MediaAppUSA

മാതൃഹത്യ - ജെ.മാത്യൂസ്

ജെ. മാത്യൂസ് Published on 21 September, 2012
മാതൃഹത്യ - ജെ.മാത്യൂസ്
20011-ല്‍ ഇന്‍ഡ്യയിലെടുത്ത സെന്‍സസ് വെളിപ്പെടുത്തുന്നത്, ഏഴുവയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗുരുതരമായ കുറവ് ഉണ്ടായിരിക്കുന്നു എന്നതാണ്. 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ എന്നതാണ് അനുപാതം. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍, കുറഞ്ഞത് എണ്‍പതുലക്ഷം പെണ്‍ഭ്രൂണങ്ങളെങ്കിലും അലസിപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം.

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗഭേദം അള്‍ട്രാസൗണ്ട് പരിശോധനയിലൂടെ തിരിച്ചറിഞ്ഞ്, പെണ്‍കുഞ്ഞാണെങ്കില്‍ അലസിപ്പിക്കുന്നു. ഈ പരിശോധന നടത്താന്‍ സാമ്പത്തികശേഷി ഇല്ലാത്തവര്‍ പെണ്‍കുട്ടി ജനിച്ചാലുടന്‍ കൊന്നുകളയുന്നു! ഇതിനു വിസമ്മതിക്കുന്ന ഭാര്യയെ ഉപേക്ഷിക്കുമെന്നു ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അനുസരിപ്പിക്കുന്നു! മനുസ്മൃതിയും മതനിബന്ധനകളും കല്‍പിച്ചരുളിയ പുരുഷമേധാവിത്വം, സ്ത്രീകളുടെ എണ്ണം കുറയുമ്പോള്‍, കൂടുതല്‍ ശക്തമാകുന്നു.

പെണ്‍കുഞ്ഞുങ്ങളെ ജനിക്കാന്‍ അനുവദിക്കാത്തതും ജനിച്ചാല്‍ ഉടന്‍ കൊല്ലുന്നതും, പരിപാലിക്കാതെ നശിപ്പിക്കുന്നതും ഒരു ദേശീയ അപമാനം ആണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രസ്താവിച്ചു. കഴിഞ്ഞ 40 വര്‍ഷങ്ങളായി സ്വീകരിച്ചുപോരുന്ന നിയമ നടപടികളൊന്നും ഈ ദുരന്തത്തിനു പരിഹാരമായിട്ടില്ലെന്നാണ് ശ്രീ.ജി.കെ.പിള്ള(ഹോം സെക്രട്ടറി)യുടെ പ്രതികരണം.

ജാതി-മത-പ്രാദേശികഭേദം കൂടാതെ എല്ലാ ജനവിഭാഗങ്ങളിലും ഈ ക്രൂരകൃത്യം നിലനില്‍ക്കുന്നു. കാരണങ്ങള്‍ പലതാണ്. ആണ്‍കുട്ടി കുടുംബത്തില്‍ ചേരുന്നുനിന്ന് ഒരു മുതല്‍കൂട്ടായി മാറുന്നു. പെണ്‍കുട്ടി ഒരു ബാധ്യതയായിത്തീരുന്നു. സ്ത്രീധനവും ജോലിസാധ്യതയും പുരുഷന്‍മാരെ സമ്പന്നരാക്കുമ്പോള്‍, അവ രണ്ടും സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നു. ഗ്രോത്ര പരമ്പരയുടെ തുടര്‍ച്ചയ്ക്ക് ആണ്‍കുട്ടിതന്നെ വേണമെന്നുള്ള ധാരണ സ്ത്രീകളെ പിന്‍തള്ളാന്‍ മറ്റൊരു കാരണമാണ്.

1961-ല്‍ നിരോധിക്കപ്പെട്ടതാണ് സ്ത്രീധനസമ്പ്രദായം, പക്ഷേ, അത് എല്ലാ മാരകസ്വഭാവങ്ങളോടുംകൂടി ഇന്നും നിലനില്‍ക്കുന്നു. 1994-ലെ, Pre-Natal Determination testപ്രകാരം ലിംഗവിവേചനഭ്രൂണഹത്യ നിരോധിച്ചിട്ടുണ്ട്. എങ്കില്‍തന്നെ, ഇന്‍ഡ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അരലക്ഷത്തിലേറെ Ultrasounds clinics പെണ്‍ഭ്രൂണഹത്യക്കു കൂട്ടുനില്‍ക്കുന്നു. നിയമങ്ങള്‍ ഉണ്ട്. പക്ഷേ, അവ നടപ്പാക്കപ്പെടുന്നില്ല. ഉത്തരവാദിത്വമുള്ളവര്‍ തന്നെ നിയമലംഘനത്തിന് വഴിതെളിക്കുന്നു.

സ്ത്രീസമത്വത്തിന്റെ വക്താക്കളുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രവര്‍ത്തകരുണ്ട്. സ്ത്രീപീഡനത്തെ എതിര്‍ക്കുന്നവരുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്തു നടക്കുമ്പോള്‍ 'സ്ത്രീ'യുടെ ജന്മംതന്നെ ഇല്ലാതാക്കുന്ന ഹിംസയിലേക്കാണ് എതിര്‍പക്ഷം തിരിയുന്നത്. എന്തിനൊരു പെണ്‍കുഞ്ഞിനെ കൊല്ലണം. ദത്തെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് അവളെ വിട്ടുകൊടുത്തുകൂടെ?

വിദ്യാഭ്യാസം സ്ത്രീകളെ അവകാശബോധമുള്ളവരാക്കും. സ്വന്തം ജോലിയിലൂടെയുള്ള സാമ്പത്തികഭദ്രത അവരെ സ്വതന്ത്രരാക്കും. വിവാഹസ്വാതന്ത്ര്യവും സ്വത്തവകാശവും കുടുംബജീവതത്തില്‍ അവരെ തുല്യപങ്കാളികളാക്കും. അതിന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് സ്ത്രീകള്‍ മാത്രമല്ല മനുഷ്യ സമൂഹമാണ്. ഒരു പെണ്‍കുഞ്ഞാണ് വളര്‍ന്നുവലുതായി 'അമ്മ' ആകുന്നത്. ആ കുഞ്ഞിനെ കൊല്ലുന്നത് മാതൃഹത്യക്കു തുല്യമാണ്!
മാതൃഹത്യ - ജെ.മാത്യൂസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക