ബഹിരാകാശത്തു 286 ദിവസം കഴിച്ചു കൂട്ടിയ നാസ യാത്രികർ ഭൂമിയിലെ സാധാരണ ജീവിതവുമായി ഇണങ്ങിച്ചേരാൻ നാസയുടെ 45 ദിവസം നീളുന്ന പുനരധിവാസ പരിപാടിയിൽ പ്രവേശിച്ചു. ബഹിരാകാശത്തു ഭാരമില്ലാത്ത അവസ്ഥയിൽ ഒഴുകി നടന്ന അവർക്കു ഭൂമിയുടെ ഗുരുത്വകർഷണവുമായി (gravity) ഇണങ്ങുന്നതാണ് ആദ്യ വെല്ലുവിളി.
ശാരീരികമായ മാറ്റങ്ങൾ ചിലർക്ക് ഉണ്ടാവും. മുഖത്തു നീരു വയ്ക്കുക, പേശികൾ ചുരുങ്ങി കാലുകൾ കോഴിയുടേതു പോലെയാവുക, താത്കാലികമായി ഉയരം കൂടുക, എല്ലുകളുടെ സാന്ദ്രത കുറയുക എന്നിങ്ങനെയുള്ള മാറ്റങ്ങൾ ഉണ്ടാവാറുണ്ട്.
ശാരീരിക ആരോഗ്യം വീണ്ടെടുക്കാൻ സ്പെഷ്യലിസ്റ്റുകൾ തയാറാക്കിയ പദ്ധതിയുണ്ട്. ഭൂമിയിൽ ഇറങ്ങിയാലുടൻ ആരംഭിക്കുന്ന പ്രക്രിയയിൽ ദിവസവും രണ്ടു മണിക്കൂർ നീളുന്ന ആഴ്ചയിൽ ഏഴു ദിവസവുമുള്ള പരിപാടികൾ ഉണ്ട്.
ഓരോ യാത്രികനും വെവ്വേറെ പരിശോധനകൾ നടത്തിയാണ് റിഹാബ് പരിപാടി ആസൂത്രണം ചെയ്യുക. പൊതുവെ മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്നാം ഘട്ടത്തിൽ, ഇറങ്ങിയ ദിവസം തന്നെ ആരംഭിക്കുന്ന ചലനക്ഷമത, വഴക്കം, പേശികളുടെ ബലം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള പരിപാടിയാണ് നടപ്പാക്കുക.
രണ്ടാം ഘട്ടത്തിൽ സ്വയം ചലനങ്ങൾ നിയന്ത്രിക്കാനുളള പരിശീലനം നൽകും. ഹൃദയത്തിന്റെ ആരോഗ്യത്തിനുള്ള പരിശീലനവും. മൂന്നാമത്തെ ഘട്ടമാണ് ഏറ്റവും നീണ്ടത്. മൊത്തത്തിൽ ശരീരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
പല യാത്രികരും പഴയ കരുത്തു വീണ്ടെടുക്കയും ചിലപ്പോൾ അതേക്കാൾ മെച്ചപ്പെടുകയും ചെയ്തതായി അനുഭവമുണ്ട്.
Williams, Wilmore enter rehab