Image
Image

നിരുപാധികമായി സമ്പൂർണ വെടിനിർത്തൽ നടപ്പാക്കണമെന്ന ട്രംപിന്റെ നിർദേശം പുട്ടിൻ തള്ളി (പിപിഎം)

Published on 19 March, 2025
നിരുപാധികമായി സമ്പൂർണ വെടിനിർത്തൽ നടപ്പാക്കണമെന്ന ട്രംപിന്റെ നിർദേശം പുട്ടിൻ തള്ളി (പിപിഎം)

റഷ്യ - യുക്രൈൻ യുദ്ധത്തിൽ നിരുപാധികമായി സമ്പൂർണ വെടിനിർത്തൽ നടപ്പാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ നിർദേശം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തള്ളി.

ഇരു നേതാക്കളും തമ്മിൽ ചൊവാഴ്ച്ച നടന്ന ഫോൺ സംഭാഷണത്തിലാണ് ഈ നിർദേശം സ്വീകര്യമല്ലെന്നു പുട്ടിൻ ട്രംപിനോടു പറഞ്ഞത്.

എന്നാൽ ഊർജ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ആക്രമണം നിർത്തി വയ്ക്കുക എന്ന നിർദേശം പുട്ടിൻ സ്വീകരിച്ചു.  റഷ്യയുടെ ഊർജ കേന്ദ്രങ്ങളിൽ അടുത്തിടെ യുക്രൈൻ വിജയകരമായ ആക്രമണം നടത്തിയിരുന്നു.

വാഗ്‌ദാനം ഉടൻ തന്നെ ലംഘിച്ചു

ട്രംപ് - പുട്ടിൻ ചർച്ചയെ പരാമർശിച്ചു യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി പറഞ്ഞു: "ഭാഗികമായ വെടിനിർത്തൽ സാധ്യമായാൽ അത് നല്ലൊരു ഫലമാണ്." എന്നാൽ റഷ്യ വാക്കു പാലിക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ഊർജ കേന്ദ്രങ്ങളിലെ ആക്രമണം ഒഴിവാക്കുക എന്ന ട്രംപിന്റെ നിർദേശത്തെ പുട്ടിൻ പിന്താങ്ങി എന്നാണ് റഷ്യൻ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ യുക്രൈനിലെ സ്ലോവിയൻസ്‌കിൽ ഊർജ കേന്ദ്രം ആക്രമിച്ചു റഷ്യ ഒരു മണികൂറിനകം തന്നെ ട്രംപിനു നൽകിയ വാഗ്‌ദാനം ലംഘിക്കയും ചെയ്തു. പുട്ടിന്റെ ഉത്തരവനുസരിച്ചായിരുന്നു ആക്രമണമെന്നു ക്രെംലിൻ പറഞ്ഞു.

അതേ സമയം, യുക്രൈന് സൈനിക സഹായവും രഹസ്യാന്വേഷണ വിവരങ്ങളും നൽകുന്നത് പൂർണമായി നിർത്തണമെന്നു പുട്ടിൻ ആവശ്യപ്പെട്ടുവെന്നു ക്രെംലിൻ പറഞ്ഞു.

വൈറ്റ് ഹൗസ് അക്കാര്യം പരാമർശിച്ചില്ല. യുഎസ് സഹായം തുടർന്നും യുക്രൈനു ലഭിച്ചു കൊണ്ടിരിക്കെ, സഹായത്തെ കുറിച്ചു താനും പുട്ടിനും സംസാരിച്ചതേയില്ലെന്നാണ് ട്രംപ് പറഞ്ഞത്.

രണ്ടു രാജ്യങ്ങളും 175 യുദ്ധത്തടവുകാരെ വീതം മോചിപ്പിക്കുമെന്നു ധാരണയായിട്ടുണ്ട്. 23 യുക്രൈൻ സൈനികർ ഏറെ ഗുരുതരമായി പരുക്കേറ്റവരാണ്.

"ഞാൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ ഈ യുദ്ധം ഒരിക്കലൂം ഉണ്ടാകുമായിരുന്നില്ല," ട്രംപ് പറഞ്ഞു. "സമാധാന കരാറിനു വേണ്ടിയുള്ള പല കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്‌തു. ആയിരക്കണക്കിനു സൈനികരാണ് മരിക്കുന്നത്. അത് അവസാനിക്കാൻ പ്രസിഡന്റ് പുട്ടിനും പ്രസിഡന്റ് സിലിൻസ്കിയും ആഗ്രഹിക്കുന്നുണ്ട്."

ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ല എന്ന വ്യവസ്ഥയിൽ മാത്രമേ യോജിപ്പുള്ളൂ എന്നതു കൊണ്ട് റഷ്യ ആക്രമണം തുടരുക തന്നെ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

വൈറ്റ് ഹൗസ് പറയുന്നത് ഊർജ കേന്ദ്രങ്ങളിൽ വെടിനിർത്തുക എന്ന നിർദേശം നടപ്പാക്കി സമാധാന ശ്രമങ്ങളിലേക്കു കടക്കാൻ കഴിയുമെന്നു രണ്ടു നേതാക്കളും തമ്മിൽ ധാരണയായി എന്നാണ്. കരിങ്കടലിൽ വെടിനിർത്തും. പൂർണ യുദ്ധവിരാമത്തിലേക്കു നീങ്ങും. ഇതിനുള്ള ചർച്ച ഉടൻ സൗദി അറേബ്യയിൽ ആരംഭിക്കും.

ട്രംപിന്റെ നിർദേശങ്ങൾ പൂർണമായി തള്ളാതെ പുട്ടിൻ തന്ത്രം മെനയുകയാണെന്നു വിദഗ്ദർ പറയുന്നു. ചർച്ചയ്ക്കു ട്രംപ് റഷ്യയുടെ പിന്നാലെ നടക്കേണ്ടി വരും.

ട്രംപിനെ അവഗണിച്ചു പുട്ടിൻ

മോസ്കോ സമയം വൈകിട്ട് ആറു മണിക്ക് ട്രംപ് പുട്ടിനെ വിളിക്കും എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ  അഞ്ചര ആയപ്പോൾ അദ്ദേഹം ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു. ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അദ്ദേഹത്തെ ഓർമിപ്പിച്ചു: "ട്രംപിന്റെ കോളിനു സമയമായി."

പുട്ടിൻ അത് അവഗണിച്ചെന്നാണ് റിപ്പോർട്ട്. "ഞാൻ പെസ്‌കോവ് പറഞ്ഞത് കാര്യമാക്കിയില്ല" എന്നദ്ദേഹം പിന്നീട് തമാശ പറയുകയും ചെയ്തുവത്രേ.

വെള്ളിയാഴ്ച്ച ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് വെടിനിർത്തൽ കരാറുമായി മോസ്കോയിൽ എത്തിയിരുന്നു. യുക്രൈൻ രണ്ടു ദിവസം മുൻപ് ഒപ്പുവച്ചതായിരുന്നു കരാർ. എന്നാൽ ട്രംപിനോടു വിളിക്കാൻ പറയുക എന്നു നിർദേശിച്ചു പുട്ടിൻ അദ്ദേഹത്തെ തിരിച്ചയച്ചു.

വിറ്റ്കോഫ് അന്ന് 8 മണിക്കൂർ കാത്തിരുന്നാണ് പുട്ടിനെ കണ്ടത്. അദ്ദേഹം ബെലറൂസ് പ്രസിഡന്റുമായി ചർച്ചയിൽ ആയിരുന്നു.

Putin rejects Trump ceasefire proposal 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക