
തിരുവനന്തപുരം: സംഘപരിവാര അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്ന കത്തോലിക്കാ സഭ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സത്യദീപം എഡിറ്ററും സീറോ മലബാര്‍ സഭാ മുന്‍ വക്താവുമായ പോള്‍ തേലക്കാട്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്ന് സഭ നേതൃത്വം ആവശ്യപ്പെട്ടത് തെറ്റാണെന്നും മെത്രാന്മാര്‍ കാസയുടെ ഭാഷയില്‍ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് പറഞ്ഞത് അബദ്ധമാണെന്നും കാസയുടെ രൂപീകരണം സഭയുടെ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കത്തോലിക്കാ സഭക്ക് വളരെ ഹയരാര്‍ക്കികളായിട്ടുള്ള നിയമങ്ങളുണ്ട് അതിന് കാനന്‍ നിയമം എന്നാണ് പറയുക. ഈ കാനന്‍ നിയമത്തില്‍ പറയുന്നത് സ്ഥലത്തെ നിയമങ്ങള്‍ അനുസരിച്ച് വേണം ഭൂമി, സമ്പത്ത് തുടങ്ങിയവയുടെ കൈകാര്യം എന്നാണ്.
പക്ഷെ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വവും അതിന്റെ രീതിയും കാനന്‍ നിയമത്തില്‍ പറഞ്ഞ് വെച്ചിട്ടുണ്ട്. ആ നിയമം ലംഘിക്കപ്പെട്ടാല്‍ നല്‍കേണ്ട ശിക്ഷ നടപടികള്‍ വരെ അതിലുണ്ട്. അതുകൊണ്ട് കൃത്യമായൊരു നിയമ സംഹിത നിലവിലുള്ളപ്പോള്‍ മറ്റൊരു നിയമ സംഹിതയുടെ ആവിശ്യം ഇല്ല. ചര്‍ച്ച് ബോര്‍ഡ് പോലൊരു സംവിധാനത്തിന്റെ ആവശ്യമില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അത്തരമൊരു ബോര്‍ഡ് വന്നാല്‍ കക്ഷി രാഷ്ട്രീയം എളുപ്പത്തില്‍ സഭയിലേക്ക് കടന്ന് കയറുമെന്നും അദ്ദേഹം പറഞ്ഞു.
'സഭയും മതവും രാഷ്ട്രീയത്തില്‍ ഇടപെടാതെ ആരോഗ്യപരമായ അകലത്തില്‍ നിന്നുകൊണ്ട് പക്വമായ വിധത്തില്‍ അത് കൈകാര്യം ചെയ്യുകയും വേണ്ട നിര്‍ദേശങ്ങള്‍ വേണ്ട സമയത്ത് കൊടുക്കുകയും വിമര്‍ശങ്ങള്‍ ഉന്നയിക്കുകയും ചെയ്ത വലിയ പാരമ്പര്യം കേരളത്തിലെ കത്തോലിക്കാ സഭക്കുണ്ട്. ആ പാരമ്പര്യം ഇപ്പോഴത്തെ മെത്രാന്മാര്‍ മനസിലാക്കണം. അത് പിന്തുടരണം. ചില പിതാക്കന്മാര്‍ പാര്‍ട്ടി ഉണ്ടാക്കുമെന്ന് പറയുന്നത് ഞാന്‍ കേട്ടു. കത്തോലിക്കാ സഭയുടെ മെത്രാന്മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ മനസിലാക്കാതെയാണ് അവര്‍ പറഞ്ഞതെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ പറയാതിരിക്കാനും പക്വമായി കാര്യങ്ങള്‍ നേരിടാനുള്ള വിവേകവും അവര്‍ക്ക് ആവശ്യമാണ്.
കത്തോലിക്കാ സഭയില്‍ വലതുപക്ഷ മൗലീകവാദങ്ങള്‍ പോലുള്ള കോപ്രായങ്ങള്‍ ഈ അടുത്താണ് കടന്നുവന്നത്. ഇത് വളരെ ദുഖകരമാണ്. ഒരു മത സമൂഹത്തെ വെറുക്കുന്ന കക്ഷികള്‍ ഇവിടെയുണ്ട്. അത് കത്തോലിക്കാ സഭയിലേക്ക് കടന്ന് വന്ന ഒരു സംഘടനയുണ്ടാക്കി എന്നത് തന്നെ വലിയൊരു പരാജയമാണ്. എന്നെ അത്ഭുതപ്പെടുത്തുന്നത് ആ കാസയുടെ ഭാഷയില്‍ തന്നെ മെത്രാന്മാര്‍ സംസാരിക്കാന്‍ തുടങ്ങുന്നു എന്നതാണ്. ഇതൊക്കെ വിനാശകരമാണ്.
ലവ് ജിഹാദെന്ന വാക്ക് മെത്രാന്മാരും സിനഡും ഒരിക്കലും പറയാന്‍ പാടില്ലായിരുന്നുവെന്നും ഫാദര്‍ ഫോള്‍ തേലക്കാട് പറഞ്ഞു.
Father Paul Thelakkad slams Catholic Bishops