
പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൂറിലേറെ രാജ്യങ്ങളുടെ മേൽ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ലോകമൊട്ടാകെ വിപണികളെ ഉലയ്ക്കുന്നതിനിടയിൽ ബുധനാഴ്ച്ച ഒപ്പത്തിനൊപ്പം തിരിച്ചടിച്ചു ചൈന വ്യാപാര യുദ്ധത്തിനു പെരുമ്പറ കൊട്ടി. ചൈനയ്ക്കു മേൽ ട്രംപ് ചുമത്തിയ താരിഫ് 104% എത്തിയപ്പോൾ ചൈന 84% ചുമത്തുകയും യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.
യൂറോപ്യൻ യൂണിയൻ നേതൃത്വം ബദൽ തീരുവ പ്രഖ്യാപിക്കാൻ ബുധനാഴ്ച്ച ഉച്ചത്തിരിഞ്ഞു യോഗം ചേരുന്നുണ്ട്.
ഇന്ത്യയ്ക്കു മേൽ നടപ്പിലായ 26% തീരുവയോടു പ്രതികരിച്ച വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ബുധനാഴ്ച്ച പറഞ്ഞത് യുഎസുമായി വ്യാപാര കരാറിനു ചർച്ച നടത്തുന്നുണ്ടെന്നാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നു വരുന്ന ഔഷധങ്ങൾക്കു താരിഫ് വരുന്നുണ്ടെന്നു ട്രംപ് ബുധനാഴ്ച്ച പറഞ്ഞു.
സ്റ്റോക്കുകളും ബോണ്ടുകളും വഴുതിയതോടെ ആഗോള മാന്ദ്യത്തിന്റെ ഭീതി ഉയർന്നു. ഡോളറും വീഴുകയാണ്. ഈ മൂന്ന് പ്രത്യാഘാതങ്ങളും ഒന്നിച്ചു വരുന്നത് ഏറെ അപൂർവമാണ്.
വിലക്കയറ്റവും ഉണ്ടാവുമെന്ന് വിദഗ്ദ്ധർ
ആഗോള വിപണിയിൽ അരാജകത്വം ഉണ്ടായാൽ വിലക്കയറ്റവും ഉണ്ടാവുമെന്ന് വിദഗ്ധർ താക്കീതു നൽകി. സാധനങ്ങളുടെ ലഭ്യതയ്ക്കും തടസമുണ്ടാവും.
ചൈനയുടെ ബദൽ കണ്ടു വിരണ്ടു പിന്നോട്ടു പോകാൻ യുഎസ് തയാറില്ലെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. യുഎസ് ചൈനയിലേക്ക് അയക്കുന്നതിനേക്കാൾ കൂടുതലാണ് ചൈന ഇങ്ങോട്ടു കയറ്റുമതി ചെയ്യുന്നത്.
70 രാജ്യങ്ങൾ യുഎസുമായി ചർച്ചയ്ക്കു തയാറായിട്ടുണ്ടെന്നു ട്രംപ് പറഞ്ഞു. പക്ഷെ ചൈനയും യൂറോപ്യൻ യൂണിയനും അയഞ്ഞിട്ടില്ല. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വാഷിംഗ്ടണിലേക്കു എത്തുന്നുണ്ട്.
വിയറ്റ്നാമിനു 46% ആണ് താരിഫ്. അവർ ചർച്ചയ്ക്കു മുന്നോട്ടു വന്നു. ജപ്പാനും സൗത്ത് കൊറിയയും ചർച്ചയ്ക്കു ഉദ്യോഗസ്ഥരെ അയക്കും.
ഏഷ്യൻ വിപണികളിലും യൂറോപ്പിലെ പോലെ ബുധനാഴ്ച്ച തകർച്ച കണ്ടു.
Trade war begins as China stays firm