
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ സൊഹ്‌റാൻ ക്വാമി മംദാനി സിറ്റി മേയർ സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പ്രൈമറി മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. മുൻ ഗവർണർ ആൻഡ്രു കോമോ ആണ് ഒന്നാമത്.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി വാഗ്ദാനം ചെയ്യുന്നത് ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്ന സുരക്ഷിതമായ ഇടമാണ്
ചലച്ചിത്ര പ്രവർത്തക മീര നായരുടെയും പ്രൊഫ മഹ്മൂദ് മംദാനിയുടെയും മകനായി 1991ന് ഉഗാണ്ടയിലാണ് സൊഹ്‌റാൻ മംദാനി ജനിച്ചത്.
കൊളോണിയലിസത്തെക്കുറിച്ച് പഠിപ്പിക്കുന്ന കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും, ഉഗാണ്ടയിലെ മകെരെരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസർച്ചിന്റെ ഡയറക്ടറും, ഉഗാണ്ടയിലെ കമ്പാല ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയുടെ ചാൻസലറുമാണ് പിതാവ് മഹ്മൂദ്. അഞ്ച് വയസ്സുള്ളപ്പോൾ മംദാനി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് താമസം മാറി. പിതാവ് കേപ് ടൗണിലെ സർവകലാശാലയിൽ ജോലി ചെയ്തിരുന്നപ്പോൾ അദ്ദേഹം സെന്റ് ജോർജ്ജ് ഗ്രാമർ സ്കൂളിൽ പഠിച്ചു. ഏഴ് വയസ്സുള്ളപ്പോൾ കുടുംബം ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി. ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസിൽ നിന്നും തുടർപഠനം പൂർത്തിയാക്കി.പിന്നീട് 2014 ൽ മെയ്‌നിൽ നിന്ന് ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടി.
പ്രിവൻഷൻ കൗൺസിലറായും ക്രിക്കറ്റ് കളിക്കാരനായും ന്യൂയോർക്ക് സബ്‌വേ സ്റ്റേഷനുകളിൽ റാപ്പറായും പ്രവർത്തിച്ച ശേഷമാണ് മംദാനിയുടെ രാഷ്ട്രീയ രംഗപ്രവേശം.വിദ്യാർത്ഥി സംഘടനാ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടാണ് തുടക്കം.ന്യൂയോർക്ക് സിറ്റി അസംബ്ലിക്കകത്തും പുറത്തും തൊഴിലാളിവർഗത്തിനുവേണ്ടി പോരാടി ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം ജനമനസ്സുകളിൽ ഇടംനേടി. 450 മില്യൺ ഡോളറിന്റെ കടാശ്വാസം ലഭിക്കുന്നതിന് ടാക്സി ഡ്രൈവർമാരോടൊപ്പം നിരാഹാര സമരം നടത്തിയതിലൂടെയും സബ്‌വേ സർവീസ് വർദ്ധിപ്പിക്കുന്നതിനും സൗജന്യ ബസ് പൈലറ്റിനും വേണ്ടി സംസ്ഥാന ബജറ്റിൽ 100 മില്യൺ ഡോളറിലധികം നേടിക്കൊണ്ടും സാധാരണക്കാരുടെ ആവശ്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന നേതാവെന്ന പേര് ഇതിനോടകം ഈ 34 കാരൻ നേടിയിട്ടുണ്ട്.
നിലവിൽ ക്വീൻസിലെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയുടെ 36-ാമത് ഡിസ്ട്രിക്റ്റിന്റെ പ്രതിനിധിയാണ്.
അധ്വാനിക്കുന്ന ജനവിഭാഗത്തെ തകർക്കുന്ന ജീവിതച്ചെലവ് നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വാടക കുറയ്ക്കാനും ലോകോത്തര നിലവാരത്തോടെ പൊതുഗതാഗതം മെച്ചപ്പെടുത്താനും സാധ്യമായതെല്ലാം താൻ വിജയിച്ചാൽ ചെയ്യും.
