
'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ 'ആലപ്പുഴ ജിംഖാന' പ്രധാനമായും ചെറുപ്പക്കാരെ ലക്ഷ്യമിട്ടു സൃഷ്ടിച്ച ചിത്രമാണ്. എങ്കില്‍ പോലും ഏതു പ്രായക്കാര്‍ക്കും കണ്ടു രസിക്കാന്‍ പാകത്തില്‍ തമാശയും അല്‍പ്പം റൊമാന്‍സും അതിലേറെ ബോക്‌സിങ്ങും ചേര്‍ത്ത് തയ്യാറാക്കിയ കിടിലന്‍ ചിത്രം. ദേശീയ തലത്തില്‍ബോക്‌സിങ്ങ് ചാമ്പ്യനായ ആന്റണി ജോഷ്വ എന്ന കോച്ചിന്റെയും ആലപ്പുഴ ജിംഖാനയിലെ ബോക്‌സിങ്ങ് പഠിക്കുന്ന ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രമാണ് 'ആലപ്പുഴ ജിംഖാന'.
അവര്‍ ചോരത്തിളപ്പുള്ള ചെറുപ്പക്കാര്‍. ഷിഫാസ് അഹമ്മദ്, ഷിഫാസ് അലി, ജോജോ ജോണ്‍സണ്‍, ഡേവിഡ് ജോണ്‍സണ്‍, ഷാനവാസ് എന്നിവരുടെ സൗഹൃദത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് കഥ തുടങ്ങുന്നത്. പിന്നെ പെട്ടെന്നു തന്നെ കഥയുടെ തുടര്‍ രംഗങ്ങള്‍ ബോക്‌സിങ്ങിലേക്ക് വഴി മാറുകയാണ്. ഒരിടിയില്‍ നിന്നും ജോണ്‍സന്റെ തലയില്‍ മിന്നുന്ന ഐഡിയയാണ് കൂട്ടുകാരെ മൊത്തമായി ബോക്‌സിങ്ങ് പരിശീലന കളരിയിലേക്ക് കൊണ്ടു വന്നത്. എങ്ങനെയെങ്കിലും പ്‌ളസ് ടു പാസാകണം. സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ തുടര്‍പഠനത്തിന് അഡ്മിഷന്‍ നേടണം. അങ്ങനെയാണ് സംഘം ആലപ്പുഴ ജിംഖാന എന്ന ബോക്‌സിങ്ങ് പരിശീലന കേന്ദ്രത്തിലെത്തുന്നു.
ബോക്‌സിങ്ങ് പഠിക്കുന്നതും ചാമ്പ്യന്‍ഷിപ് നേടുന്നതും സ്‌പോര്‍ട്ട്‌സ് ക്വാട്ട ഒപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് അവര്‍ പരിശീലനം നേടുന്നത്. അക്കാര്യത്തില്‍ അവര്‍ സീരിയസാണ്. എന്നാല്‍ ആന്റണിജോഷ്വാ എന്ന മികച്ച പരിശീലകന്‍ എത്തുന്നതോടെ കഥ മാറുന്നു. ഇതിനിടെ അവര്‍ക്ക് അപ്രതീക്ഷിതമായിചില പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. അതവരെ വാശിയോ ഓരോരുത്തരെയായി ബോക്‌സിങ്ങ് റിങ്ങില്‍ എത്തിക്കുന്നു. ആവേശകരമായ ഇടിയുടെ പൊടിപൂരമാണ് പിന്നെ റിങ്ങില്‍ കാണാന്‍ കഴിയുക.
നസ്ലന്‍, ഗണപതി, ശിവഹരിഹരന്‍, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബോബി ജീന്‍, ഷോണ്‍ ജോയ് തുടങ്ങിയവരാണ് ആലപ്പുഴ ജിംഖാനയില്‍ ബോക്‌സിങ്ങ് പഠനത്തിനെത്തുന്ന ചെറുപ്പക്കാരായി വേഷമിടുന്നത്. ലുക്മാന്‍, അവറാന്‍, ഗണപതി, നസ്ലന്‍ എന്നിവരുടെ കിടിലന്‍ പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പരിശീലകനായി എത്തുന്ന കോട്ടയം നസീറും അബു സലിമും ഞെട്ടിക്കുന്ന പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട്. നായകമാരായെത്തുന്ന അനഘ രവിയും നോയില ഫ്രാന്‍സിയും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ബോക്‌സിങ് പോലൊരു വിഷയം സിനിമയാക്കി ഖാലിദ് എടുക്കുമ്പോള്‍ തന്നെ അതിന്റെ വ്യത്യസ്തത പ്രകടമാണ്. അനുരാഗക്കരിക്ക്, ലവ്, ഉണ്ട, തല്ലുമാല തുടങ്ങി എല്ലാ ചിത്രങ്ങളു#െ പ്രമേയത്തിലും മേക്കിങ്ങിലും അവതരണത്തിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തല്ലുമാലയില്‍ നിന്നും ആലപ്പുഴ ജിംഖാനയിലെത്തുമ്പോള്‍ അടിയുടെയും കഥ പറയുന്ന രീതിയ്ക്കുമെല്ലാം കാഴ്ചയിലും വേഗത്തിലും വ്യത്യാസം വന്നിട്ടുണ്ടെന്ന് കാണാം.
പ്രകേഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ആകര്‍ഷകമായ രീതിയില്‍ സൗഹൃദവും പ്രണയവും എല്ലാം ചേര്‍ത്തൊരുക്കിയ മനോഹരമായൊരു ചിത്രമാണ് ആലപ്പുഴ ജിംഖാന. കഥയുടെ ഫ്രഷ്‌നസ്സ് ശരിക്കും അനുഭവിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ വിഷ്ണു വിജയ്, കഥയ്ക്കനുയോജ്യമായ രീതിയില്‍ ഛായാഗ്രഹണം നിര്‍വഹിച്ച ജിംഷി ഖാലിദ് എന്നിവര്‍ പ്രത്യേകം കൈയ്യടി അര്‍ഹിക്കുന്നു. എഡിറ്റിങ്ങാണ് ഒരു രക്ഷയുമില്ലാത്തത്. തല്ലുമാലയിലെ മനോഹരമായ എഡിറ്റിങ്ങ് മികവ് #ഈ ചിത്രത്തിലും ആവര്‍ത്തിച്ച ശേഷമാണ് നിഷാദ് യൂസഫ് എന്ന പ്രതിഭ മരണത്തിന്റെ വഴികളിലേക്ക് വഴി മാറി പോയത്. അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അവധികകാലം ആഘോഷമാക്കാന്‍ തിയേറ്ററുകളിലെത്തുന്ന പ്രേക്ഷകരെ ആലപ്പുഴ ജിംഖാനയിലെ പയ്യന്‍മാര്‍ നിരാശരാക്കില്ല. ഉറപ്പ്.