, കൊണാങ്കിയോടൊപ്പം അവസാനമായി കാണപ്പെട്ട അയോവ സ്വദേശി ജോഷ്വ റൈബിന്റെ പാസ്പോര്ട്ട് തിരിച്ചു കൊടുക്കാൻ ഡൊമിനിക്കൻ കോടതി ഉത്തരവിട്ടു. "അദേഹത്തിന് സ്വതന്ത്രനായി എവിടെയും പോകാം," ജഡ്‌ജ് പറഞ്ഞു.
മാർച്ച് 6നു റിയൂ റിസോർട്ടിൽ കാണാതായ മകളെ ശക്തമായ തിരമാലകൾ അടിച്ചുകൊണ്ടു പോയതാണെന്ന യുഎസ്-ഡൊമിനിക്കൻ അന്വേഷണ സംഘങ്ങളുടെ നിഗമനം ശരിയാണെന്നു ബോധ്യപ്പെട്ടതായി സുബ്ബറായഡു കൊണാങ്കിയും ഭാര്യ ശ്രീദേവി കൊണാങ്കിയും വിർജീനിയയിലെ വീട്ടിൽ വച്ചു ചൊവാഴ്ച്ച പറഞ്ഞതായി 'ന്യൂ യോർക്ക് പോസ്റ്റ്' സ്ഥിരീകരിച്ചു. "ആ സമയത്തു തിരകൾ അതിശക്തമായിരുന്നു എന്ന് അവർ വിശദീകരിച്ചു. ജോഷ്വ റൈബിന്റെ മേൽ തുടക്കം മുതലേ സംശയമൊന്നും ഉണ്ടായിരുന്നില്ല എന്നും അവർ വ്യക്തമാക്കി.
"അത്യഗാധമായ ദുഃഖത്തോടെയും ഹൃദയഭാരത്തോടെയുമാണ് ഞങ്ങളുടെ മകൾ മുങ്ങി മരിച്ചു എന്ന വസ്തുതയോടു ഞങ്ങൾ പൊരുത്തപ്പെടുന്നത്. ഇത് കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ട്," സുബ്ബറായഡു കൊണാങ്കി പറഞ്ഞു.
റൈബിനെ വിട്ടയക്കണം എന്നും അവർ കൂട്ടിച്ചേർത്തു.
കുറ്റമൊന്നും കണ്ടില്ല, വിട്ടയക്കാം
റൈബിന്റെ അഭിഭാഷക തിങ്കളാഴ്ച്ച സമർപ്പിച്ച ഹേബിയസ് കോർപസ് അപേക്ഷ സ്വീകരിച്ചാണ് യുവാവിന്റെ പാസ്പോർട്ട് തിരിച്ചു കൊടുക്കാൻ ഡൊമിനിക്കൻ കോടതി ചൊവാഴ്ച്ച ഉത്തരവിട്ടത്.
റൈബിന്റെ മേൽ കുറ്റമൊന്നും ചുമത്താൻ കഴിയാത്ത പോലീസ് പാസ്പോർട്ട് പിടിച്ചു വയ്ക്കുന്നതിൽ ന്യായമില്ലെന്ന വാദം കോടതി സ്വീകരിച്ചു. റൈബിന്റെ പിതാവ് ആൽബർട്ടും കോടതിയിൽ ഹാജരായിരുന്നു.
അഞ്ചു മണിക്കൂർ നീണ്ട വാദം കേട്ട ശേഷമാണു ജഡ്‌ജ് വിധി പറഞ്ഞത്.
അന്വേഷണത്തിൽ സഹായിക്കാനാണ് തന്നെ വിളിച്ചതെന്നു മനസിലാക്കുന്നുവെന്നു റൈബ് പറഞ്ഞു. "പക്ഷെ 10 ദിവസം കഴിഞ്ഞു. എനിക്കു വീട്ടിൽ പോകണം, എന്റെ കുടുംബത്തെ കാണണം."
സുദിക്ഷയെ കടലിൽ നിന്നു രക്ഷിച്ചതിനു അവളുടെ 'അമ്മ തന്നെ ആശ്ലേഷിച്ചു നന്ദി പറഞ്ഞുവെന്നു റൈബ് ഓർമിച്ചു.
മാർച്ച് 3നു അഞ്ചു കൂട്ടുകാരികളുമൊത്തു സ്പ്രിംഗ് ബ്രേക്കിനു പുന്റ കാനായിലെ റിസോർട്ടിൽ എത്തിയ കൊണാങ്കി മാർച്ച് 6 പുലർച്ചെ റൈബുമൊത്തു കടലിൽ നീന്തിയ ശേഷമാണു അപ്രത്യക്ഷയായത്. ശക്തമായ തിരയിൽ നിന്ന് അവളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവശനായ താൻ ബീച്ചിൽ കിടന്നു ഉറങ്ങിപ്പോയെന്നും ഉണർന്നപ്പോൾ അവളെ കണ്ടില്ലെന്നുമാണ് റൈബ് പറഞ്ഞത്.
സുബ്ബറായഡു കൊണാങ്കി പറഞ്ഞു: "ഞങ്ങൾക്ക് രണ്ടു ചെറിയ കുട്ടികളെ വളർത്താനുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ അപേക്ഷിക്കുന്നു. മുറിവുണക്കാൻ ഞങ്ങളെയും മക്കളെയും വിടുക. അത് ഏറെ സമയമെടുക്കും."
Sudhiksha's parents accept she drowned