Image

ചക്രവര്‍ത്തിമാരും കാലവര്‍ഷവും (കവിത: ജോര്‍ജ്‌ നടവയല്‍)

ജോര്‍ജ്‌ നടവയല്‍ Published on 21 September, 2012
ചക്രവര്‍ത്തിമാരും കാലവര്‍ഷവും (കവിത: ജോര്‍ജ്‌ നടവയല്‍)
പാഠം 1 : ചക്രവര്‍ത്തിമാരും കാലവര്‍ഷവും

(1) പതിനാറായിരം ദേവീകാമനകള്‍ക്കും
ഹൃദയം വാണിട്ടും;
ഗാന്ധാരീ ശാപമായി
വേടന്‍ തൊടുത്തയമ്പില്‍;
ഇന്ദ്രനീലിമയോലും പാദം തുളഞ്ഞു
നാഗത്തേക്ക്‌ വിടകൊണ്ട ചക്രവര്‍ത്തീ;

(2) മൂന്നാം ചുവടിന്നു? മൂര്‍ദ്ധാവു നല്‌കി
സുതലത്തേക്ക്‌ കുടിയേറി;
സ്വപ്രജകളെ പ്രവാസ്സബലിക്കു നല്‍കി
ബലിച്ചോറു
കാക്കകള്‍ക്കാക്കിയ
മഹാചക്രവര്‍ത്തീ;

(3) കപില വസ്‌തുവിലെ നിര്‍മ്മാല്യമാം
യശോധരാധരപാനം;
നിഷ്‌കരുണം
മുറുക്കാന്‍ത്തുപ്പലായ്‌ നീട്ടിത്തുപ്പി
ആല്‌മരത്തണലില്‍
മൗനബുദ്ധം കൂമ്പി
പദ്‌മാസനസ്ഥനാം ചക്രവര്‍ത്തീ;

(4) കലിംഗയുദ്ധ-
രണധീരരുധിരപ്പുഴകളില്‍
കബന്ധമൊഴുക്കി
മടുത്ത്‌;
അശോക ചക്രം പൂകിയ ചക്രവര്‍ത്തീ;

(5) ഗോളാന്തങ്ങള്‍ക്കപ്പുറേ നിന്നും
ദിവ്യ നക്ഷത്രമായ്‌
പുല്‌ക്കൊടിത്തുമ്പിനെ തേടിവന്ന്‌;
ഉയിര്‍പ്പിന്റെ സ്വപ്‌നം
മൂന്നാണികളി ലെ ?
സഹനത്തുരുമ്പു വീണലിഞ്ഞ
വീഞ്ഞില്‍
വാഴ്‌ത്തിയാഴ്‌ത്തിയ ചക്രവര്‍ത്തീ;

(6) അല്‌ക്‌സാണ്ഡ്രാ ജാനബാഹുക്കള്‍
സ്വച്ഛം ശൂന്യം
ഇരുവശവും നീട്ടിയിട്ടു
നിരാത്മ ദേഹമഞ്ചം
വാഹകതോളിലേറ്റിച്ച ചക്രവര്‍ത്തീ;

(7) നാഗസാക്കി-ഹിരോഷിമകളില്‍
ഹിംസ്രാഗ്നിപ്രളയം വിതറി
സ്വയ വിഭ്രമം
ശീര്‍ഷം പിളര്‍ത്തിയണിഞ്ഞ ചക്രവര്‍ത്തീ;

(8) സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ
കൊടിക്കൂറ താഴ്‌ത്തി;
മതവെടിയുണ്ട
തിരുനെഞ്ചില്ലിറ്റിച്ച ചോരയില്‍
ഹരേ റാം പുതച്ച്‌
രാജ്‌ഘട്ടത്തിലുറങ്ങും ചക്രവര്‍ത്തീ;

(9) ഏഴാം സ്വര്‍ഗത്തിനടുത്ത
പൂത്തിങ്കള്‍ക്കലയിലാദ്യ
ബലാല്‌ക്കാര നഖക്ഷതങ്ങള്‍
പോറിയ ചക്രവര്‍ത്തീ;

നിങ്ങള്‍ ബാക്കിയാക്കിയ
രാജ രാജ സിംഹാസനങ്ങള്‍ക്കു മുമ്പില്‍
ഇറയത്തിന്നും
നീര്‍പ്പോളകളുടെ അശ്വമേധ പാഠം
ദിഗ്‌വിജയം കുറിക്കുന്നൂ:
നീര്‍പ്പോളക്കാവടികള്‍
വേദാന്തപ്പൊരുളകമാകുന്നൂ....
ഇറയത്തിന്നും
നര ദുരിത പേമാരി
ഇരമ്പിക്കുറിക്കുന്നൂ:
നൊടിനേര നീര്‍പ്പോളക്കാവടികള്‍ നാം.

**************************************************************************************
(1) ശ്രീകൃഷ്‌ണന്‍ (2) മഹാബലി (3) ശ്രീബുദ്ധന്‍ (4)അശോക സമ്രാട്ട്‌ (5) ശ്രീയേശു (6) അലക്‌സാണ്ഡര്‍ ദ ഗ്രേറ്റ്‌ (7) കേണല്‍ പോള്‍ ടിബ്ബെറ്റ്‌സ്‌ (8) മഹാത്മാ (9) നീല്‍ ആംസ്‌ട്രോങ്ങ്‌
ചക്രവര്‍ത്തിമാരും കാലവര്‍ഷവും (കവിത: ജോര്‍ജ്‌ നടവയല്‍)
ചക്രവര്‍ത്തിമാരും കാലവര്‍ഷവും (കവിത: ജോര്‍ജ്‌ നടവയല്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക