Image

കനത്ത ബന്തവസോടെ റാണ ഡല്‍ഹിയില്‍; കൊച്ചി സന്ദര്‍ശനത്തിന്റെയും ചുരുളഴിയും (എ.എസ് ശ്രീകുമാര്‍)

Published on 10 April, 2025
കനത്ത ബന്തവസോടെ റാണ ഡല്‍ഹിയില്‍; കൊച്ചി സന്ദര്‍ശനത്തിന്റെയും ചുരുളഴിയും (എ.എസ് ശ്രീകുമാര്‍)

അമേരിക്ക വിട്ടുനല്‍കിയ കൊടും ഭീകരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ അതീവ സുരക്ഷയോടെയാണ് ഇന്ന് ഉച്ചയോടുകൂടി ഇന്ത്യയിലെത്തിച്ചത്. ലോസ് ആഞ്ചലസിലെ ജയിലില്‍ കഴിഞ്ഞിരുന്ന റാണയെയും വഹിച്ചുള്ള വിമാനം ഡല്‍ഹിയിലെ പാലം എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ ഇറങ്ങും മുമ്പേ തലസ്ഥാന നഗരം കനത്ത സുരക്ഷയിലായിരുന്നു. എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനാവുന്ന റാണയെ തിഹാര്‍ ജയിലില്‍ അതീവസുരക്ഷാ ക്രമീകരണങ്ങളോടെ പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് ഇവിടെനിന്ന് മുംബൈയിലെത്തിക്കുകയാണെങ്കില്‍ മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ ഭീകരന്‍ അജ്മല്‍ കസബിനെ പാര്‍പ്പിച്ച ആര്‍തര്‍ റോഡിലെ സെന്‍ട്രല്‍ ജയിലിലെ 12-ാം നമ്പര്‍ ബാരക്കിലായിരിക്കും റാണയേയും താമസിപ്പിക്കുക.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ സഹായിയായിരുന്നു റാണ. അമേരിക്കയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതിനിടെ ഇയാളെ 2019-ലാണ് എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ തഹാവൂര്‍ റാണ നല്‍കിയ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളിയിരുന്നു. ബാല്യകാല സുഹൃത്തും പാക് വംശജനുമായ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ചേര്‍ന്ന് ലഷ്‌കറെ തൊയ്ബയ്ക്കുവേണ്ടി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പാക് വംശജനായ കനേഡിയന്‍ പൗരനും വ്യവസായിയുമായ റാണയ്‌ക്കെതിരെയുള്ള കേസ്.

റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് പ്രസിഡന്റ് ട്രംപ് കഴിഞ്ഞമാസമാണ് അനുമതി നല്‍കിയത്. നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം ഉണ്ടായത്. ''മുംബൈ ഭീകരാക്രമണത്തില്‍ കുറ്റാരോപിതനായ വളരെ അപകടകാരിയായ ഒരു മനുഷ്യനെ യു.എസ് ഇന്ത്യയ്ക്ക് കൈമാറുകയാണ്...'' എന്നാണ് ട്രംപ് അന്ന് പറഞ്ഞത്. തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അമേരിക്കയുടെ നിലപാടിനെ അഭിനന്ദിച്ച മോദി ട്രംപിനെ നന്ദി അറിയിക്കുകയും ചെയ്തു. റാണയെ ഇന്ത്യയിലെത്തിച്ച പശ്ചാത്തലത്തില്‍ പ്രതികരണത്തില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുമാറി. റാണ കനേഡിയന്‍ പൗരനാണെന്നാണ് പാക് വിദേശകാര്യ വക്താവ് പറഞ്ഞത്.

മുംബൈയില്‍ 2008 നവംബര്‍ 26-ന് ആസൂത്രിതമായ 10 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. രാത്രി 8 മണിക്ക് തുടങ്ങിയ ആക്രമണം 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബര്‍ 29-ന് ഇന്ത്യന്‍ ആര്‍മി അക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. ആക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടു. 327 പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. താജ് ഹോട്ടല്‍, ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനസ്, ലിയോപോള്‍ഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാന്‍ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം ഉണ്ടായത്.

കടല്‍ മാര്‍ഗം മുംബൈയിലെത്തിയ 10 പാകിസ്ഥാന്‍ ഭീകരരാണ് മുംബൈയെ രണ്ടു ദിവസത്തിലധികം മുള്‍മുനയില്‍ നിര്‍ത്തിയത്. ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളില്‍ കൂടുതലും നടന്നത്. ഛത്രപതി ശിവജി റെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ പോയന്റിലെ ഒബ്‌റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപത്തുള്ള ടാജ് മഹല്‍ പാലസ്-ടവര്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റല്‍, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ത്തഡോക്‌സ് ജ്യൂയിഷ്, മെട്രോ ആഡ്‌ലാബ്സ് തീയേറ്റര്‍, പോലീസ് ഹെഡ് ക്വോര്‍ട്ടേസ് എന്നീ സ്ഥലങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്.

പോലീസ് ഹെഡ് ക്വാര്‍ട്ടേര്‍സില്‍ നടന്ന വെടിവെപ്പില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിലെ ചീഫ് ഓഫീസറടക്കം 3 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പത്താമത്തെ സ്‌ഫോടനം നടന്നത് മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വില്ലെ പാര്‍ലെയിലായിരുന്നു. മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കര്‍കരെ, അഡീഷണല്‍ കമ്മീഷണര്‍ ഓഫീസ് ഓഫ് പോലീസ് അശോക് കാംട്ടെ, എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് വിജയ് സലസ്‌കാര്‍, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശശാങ്ക് ഷിണ്ടെ, ദേശീയ സുരക്ഷാസേന കമാന്‍ഡോയും മലയാളിയുമായ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍, ദേശീയ സുരക്ഷാസേന കമാന്‍ഡോ ഹവാള്‍ദാര്‍ ഗജേന്ദര്‍ സിങ് എന്നിവരും ചത്രപതി ശിവജി ടെര്‍മിനസിലെ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥന്മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു.

റാണയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നല്‍കിയത് 2019-ലാണ്. റാണ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയാണെന്നും അതിനാല്‍ ഇന്ത്യയ്ക്ക് കൈമാറമമെന്നുമാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടയാനാവില്ലെന്ന് യു.എസ് സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി തഹാവൂര്‍ റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷയും കോടതി തള്ളി. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കലിഫോര്‍ണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറിയിരിക്കുന്നത്. ഇതേ കേസില്‍ പിടിയിലായ പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ 2012 നവംബര്‍ 21-ന് തൂക്കിലേറ്റിയിരുന്നു.

അതേസമയം, റാണയെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നതോടെ റാണയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യവും ചുരുളഴിയുമെന്നാണ് കരുതുന്നത്. മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് 2008 നവംബര്‍ 16-നാണ് തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയത്. മറൈന്‍ ഡ്രൈവിലുള്ള ഹോട്ടലില്‍ 24 മണിക്കൂര്‍ തങ്ങിയ റാണ പിന്നീട് മുംബൈയിലേക്ക് മടങ്ങുകയായിരുന്നു. നടന്നത്. കൊച്ചിക്ക് പുറമേ, ഡല്‍ഹി, ആഗ്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലും റാണ എത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. വിദേശ റിക്രൂട്ട്‌മെന്റ് നടത്താനെന്ന വ്യാജേനയാണ് റാണ കൊച്ചിയില്‍ തങ്ങിയതെന്നാണ് എന്‍.ഐ.എയുടെ അന്വേഷണത്തില്‍ തെളിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക