
യുഎസിൽ പ്രവേശിക്കാൻ ബൈഡൻ ഭരണകാലത്തെ സിബിപി വൺ ആപ്പ് ഉപയോഗിച്ചവർ ഉടൻ രാജ്യം വിട്ടുകൊള്ളണമെന്നു ട്രംപ് ഭരണകൂടം താക്കീതു നൽകി. ബൈഡൻ ഭരണകൂടം താമസത്തിനു നൽകിയ താത്കാലിക അനുമതി റദ്ദാക്കി അവരെ നാടു കടത്താനാണ് ശ്രമം.
മാനുഷിക പരോൾ എന്ന പരിപാടിയിലാണ് ബൈഡൻ ഏതാണ്ട് 936,000 കുടിയേറ്റക്കാരെ യുഎസിൽ കഴിയാൻ അനുവദിച്ചത്. 2023 ജനുവരി മുതൽ സിബിപി ആപ് ഉപയോഗിച്ച് അവർക്കു അകത്തു വരാൻ കഴിഞ്ഞു. ആപ്പിൽ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്തിട്ടു വരുമ്പോൾ അതിനെ അനധികൃത പ്രവേശമായി കണക്കാക്കിയിരുന്നില്ല.
ഇപ്പോൾ അവരിൽ പലർക്കും ഉടൻ രാജ്യം വിടാൻ ഹോംലാൻഡ് സെക്യൂരിറ്റി ഇമെയിൽ ലഭിക്കുന്നു. "അതിർത്തികൾ സുരക്ഷിതമാക്കാനും ദേശരക്ഷ ഉറപ്പാക്കാനും അമേരിക്കൻ ജനതയ്ക്കു ഞങ്ങൾ നൽകിയ ഉറപ്പു പാലിക്കയാണ്," ഇമെയിലിൽ പറയുന്നു. "നിങ്ങളുടെ പരോൾ ഉടൻ റദ്ദാക്കുന്നു."
എത്ര പേർക്കു നോട്ടീസ് അയച്ചുവെന്നു ഡി എച് എസ് പറയുന്നില്ല.
ആപ്പിന്റെ പേര് ട്രംപ് ഭരണകൂടം പുതുക്കിയിട്ടുണ്ട്: സിബിപി ഹോം. "കുടിയേറ്റ സംവിധാനത്തിന്റെ ഭദ്രത നമ്മൾ വീണ്ടെടുക്കുന്നു," ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം പറഞ്ഞു.
ഇതു വരെ 'പരോൾ' റദ്ദാക്കപ്പെട്ട 500,000 പേരിൽ ഹെയ്ത്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുളളവരാണ് കൂടുതലും. പരോൾ റദ്ദായാൽ ജോലി ചെയ്യാൻ പാടില്ലെന്നു നോട്ടീസിൽ പറയുന്നു. ക്രിമിനൽ പ്രോസിക്യൂഷൻ ഉണ്ടാവാം.
Trump moves to expel migrants under 'parole'