Image

പരോൾ പ്രോഗ്രാമിൽ വന്നവരെ നാടുകടത്തുന്നത് ഇന്ത്യൻ അമേരിക്കൻ ജഡ്‌ജ്‌ തടഞ്ഞു (പിപിഎം)

Published on 12 April, 2025
പരോൾ പ്രോഗ്രാമിൽ വന്നവരെ നാടുകടത്തുന്നത്   ഇന്ത്യൻ അമേരിക്കൻ ജഡ്‌ജ്‌ തടഞ്ഞു (പിപിഎം)

പതിനായിരക്കണക്കിനു കുടിയേറ്റക്കാർക്ക് ബൈഡൻ ഭരണകാലത്തു ലഭ്യമായ നിയമസാധുത റദ്ദാക്കാൻ ട്രംപ് ഭരണകൂടം നടത്തുന്ന നീക്കം തടയുമെന്നു ഇന്ത്യൻ അമേരിക്കൻ ഫെഡറൽ ജഡ്‌ജ്‌ ഇന്ദിര തൽവാനി പ്രഖ്യാപിച്ചു. ക്യൂബ, ഹെയ്ത്തി, നിക്കരാഗ്വ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

പരോൾ എന്ന പേരിൽ അവർക്കു രണ്ടു വർഷത്തേക്കു നൽകിയ ആനുകൂല്യം നിർത്തലാക്കുമെന്നു ഹോംലാൻഡ് സെക്യൂരിറ്റി പ്രഖ്യാപിച്ചിരുന്നു. പരോളിൽ അകത്തുകടന്നു ജോലി ചെയ്തു ജീവിക്കുന്ന അവർക്കു രണ്ടു വര്ഷം കൊണ്ട് സ്ഥിരതാമസക്കാർ ആവാൻ കഴിയും എന്നാണ് ബൈഡൻ ലക്ഷ്യമിട്ടത്.

നിയമം തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ്  ഹോംലാൻഡ് സെക്യൂരിറ്റിയുടെ നീക്കമെന്നു ജഡ്‌ജ്‌ തൽവാനി പറഞ്ഞു.  

ഡി എച് എസ് ഉപയോഗിക്കുന്ന നിയമം അനധികൃതമായി കടന്നു വന്നവരെ നേരിടാനുള്ളതാണ്. എന്നാൽ നിയമാനുസൃതം വന്നവരെയാണ് അതുപയോഗിച്ചു വേഗത്തിൽ പുറത്താക്കാൻ ശ്രമിക്കുന്നത്. 'പരോൾ' നിയമാധിഷ്‌ഠിത അനുമതിയാണ്. "നിയമം അനുസരിച്ചു വന്നവരെയാണ് നിങ്ങൾ പുറത്താക്കാൻ ശ്രമിക്കുന്നത്."

പരോൾ വഴി വന്ന പതിനായിരങ്ങൾക്കു 30 ദിവസം കൊണ്ടു നാട് വിടേണ്ടി വരുന്ന രീതിയിലാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം മാർച്ചിൽ ആരംഭിച്ചത്. ഏപ്രിൽ 24 ആവുമ്പോൾ അവർക്കു നിയമ സാധുത ഉണ്ടാവില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം പറഞ്ഞു.  

ബുധനാഴ്ച്ച  പരോളിൽ വന്നവരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ റദ്ദാക്കാനും തുടങ്ങി.  

ഒബാമ ഭരണകാലത്തു നിയമിക്കപ്പെട്ട തൽവാനിയെ 'ഒബാമ ജഡ്‌ജ്‌' എന്നാക്ഷേപിക്കയാണ് മാഗാ വിഭാഗം ചെയ്തിട്ടുള്ളത്.

Indian American judge says 'parole' migrants can stay 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക