
മൈക്രോസോഫ്റ്റ് 50ആം വാർഷിക ആഘോഷത്തിനിടെ കമ്പനി ഇസ്രയേലിനെ ഗാസ യുദ്ധത്തിൽ സഹായിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ രണ്ടു ജീവനക്കാരെ പിരിച്ചു വിട്ടതായി അറിയിപ്പ്.
വെള്ളിയാഴ്ച്ച വാഷിംഗ്ടണിൽ നടന്ന ആഘോഷത്തിനിടയിൽ ബിൽ ഗെയ്റ്സ് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് ഉന്നതരെ നേരിട്ട ഇന്ത്യൻ അമേരിക്കൻ വാണിയ അഗർവാൾ അന്നു തന്നെ രാജി വച്ചിരുന്നു. മൊറോക്കൻ ഇബ്തിഹാൽ അബുസാദും. എന്നാൽ ഇരുവരെയും പിരിച്ചുവിട്ടെന്നു കമ്പനി തിങ്കളാഴ്ച്ച അറിയിച്ചു.
ഇരുവരും സോഫ്ട്‍വെയർ എഞ്ചിനിയർമാരാണ്.
അഗർവാൾ ബിൽ ഗെയ്റ്സിനോടും സത്യാ നാദെല്ലയോടും സ്റ്റീവ് ബാൾമാറോടും ചോദിച്ചത് "നാണമില്ലേ നിങ്ങൾക്ക്" എന്നാണ്.
ഇസ്രയേലിനു ഗാസയിൽ കൂട്ടക്കുരുതി നടത്താനുള്ള ആയുധങ്ങൾ നൽകുന്നത് മൈക്രോസോഫ്റ്റ് ആണെന്ന് അവർ ആരോപിച്ചു. "ഗാസയിൽ 50,000 പലസ്തീൻകാരെയാണ് മൈക്രോസോഫ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊലപ്പെടുത്തിയത്. അവരുടെ രക്തത്തിന്റെ വില ആഘോഷിക്കാൻ നിങ്ങൾക്കു നാണമില്ലേ?"
പ്രതിഷേധത്തിനു ശേഷം അഗർവാൾ രാജിക്കത്തു അയച്ചു. "ഇത്ര അക്രമാസക്തമായ അനീതിയിൽ പങ്കാളിയായ കമ്പനിയുടെ ഭാഗമായി തുടരാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല."
'നമ്മുടെ അധ്വാനം ആ വംശഹത്യക്ക് സഹായിക്കുന്നു'
മൈക്രോസോഫ്റ്റ് അസൂറും എ ഐയും ഇസ്രയേലി ആക്രമണങ്ങളിലും നിരീക്ഷണത്തിനും സഹായം നൽകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. "നമ്മുടെ അധ്വാനം ആ വംശഹത്യക്ക് സഹായിക്കുന്നു. മൈക്രോസോഫ്റ്റ് ഡിജിറ്റൽ ആയുധ നിർമ്മാതാവാണ്."
അബുസാദ് പ്രതിഷേധിച്ചത് മൈക്രോസോഫ്റ്റ് എ ഐ സി ഇ ഓ: മുസ്തഫ സുലൈമാൻ സംസാരിക്കുമ്പോഴാണ്. "യുദ്ധത്തിന്റെ ലാഭം കൊയ്യുന്നവൻ" എന്ന് അവർ സുലൈമാനെ വിളിച്ചു. "മൈക്രോസോഫ്റ്റ് സാങ്കേതിക വിദ്യ വംശഹത്യക്ക് ഉപയോഗിക്കയാണ്."
സുലൈമാൻ പറഞ്ഞു: "നന്ദി, നിങ്ങളുടെ പ്രതിഷേധം ഞാൻ കേൾക്കുന്നു."
അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു സോഫ്ട്‍വെയർ എഞ്ചിനിയറിങ്ങിൽ ബിരുദമെടുത്ത അഗർവാൾ 2019ൽ ഏറ്റവും ഉയർന്ന മികവിലാണ് പാസായത്. 35 വിദ്യാർഥികളിൽ ഗ്രെയ്‌സ് ഹോപ്പർ സ്കോളർഷിപ് നേടിയ ഏക വ്യക്തി.
Microsoft fires protesting engineers