Image

ഹോംലാൻഡ് സെക്യൂരിറ്റിക്കു രഹസ്യങ്ങൾ കൈമാറുന്ന കരാറിൽ പ്രതിഷേധിച്ചു ഐ ആർ എസ് മേധാവി രാജിവച്ചു (പിപിഎം)

Published on 09 April, 2025
ഹോംലാൻഡ് സെക്യൂരിറ്റിക്കു രഹസ്യങ്ങൾ കൈമാറുന്ന കരാറിൽ പ്രതിഷേധിച്ചു ഐ ആർ എസ് മേധാവി രാജിവച്ചു (പിപിഎം)

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താൻ രേഖകൾ ഇല്ലാത്തവരുടെ അതിരഹസ്യ വിവരങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനു കൈമാറാൻ ഇന്റേണൽ റവന്യു സർവീസ് (ഐ ആർ എസ്) സമ്മതിച്ചെന്നു ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചതിനു പിന്നാലെ ഐ ആർ എസ് ആക്റ്റിംഗ് കമ്മീഷണർ മെലാനി ക്രോസ് രാജി പ്രഖ്യാപിച്ചു.

ഈ വർഷം മൂന്നാമത്തെ മേധാവി ആയിരുന്ന ക്രോസ് ട്രംപ് ഭരണകൂടം നൽകിയ രാജി സൗകര്യം പ്രയോജനപ്പെടുത്തി  പിരിഞ്ഞതായി ട്രെഷറി ഡിപ്പാർട്മെന്റ് വെളിപ്പെടുത്തി.

നിയമം മാനിച്ചു രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ കുടിയേറ്റ എജൻസി ഐ സി ഇക്കു കൈമാറാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നു 'വാഷിംഗ്‌ടൺ പോസ്റ്റ്' പറഞ്ഞു. അസാധാരണ മാറ്റങ്ങളുടെ സമയത്താണ് മെലാനി ക്രോസ് ഐ ആർ എസിനെ നയിച്ചത് എന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടി.

ക്രോസ് മേധാവി ആണെങ്കിലും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആണ് തിങ്കളാഴ്ച്ച ഐ ആർ എസിനു വേണ്ടി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയെമുമായി കരാർ ഒപ്പുവച്ചത്.

ഇത്തരമൊരു കരാർ ഉണ്ടാക്കാനുളള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഫെബ്രുവരിയിൽ ഐ ആർ എസ് ആക്റ്റിംഗ് ചീഫ് ആയിരുന്ന ഡഗ് ഓ ഡോണൽ രാജിവച്ചത്. പ്രസിഡന്റ് ട്രംപ് അധികാരമേറ്റ ജനുവരി 20നു തന്നെ അന്നത്തെ കമ്മീഷണർ ഡാനി വെഫെൽ രാജിവച്ചിരുന്നു.

ഡാറ്റ പങ്കുവയ്ക്കുന്ന കരാർ സ്വകാര്യതയുടെ ലംഘനമാവാമെന്നു ഐ ആർ എസ് അഭിഭാഷകർ സമ്മതിക്കുന്നു എന്നു 'പോസ്റ്റ്' പറഞ്ഞു.

IRS chief quits after deal with DHS

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക