
യുഎസ് ബ്യുറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് ഡയറക്ടറുടെ അധിക ചുമതലയിൽ നിന്നു എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേലിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാറ്റി. ആർമി സെക്രട്ടറി ഡാനിയൽ ഡ്രിസ്‌കോളിനാണ് പകരം ചുമതല നൽകിയത്.
ഫെബ്രുവരി 21നു എഫ് ബി ഐ യുടെ തലപ്പത്തു എത്തിയ പട്ടേലിനു 24നാണു ട്രംപ് എ ടി എഫിന്റെ അധിക ചുമതല നൽകിയത്. ഇപ്പോൾ നീക്കം ചെയ്തതിനു കാരണം വ്യക്തമല്ല.
രണ്ടു വലിയ വകുപ്പുകളുടെ ചുമതല ഒരാൾ വഹിക്കുന്നത് അസാധാരണമാണ്. ഫെബ്രുവരിയിൽ എ ടി എഫ് ആസ്ഥാനത്തു ഒരു മണിക്കൂർ ചെലവഴിച്ച പട്ടേൽ പിന്നീട് അങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് റിപ്പോർട്ട്.
പട്ടേലിന് അധികച്ചുമതല നൽകിയതിനെ ഡെമോക്രറ്റുകൾ എതിർത്തിരുന്നു. ആ ചുമതല വഹിക്കാനുള്ള പരിചയം അദ്ദേഹത്തിനില്ല എന്ന വാദമാണ് അവർ ഉയര്ത്തിയത്.
ഡ്രിസ്കോൾ രണ്ടു ചുമതലയും ഒന്നിച്ചു വഹിക്കും എന്നാണ് ആർമി വൃത്തങ്ങൾ പറയുന്നത്.
തോക്കു സൂക്ഷിക്കാനുളള അവകാശത്തിൽ മുറുകെ പിടിക്കുന്ന അറ്റോണി ജനറൽ പാം ബോണ്ടി അതിനു പിന്തുണ നൽകുന്ന രണ്ടാം ഭേദഗതി നടപ്പാക്കാൻ ഒരു ദൗത്യ സംഘത്തെ നിയമിക്കുക വരെ ചെയ്തിട്ടുണ്ട്. തോക്കു നിയന്ത്രിക്കാൻ ജോ ബൈഡൻ ഭരണകൂടം കൊണ്ടുവന്ന ചട്ടങ്ങൾ വിലയിരുത്താൻ ബോണ്ടിയോടു ട്രംപ് നിർദേശിച്ചിരുന്നു.
തോക്കു നിയന്ത്രണത്തിനുള്ള ശ്രമങ്ങളെ എ ടി എഫ് തലപ്പത്തെ മാറ്റം എങ്ങിനെ സ്വാധീനിക്കുമെന്ന് വ്യക്തമല്ല. ഡ്രിസ്‌കോളിനെ കൊണ്ടുവന്നതിന്റെ കാരണവും തെളിഞ്ഞിട്ടില്ല.
എ ടി എഫ് പരിഷ്കരിച്ചു രണ്ടാം ഭേദഗതി സംരക്ഷിക്കാനുള്ള ട്രംപിന്റെ ഉറച്ച തീരുമാനമാണ് ഈ മാറ്റത്തിനു പിന്നിലെന്നു തോക്കുവ്യാപാരികളുടെ പ്രധാന സംഘടനയായ എൻഎസ്എസ്എഫ് പറഞ്ഞു.
Kash Patel removed as ATF chief