
വെനസ്വേലൻ കുറ്റവാളികളെ കോടതികളെ ഒഴിവാക്കി 1798ലെ നിയമം ഉപയോഗിച്ചു വേഗത്തിൽ നാടുകടത്തുന്നത് തടയാൻ ഉത്തരവിട്ട ജഡ്‌ജിനെ ഇംപീച്ച് ചെയ്യണമെന്നു ആഹ്വാനം ചെയ്തതിനു പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ശാസിച്ചു.
അപൂർവമായാണ് ഇത്തരത്തിലൊരു നേരിട്ടുള്ള പ്രതികരണം ഉന്നത കോടതിയിൽ നിന്ന് ഒരു പ്രസിഡന്റിനു നേരെ ഉണ്ടാവുന്നത്.
ചീഫ് ഡി സി യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് ജെയിംസ് ബോസ്‌ബെർഗ് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞത് നാടു കടത്തുന്ന വിമാനങ്ങൾ തിരിച്ചിറക്കണം എന്നാണ്. അവ യുഎസ് ആകാശ അതിർത്തി കടന്നു കഴിഞ്ഞെന്നു പക്ഷെ വൈറ്റ് ഹൗസ് വാദിച്ചു. 258 പേരെ എൽ സാൽവദോറിൽ കൊണ്ടിറക്കി ജയിലിൽ അടച്ചു.
ട്രംപിന്റെ വിമർശനത്തിനു പ്രതികരിച്ച റോബർട്ട്സ് പറഞ്ഞു: "കോടതി തീരുമാനത്തോടു വിയോജിപ്പുണ്ടെങ്കിൽ ഇംപീച്ച്മെന്റ് നടത്തുന്നതു ഉചിതമായ പ്രതികരണമല്ലെന്നു സ്ഥാപിച്ചിട്ടുള്ളതാണ്. രണ്ടു നൂറ്റാണ്ടിലധികമായി അതാണ് രീതി.
"അപ്പീൽ കൊടുക്കാനുള്ള സാധാരണമായ സൗകര്യം ലഭ്യമാണ്."
ഏലിയൻ എനിമീസ് ആക്ട് എന്ന 1798ലെ യുദ്ധകാല നിയമം ഉദ്ധരിച്ചാണ് ട്രംപ് കുറ്റവാളികൾ എന്നാരോപിക്കപ്പെട്ടവരെ നാടു കടത്തിയത്. ബോസ്‌ബർഗ് അതിനു 14 ദിവസത്തെ വിലക്ക് കൽപിക്കയും വിമാനങ്ങൾ ഉടൻ തിരിച്ചിറക്കാൻ ഉത്തരവിടുകയും ചെയ്തു.
"ഈ ഇടതു തീവ്രവാദിയായ ജഡ്‌ജിനെ ബരാക്ക് ഹുസ്സൈൻ ഒബാമ നിയമിച്ചതാണ്. അയാൾ ശല്യക്കാരനും കലഹപ്രേമിയുമാണ്, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റല്ല," ട്രംപ് തന്റെ ട്രൂത് സോഷ്യലിൽ കുറിച്ചു.
താൻ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ അധികാരപ്പെടുത്തിയതാണെന്നും കുടിയേറ്റം അതിൽ പ്രധാനപ്പെട്ട വിഷയമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
റിപ്പബ്ലിക്കൻ റെപ്. ബ്രാണ്ടൻ ഗിൽ (ടെക്സസ്) ജഡ്‌ജിനെ ഇംപീച്ച് ചെയ്യാനുളള പ്രമേയം തയാറാക്കി. അഞ്ചു സ്‌പോൺസർമാർ വേറെയുമുണ്ട്. ബോസ്‌ബർഗ് എക്സിക്യൂട്ടീവ് ശാഖയുടെ ഭരണഘടനാപരമായ അധികാരത്തിൽ കടന്നു കയറുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. അത് രാഷ്ട്രീയ പ്രേരിതമായ തീർപ്പാണ്.
റിപ്പബ്ലിക്കൻ പാർട്ടിക്കു നേർത്ത ഭൂരിപക്ഷമുള്ള ഹൗസിൽ പ്രമേയം കടന്നു കൂടിയാലും സെനറ്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണ്ടിവരും. 100 അംഗ സെനറ്റിൽ 53 സീറ്റാണ് അവർക്കുള്ളത്.
ബോസ്‌ബെർഗ് ദേശ സുരക്ഷയിലും വിദേശകാര്യങ്ങളിലും ഇടപെടുകയാണെന്നും അത് സാധ്യമല്ലെന്നും അറ്റോണി ജനറൽ പാം ബോണ്ടി പറഞ്ഞു.
നാടുകടത്തിയവരുടെ വിവരങ്ങൾ ബുധനാഴ്ച്ച ഉച്ചയ്ക്കു നൽകണമെന്നു ബോസ്‌ബർഗ് ജസ്റ്റിസ് ഡിപ്പാർട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Chief Justice scolds POTUS