
വാഷിംഗ്‌ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭരണത്തിന്റെ ആദ്യ ദിവസം നൽകിയ വാഗ്ദാനം അനുസരിച്ചു മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വധ അന്വേഷണ റിപ്പോർട്ടുകളുടെ പൂർണ രൂപം പുറത്തു വിട്ടു. ജനുവരിയിൽ ജോൺ എഫ്. കെന്നഡി, സഹോദരൻ റോബർട്ട് എഫ്. കെന്നഡി മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ എന്നിവരുടെ വധാന്വേഷണ റിപ്പോർട്ടുകളുടെ പൂർണ രൂപം പുറത്തു വിടാനുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പു വച്ചിരുന്നു. അതനുസരിച്ചാണ് ജെ എഫ് കെ വധാന്വേഷണ റിപ്പോർട്ട് ട്രംപ് ഭരണകൂടം പുറത്തു വിട്ടിരിക്കുന്നത്.
തന്റെ ഭരണത്തിന്റെ മൂന്നാം വർഷത്തിൽ (1963 നവംബർ 22) അടുത്ത ഊഴത്തിന്റെ പ്രചാരണ പര്യടന വേളയിൽ ഡാളസ് ഡൗൺടൗണിൽ ഒരു ഘാതകന്റെ വെടിയുണ്ടകൾ ഏറ്റു മരണവുമായി മല്ലിട്ടു പരാജയപ്പെട്ട കെന്നഡി കോടിക്കണക്കിന് അമേരിക്കക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഇന്നും അമേരിക്കയുടെ മികച്ച പ്രസിഡന്റുമാരിൽ ഒരാളായി വിലയിരുത്തലുകളിൽ കെന്നഡിയുടെ പേര് കാണുന്നു.
കെന്നഡി വധം അത് നടന്ന നാൾ മുതൽ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. പലരും പല വിധത്തിലുള്ള തിയറികളുമായി മുന്നോട്ടു വന്നു. ധാരാളം പുസ്തകങ്ങൾ കെന്നഡിയോടൊപ്പം പ്രവർത്തിച്ചവരും, കെന്നഡിയെ അടുത്തറിഞ്ഞവരും, കെന്നഡിയുടെ ഘാതകനായ ലീ ഹാർവീ ഒസ്വാൾഡിനെ അടുത്തറിഞ്ഞവരും, മാധ്യമപ്രവർത്തകരും പുറത്തിറക്കിയിട്ടുണ്ട്. പക്ഷെ യഥാർത്ഥത്തിൽ എന്തിനാണ് ഓസ്വാൾഡ് ഇതിനു തുനിഞ്ഞത്, പിന്നീട് ഒസ്വാൾഡിനെ വെടിവച്ചു വീഴ്ത്താൻ ജാക്ക് റൂബിയെ പ്രേരിപ്പിച്ചത് എന്താണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
എല്ലാ വർഷവും എന്നതു പോലെ ഈ വര്ഷവും ഈ സംഭവങ്ങളുമായി പല തരത്തിൽ ബന്ധം ഉണ്ടായിരുന്നു എന്ന് കരുതുന്ന പലരും കടന്നു പോയി. ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ഫയലുകളിൽ എന്തെങ്കിലും പുതിയ വിവരങ്ങൾ ഉണ്ടോ പല തവണ ആരോപിച്ചിരുന്ന കോൺസ്പിരസി തിയറി (ഗൂഡാലോചനാ സിദ്ധാന്തം) യിലേക്ക് എന്തെങ്കിലും വെളിച്ചം വീശുന്നുണ്ടോ എന്നറിയാൻ റിപ്പോർട്ടുകൾ സൂക്ഷ്മമായി പരിശോധിക്കേണ്ടി വരും.
എന്നാൽ ഈ റിപ്പോർട്ടുകൾ ഇതുവരെ നിലവിലുള്ള കണ്ടെത്തലുകൾ തിരുത്തുകയില്ല എന്നു കരുതുന്നവരും ഉണ്ട്. ഇപ്പോൾ ഈ രേഖകളുടെ സൂക്ഷിപ്പുകാരായ നാഷണൽ ആർകയ്വ്സ് പറഞ്ഞത് പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഓർഡർ 14176 അനുസരിച്ചു തങ്ങൾ ഈ രേഖകൾ പുറത്തു വിടുകയാണ് എന്നാണ്. എന്നാൽ ഈ രേഖകൾ പൂർണമല്ല എന്ന് ആരോപണങ്ങൾ ഉയർന്നു. ഇതേ കുറിച്ച് സി ഐ എ യും എഫ് ബി ഐയും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം എഫ് ബി ഐ പറഞ്ഞിരുന്നു ഡിപ്പാർട്മെന്റ് പുതിയതായി 2,400 രേഖകൾ കണ്ടെത്തി എന്ന്. ഇവ നാഷണൽ ആർകയ്വ്സിനും മറ്റു അധികാരികൾക്കും കൈമാറ്റം ചെയ്യാൻ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു എന്നും ഏജൻസി പറഞ്ഞിരുന്നു.
അതിനിടെ, ട്രാൻസ് ജൻഡർ മിലിറ്ററി അംഗങ്ങൾക്ക് നൽകുന്ന പ്രത്യേക പരിഗണകൾ നിർത്തലാക്കിയ ട്രംപിന്റെ ഓർഡർ അനിശ്ചിത കാലത്തേക്ക് റദ്ദു ചെയ്യുകയാണെന്ന് ഒരു ഫെഡറൽ ജഡ്ജ് വിധിച്ചു. ഭരണകൂടത്തെ നിശിതമായി കടന്നാക്രമിച്ച യു എസ് ഡിസ്ട്രിക്ട് ജഡ്ജ് ആന റെയ്‌സ് അവരുടെ റൂളിങ്ങിൽ ഭരണകൂടത്തിന് ഈ ആനുകൂല്യങ്ങൾ നിർത്താനാനാവില്ല എന്ന് പറഞ്ഞു. ഈ ആനുകൂല്യങ്ങൾ ഈ മാസം അവസാനത്തോടെ നിർത്തലാക്കും എന്നാണ് ഫെഡറൽ ഗവെർന്മെന്റ് പറഞ്ഞിരുന്നത്.
ഉറുഗ്വായൻ വംശജയായ ജഡ്ജിനെ നിയമിച്ചത് മുൻ പ്രസിഡന്റ് ജോ ബൈഡൻ ആയിരുന്നു. വ്യത്യസ്ത വീക്ഷണ കോണുകളിൽ നിന്ന് ഉടലെടുത്തതാണ് ഈ വിധി എന്ന് പ്രഥമ ദൃഷ്ട്യാ മനസിലാക്കാം. എന്തായാലും ഒരു അപ്പീൽ പ്രതീക്ഷിക്കാം.
JFK files released