റെന്റ് കൺട്രോൾഡ് അപ്പാർട്മെന്റുകൾക്ക് 9% വർദ്ധിപ്പിച്ചത് ജനങ്ങളെ അക്ഷരാർത്ഥത്തിൽ വലച്ചു. താൻ മേയർ ആയാൽ, ഈ നിരക്ക് ഉടൻ മരവിപ്പിക്കുകയും, ന്യൂയോർക്കുകാർക്ക് ആവശ്യമായ ഭവനങ്ങൾ നിർമ്മിക്കുന്നതിനും വാടക കുറയ്ക്കുന്നതിനും ലഭ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മംദാനി വ്യക്തമാക്കി.
തൊഴിലാളി കുടുംബങ്ങൾ ന്യൂയോർക്ക് സിറ്റി വിട്ടുപോകുന്നതിന്റെ പ്രധാന കാരണം ഭവന പ്രതിസന്ധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് മാറണം
പൊതുഗതാഗതം വിശ്വസനീയവും സുരക്ഷിതവും എല്ലാവർക്കും താങ്ങാവുന്നതും ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻഗണനാ പാതകൾ വേഗത്തിൽ നിർമ്മിക്കുകയും ബസ് ക്യൂ ജമ്പ് സിഗ്നലുകൾ വികസിപ്പിക്കുകയും പ്രത്യേക ലോഡിംഗ് സോണുകൾ നൽകുകയും ചെയ്തുകൊണ്ട് യാത്ര വേഗത്തിലാക്കുമെന്നും മംദാനി പറഞ്ഞു . വേഗതയേറിയതും സൗജന്യവുമായ ബസുകൾ സാധാരണക്കാർ ഏറെക്കാലമായി ആഗ്രഹിക്കുന്ന ഒന്നാണ്.
ന്യൂയോർക്കിലെ 6 ആഴ്ച മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ ശിശു സംരക്ഷണം നടപ്പിലാക്കുമെന്ന് സൊഹ്‌റാൻ വാഗ്ദാനം ചെയ്തിരിക്കുന്നത് ഏവർക്കും വലിയ ആശ്വാസമാണ്. ചൈൽഡ്കെയർ തൊഴിലാളികൾക്ക് വേതനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കുറഞ്ഞ വരുമാനമുള്ള തൊഴിലുടമകൾക്ക് ഫലപ്രദമായി സബ്‌സിഡി നൽകണമെന്നും മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ, 2030 ആകുമ്പോൾ ന്യൂയോർക്ക് സിറ്റിയിലെ കുറഞ്ഞ കൂലി $30 ആയി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞുങ്ങൾ പിറക്കുമ്പോൾ ഡയപ്പറുകൾ, ബേബി വൈപ്പുകൾ, നഴ്സിംഗ് പാഡുകൾ, പ്രസവാനന്തര പാഡുകൾ, സ്വാഡിൽസ്, പുസ്തകങ്ങൾ എന്നിവയുൾപ്പെടെ അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റ് സൗജന്യമായി നൽകും. നവജാതശിശു ഭവന സന്ദർശന പരിപാടി വഴി മുലയൂട്ടൽ, പ്രസവാനന്തര വിഷാദം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കും. പ്രസവാനന്തര മാതൃമരണത്തെ ചെറുക്കുന്നതിനും സർക്കാരിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
2025-ൽ, ട്രംപ് ഭരണകൂടത്തിന്റെയും മേയർ എറിക് ആഡംസിന്റെയും കുടിയേറ്റ നയത്തിനും ട്രാൻസ്‌ജെൻഡർ അമേരിക്കക്കാർക്കെതിരായ ഫെഡറൽ നയത്തിനും എതിരെ പ്രതിഷേധിച്ച് യൂണിയൻ സ്ക്വയറിൽ നടന്ന റാലിയിൽ പ്രത്യക്ഷപ്പെട്ട ഒരേയൊരു മേയർ സ്ഥാനാർത്ഥി മംദാനി ആയിരുന്നു. കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കൂടുതൽ പൊലീസുകാരും ജയിലുകളുമല്ല വേണ്ടത്, മാന്യമായ ജോലിയും സാമ്പത്തിക സ്ഥിരതയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയുമാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.