Image

മാധ്യമങ്ങൾക്ക് വേണ്ടത് എന്റെ ചോര: അത് അത്ര വേഗം കിട്ടുമെന്ന് കരുതേണ്ട; മുഖ്യമന്ത്രി

Published on 09 April, 2025
മാധ്യമങ്ങൾക്ക് വേണ്ടത് എന്റെ ചോര: അത്  അത്ര വേഗം കിട്ടുമെന്ന് കരുതേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം: മകള്‍ വീണയ്ക്കെതിരായ മാസപ്പടി കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താനതിനെ ഗൗരവമായി കാണുന്നില്ലെന്നും കേസ് കോടതിയില്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കമാണോ ഇതെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

''കേസ് കോടതിയില്‍ നടക്കട്ടെ. എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ വല്ലാതെ ബേജാറാകേണ്ട. ആരോപണം ശുദ്ധ അസംബന്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ രാജി വരുമോ എന്ന് മോഹിച്ച് നിന്നോളൂ. നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തമാണ്''- മാധ്യമങ്ങളെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു. മകള്‍ വാങ്ങിയത് സേവനത്തിനുള്ള പ്രതിഫലമാണെന്നും തന്റെ മകളായതിനാലാണ് വേട്ടയാടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

സേവനത്തിന് നല്‍കിയ പണമെന്ന് മകളും സിഎംആര്‍എല്‍ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആര്‍എല്‍ നല്‍കിയ പണത്തിന്റെ ജിഎസ്ടിയും ആദായ നികുതിയും അടച്ചതിന്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാര്‍ട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഈ നിലയില്‍ പ്രതികരിക്കുന്നത്.

ബിനീഷിനെതിരെ കേസ് വന്നപ്പോള്‍ അതില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നത്. മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിന്റെയും ജിഎസ്ടി അടച്ചതിന്റെയും കണക്കുകള്‍ പറയുന്നില്ല. മാധ്യമങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക