Image

വ്യാജ തൊഴില്ലായ്മ വേതന അപേക്ഷകർ ഏറ്റവും കൂടുതലുള്ള മൂന്നു സംസ്ഥാനങ്ങൾ

ഏബ്രഹാം തോമസ് Published on 12 April, 2025
വ്യാജ തൊഴില്ലായ്മ വേതന അപേക്ഷകർ ഏറ്റവും കൂടുതലുള്ള മൂന്നു സംസ്ഥാനങ്ങൾ

വാഷിംഗ്ടൺ: ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി (ഡി ഓ ജി ഇ) എല്ലാ വിമർശനങ്ങളും ഏറ്റുവാങ്ങി അതിന്റെ ജോലി മുന്നോട്ടു തന്നെ കൊണ്ട് പോകുകയാണ്. ഇപ്പോൾ നടത്തിയിരിക്കുന്ന പുതിയ വെളിപ്പെടുത്തലിൽ, ഏറ്റവും കൂടുതൽ വ്യാജ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുള്ള മൂന്ന് സംസ്ഥാനങ്ങളുടെ വിവരങ്ങൾ പുറത്തു വന്നു. കാലഫോര്ണിയ, ന്യൂ യോർക്ക്, മാസച്ചുസെറ്റ്സ് എന്നിവയാണ് ആ മൂന്നു സംസ്ഥാനങ്ങൾ.

എക്സിലൂടെ നടത്തിയ ഈ വെളിപ്പെടുത്തലിൽ പറയുന്നത് ഈ മൂന്നു സംസഥാനങ്ങളിൽ നിന്നുള്ള വ്യാജ അപേക്ഷകൾക്ക് 2,000 മുതൽ ഏതാണ്ട് 305 മില്യൺ ഡോളറിന്റെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു എന്നാണ്. കാലിഫോര്ണിയയിൽ നിന്നുള്ളവരാണ് ഏറ്റവും അധികം (68%) തൊഴില്ലായ്മയുടെ ആനുകൂല്യം നേടിയത്. 

ഇവർ സി ബി പി യുടെ തീവ്ര വാദികളുടെ ലിസ്റ്റിലോ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ ലിസ്റ്റിലോ പേരുള്ളവരാണ്. ട്രംപ് വീണ്ടും അധികാരം ഏറ്റപ്പോൾ തീവ്രവാദികളെയും ക്രിമിനലുകളെയും കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ട് വരും എന്ന് പറഞ്ഞിരുന്നു. ഓരോ ഫെഡറൽ ഡിപ്പാർട്മെന്റ് ജീവനക്കാരുടെയും ഓഡിറ്റ് നടത്തിയാണ് ക്രിമിനൽ, തീവ്രവാദ ബന്ധം ഉള്ളവരെ കണ്ടെത്തുന്നത്. പ്രസിഡന്റ് ട്രംപ് ഡി ഒ ജി ഇ വിഭാഗം നിലനിർത്തി മുന്നോട്ടു പോകും എന്നൊരു പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

ട്രംപിന്റെ താരിഫ് യുദ്ധം തുടരുകയാണ്

താരിഫുകളുടെ പ്രഖ്യാപനങ്ങൾക്കു നേരിട്ട തിരിച്ചടികൾക്കു ശേഷം ട്രംപ് 75 രാഷ്ട്രങ്ങളുമായി അടുത്ത ആഴ്ച കൂടിയാലോചന നടത്തും എന്നാണ് അറിയുന്നത്. ഈ കൂടിയാലോചനകളിൽ നിന്ന് എന്തെല്ലാം അമേരിക്കക്ക് നേടാനാവും എന്ന ആഭ്യന്തര ചർച്ചയിലാണ് ട്രംപ് ഇപ്പോൾ. ചൈനയുമായി അടുത്ത നീക്കം എന്തായിരിക്കണം എന്നും ആലോചിക്കുന്നു. ചൈന അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് 84% തീരുവ ട്രംപ് പ്രഖ്യാപിച്ച 145% താരിഫിന് മറുപടിയായി പ്രഖ്യാപിച്ചു.

ട്രംപിന്റെ താരിഫുകളിന്മേൽ 90 ദിവസത്തെ താത്കാലിക വിരാമം സ്റ്റോക് മാർക്കറ്റിനു വലിയ ശുഭ പ്രതീക്ഷ നൽകുകയും ഓഹരി വിലകൾ വർധിക്കുകയും ചെയ്തു. ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച വലിയ തീരുവക്ക് പകരം ഈ ഇടവേളയിൽ 10% മാത്രമാണ് തീരുവകൾ.

ബുധനാഴ്ച തന്റെ ക്യാബിനറ്റ് അംഗങ്ങളെ കണ്ടപ്പോൾ 'ഒരു ട്രാന്സിഷൻ കോസ്ററ് ഉണ്ടാകും, ട്രാന്സിഷൻ പ്രശ്നങ്ങളും ഉണ്ടാവും. അവസാനം എല്ലാം ശരിയാകും' എന്ന് ട്രംപ് പറഞ്ഞു. 15 രാഷ്ട്രങ്ങളിൽ നിന്ന് ഇതിനകം തന്നെ അനുകൂലമായ നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വൈറ്റ് ഹവ്സ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസ്സറ്റ് പറഞ്ഞു.

ബോണ്ട് മാർക്കറ്റ് ഒരു നിർണായക ഘടകമായി മാറാൻ സാധ്യതയുണ്ട്. യു എസ് ഗവ ന്മേന്റിനു പൊതു കടം 28.9 ത്രില്ലിയൻ ഡോളറുണ്ട്. വീണ്ടും കടം നല്കാൻ പല സ്ഥാപനങ്ങളും മടിക്കുന്നു. ബുധനാഴ്ച 10 വർഷ യു എസ് ട്രെഷറി നോട്ടിന്റെ പലിശ നിരക്ക് കൂടിക്കൊണ്ടിരിക്കുകയായിരുന്നു. 4.5% നടുത്തു എത്തുകയും ചെയ്തു.

ഗവൺമെന്റിന് നൽകുന്ന കടത്തിന്റെ പലിശ ഉയരുന്നത് കൂടുതൽ കടം നേടാൻ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. വാണിജ്യ രംഗത്തെ പ്രമുഖർ ട്രംപിന്റെ താരിഫുകളാണോ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.  ഗവൺമെന്റിന് നൽകുന്ന കടത്തിന്റെ പലിശ ഉയരുമ്പോൾ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും ഉയരും.

ഇത് സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറം ആകും. എസ്&പി (സേവിങ്സ് & പുവർ) 9.5% ബുധനാഴ്ച ഉയർന്നെങ്കിലും വ്യാഴാഴ്ച 3.5% കുറഞ്ഞു. 10 വർഷ ട്രെഷറി നോട്ടുകളുടെ പലിശ നിരക്ക് ഉയർന്നതായിരുന്നു കാരണം.

ട്രംപ് 20% താരിഫ് യൂറോപ്യൻ യൂണിയനിൽ നിന്ന് വരുന്ന സാധനങ്ങളുടെ മേലും 24% മോ 25% മോ ജപ്പാന്റെയും സൗത്ത് കൊറിയയുടെയും സാധനങ്ങൾക്ക് മേലും ചുമത്തിയില്ല എന്ന് വരാം. പക്ഷെ അപ്പോഴും 'ഉയർന്ന' 10% ൽ നിൽക്കുന്നു. ഇത് അടിസ്ഥാനമായി നിശ്ചയിച്ചു ട്രംപ് ചർച്ചകൾ തുടങ്ങാനും സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാന രണ്ടു വാണിജ്യ രാഷ്ട്രങ്ങളായ അമേരിക്കയും ചൈനയും തമ്മിലുള്ള കൂടിയാലോചനകൾക്കും വലിയ പ്രാധാന്യം ഉണ്ട്.

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും സ്റ്റീലിനും, അലുമിനത്തിനും 25% ൽ ചർച്ച തുടങ്ങാനാവുമോ എന്നും സംശയമുണ്ട്. ഫർമസ്യൂട്ടിക്കൽ ഡ്രഗ്സ്, ലംബർ, കോപ്പർ, കമ്പ്യൂട്ടർ ചിപ്സ് എന്നിവക്ക് മേലുള്ള താരിഫുകളിലും ഇരു വിഭാഗവും കടും പിടുത്തം നടത്തും. കഴിഞ്ഞ വര്ഷം ചൈനയുമായുള്ള വ്യാപാരത്തിൽ അമേരിക്ക 295 ബില്യൺ ഡോളർ ചൈനക്ക് നൽകാനുണ്ട് എന്ന് സെൻസസ് ബുറോയുടെ കണക്കുകൾ പറയുന്നു.

വ്യാപാരത്തിൽ മൊത്തം ഉണ്ടായിട്ടുള്ള അമേരിക്കയുടെ 1.2 ത്രില്ലിയൻ കമ്മി എഴുതള്ളണമെന്നു ട്രംപ് പറയുന്നു. ട്രംപിന്റെ ഉദ്ദേശം തുടർന്നുള്ള വർഷങ്ങളിൽ അമേരിക്ക ഇറക്കുമതി ചെയ്യുന്ന അത്രയും തുകയുടെ സാധനങ്ങൾ ചൈനയിലേക്ക് അയക്കണമെന്നാണ്. അങ്ങനെ വ്യാപാരം തുല്യ നിലയിൽ മാത്രം തുടർന്നാൽ മതി എന്നാണ്. ഇത് ചൈനക്ക് സ്വീകാര്യമായിരിക്കുമോ എന്നറിയാൻ കാത്തിരിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക